Friday, April 28, 2023

ചെറിയ തുക അടച്ചാൽ വലിയ സമ്മാനം ലഭിക്കുന്ന സമ്മാനക്കുറി അനുവദനീയമാണോ?

 ചോദ്യം : എന്റെ പേര്..... നിലമ്പുർ ആണ് സ്ഥലം. ഞങ്ങളുടെ നാട്ടിൽ സാധാരണ ആളുകൾ നടത്തുന്ന ഒരു സംരംഭം ആണ് സമ്മാനകുറി.  ഒരു തുക അടച്ച് കുറിയിൽ ചേരും 1,2,3 സ്ഥാനക്കാർക്ക് Gold, furniture മുതലായവ കൊടുക്കും. ബാക്കിവരുന്ന എല്ലാ ആളുകൾക്കും ചെറിയ എന്തെങ്കിലും സമ്മാനം കൊടുക്കും. ഇങ്ങനെ കുറി നടത്താൻ പറ്റുമോ?  ഇസ്ലാമിക വിധി ഒന്ന് പറഞ്ഞ് തരാമോ.

www.fiqhussunna.com


ഉത്തരം :

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛ 

ഇത് അനുവദനീയമല്ല. നിശ്ചിത സമ്മാനത്തെ മുൻനിർത്തി ആളുകളിൽ നിന്ന് പണം പിരിക്കുകയും അതിൽ നറുക്ക് കിട്ടുന്നവർക്ക് ആ സമ്മാനം നൽകുകയും ബാക്കി തുക, സംഘാടകർ എടുക്കുകയോ മറ്റു കാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യുന്ന രീതി ഇന്ന് വർധിച്ചു വരികയാണ്. പലപ്പോഴും ഫണ്ട് സ്വരൂപിക്കാനുള്ള ഒരു മാർഗമായും ആളുകൾ ഇതിനെ കണ്ടുവരുന്നു. പക്ഷെ ഇത് വ്യക്തമായ ചൂതാട്ടമാണ്. 100 രൂപക്ക് ബെഡ്റൂം, 100 രൂപക്ക് പോത്ത്, 1000 രൂപക്ക് കാറ് തുടങ്ങിയ ആകർഷണീയമായ കാപ്‌ഷൻ ഇവർ നൽകാറുണ്ട്. 

ചെറിയ തുക മുടക്കിയാലും വലിയ സമ്മാനം ലഭിക്കും എന്ന പ്രലോഭനത്തെ മുൻ നിർത്തിയാണ് ഇവിടെ ആളുകൾ പണം മുടക്കുന്നത്. ഇത് വ്യക്തമായ ചൂതാട്ടത്തിൽ പെടുന്നു. കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പില്ലാത്ത ഒരു കാര്യത്തെ മുൻനിർത്തി പണം മുടക്കുന്നതിനോ പണം മുടക്കാൻ പ്രേരിപ്പിക്കുന്നതിനോ ചൂതാട്ടം എന്നാണ് പറയുക. ചൂതാട്ടമാകട്ടെ പൈശാചികവും നിഷിദ്ധവുമാണ്.

അല്ലാഹു തആല പറയുന്നു: 

يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ

"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച്‌ നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക്‌ വിജയം പ്രാപിക്കാം". - [മാഇദ: 90].

അതുകൊണ്ട് ഇത്തരം കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ...

✍🏽 അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്