Sunday, November 22, 2020

മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?.

 


ചോദ്യം : മഗ്‌രിബ് നമസ്കാരത്തിന് മുൻപ് സുന്നത്ത് നമസ്കാരം ഉണ്ടോ ?. 

www.fiqhussunna.com 

ഉത്തരം: 

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛

റവാത്തിബ് സുന്നത്തുകളിൽ പെട്ടതല്ലെങ്കിലും മഗ്‌രിബ് ബാങ്ക് വിളിച്ച ശേഷം മഗ്‌രിബ് നമസ്‌കാരം നിർവഹിക്കുന്നതിന് തൊട്ട് മുൻപായി രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കാരം നിർവഹിക്കുക എന്നത് ഹദീസുകളിൽ വളരെ പ്രബലമായി സ്ഥിരപ്പെട്ട ഒരു സുന്നത്താണ്. 

عن عبدِ اللهِ بنِ مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال: ((صَلُّوا قبلَ صَلاةِ المغربِ، قال في الثالثة: لِمَن شاء؛ كراهية أن يتَّخذها الناسُ سُنَّةً))

 അബ്ദുല്ലാഹ് ബ്ൻ മുഗഫൽ () നിവേദനം: നബി () ഇപ്രകാരം പറഞ്ഞു: "നിങ്ങൾ മഗ്‌രിബ് നമസ്‌കാരത്തിന് മുൻപ് (സുന്നത്ത്) നമസ്കരിക്കുക". അങ്ങനെ അദ്ദേഹം അത് ആവർത്തിച്ച് പറഞ്ഞ ശേഷം മൂന്നാമത്തെ പ്രാവശ്യം ഇപ്രകാരം കൂട്ടിച്ചേർത്തു: "ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ". ആളുകൾ അതൊരു നിർബന്ധബുദ്ധിയാ ചെയ്യേണ്ട കാര്യമായി കണക്കാക്കരുതേ എന്ന് കരുതിയാണ് അദ്ദേഹം അപ്രകാരം പറഞ്ഞത്.  - [സ്വഹീഹുൽ ബുഖാരി: 1183].

 ഈ ഹദീസിൽ നിന്നും മഗ്‌രിബ് നമസ്‌കാരത്തിന് മുൻപ് രണ്ട് റക്അത്ത് സുന്നത്ത്  നമസ്കരിക്കുക എന്നത് അങ്ങേയറ്റം   പ്രാധാന്യമുള്ള കാര്യമാണ് എന്ന് മനസ്സിലാക്കാം. അതുകൊണ്ടാണല്ലോ അല്ലാഹുവിൻ്റെ റസൂൽ (സ) അത് ആവർത്തിച്ചത്. എന്നാൽ ആളുകൾ അതൊരു നിർബന്ധമായ കാര്യമായി കാണാതിരിക്കാൻ മൂന്നാമത്തെ തവണ ഉദ്ദേശിക്കുന്നവർ ചെയ്തുകൊള്ളട്ടെ എന്ന് പറഞ്ഞുവെന്നു മാത്രം. ഈ കാര്യം ഇമാം ഇബ്നു ഹജർ (റ) ഈ ഹദീസിൻ്റെ വിശദീകരണത്തിൽ പ്രതിപാദിച്ചിട്ടുമുണ്ട്. (ഫത്ഹുൽ ബാരി 3/60  നോക്കുക). 

മാത്രമല്ല മഗ്‌രിബ് ബാങ്ക് വിളിച്ചാൽ പള്ളിയിലുള്ള സ്വഹാബാക്കൾ നബി (സ) നമസ്‌കാരത്തിനായി എത്തുന്നതിന് മുൻപ് പള്ളികളിലെ തൂണുകൾക്ക് പിന്നിലേക്ക് മാറിനിന്ന് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കാൻ തിടുക്കം കൂട്ടാറുണ്ടായിരുന്നു എന്ന് ഹദീസുകളിൽ കാണാം: 

عن أنسٍ رَضِيَ اللهُ عَنْه، قال: ((كان المؤذِّنُ إذا أذَّنَ قام ناسٌ من أصحابِ النبيِّ صلَّى اللهُ عليه وسلَّم يَبتدرونَ السَّواري حتى يخرُجَ النبيُّ صلَّى اللهُ عليه وسلَّم وهم كذلك، يُصلُّونَ ركعتينِ قبلَ المغربِ، لم يكُن بين الأذانِ والإقامةِ شيءٌ))

അനസ് ബ്ൻ മാലിക് (റ) പറയുന്നു: "മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ നബി (സ) യുടെ സ്വഹാബാക്കൾ പള്ളികളിലെ തൂണുകൾക്കരികിലേക്ക് നബി (സ) വരുന്നതിന് മുൻപായി ധൃതിപ്പെട്ട് പോകുമായിരുന്നു. അങ്ങനെ അവർ മഗ്‌രിബിന്‌ മുൻപായി രണ്ട് റക്അത്ത് നമസ്‌കരിക്കും. ബാങ്കിനും ഇഖാമത്തിനും ഇടയിൽ അധികം സമയമുണ്ടായിരുന്നില്ല" - [സ്വഹീഹുൽ ബുഖാരി: 625]. 

ഇവിടെ തൂണുകൾക്കരികിലേക്ക് പോകും എന്ന് പറഞ്ഞത്, നമസ്കരിക്കുമ്പോൾ തൂണിനെ മുന്നിൽ മറയാക്കി നമസ്കരിക്കാൻ വേണ്ടിയാണ്. ഇന്നത്തെ കാലത്ത് പള്ളിയിൽ മുന്നിലൂടെ ആളുകൾ നടക്കാൻ ഇടയുള്ള സ്ഥലത്ത് നിന്ന് മുന്നിൽ മറയില്ലാതെ നമസ്കരിക്കുന്നവർക്ക് സ്വഹാബാക്കളുടെ ഈ പ്രവർത്തിയിൽ വലിയ പാഠമുണ്ട്.

ഏതായാലും ഈ ഹദീസിൽ നിന്നും മഗ്‌രിബിന്‌ മുൻപ് രണ്ട് റക്അത്ത് നമസ്‌കരിക്കാൻ സ്വഹാബാക്കൾ ഉത്സാഹം കാണിച്ചിരുന്നതായി മനസ്സിലാക്കാം. എത്രത്തോളമെന്നാൽ ഒരുപാട് പേർ സുന്നത്ത് നമസ്കരിക്കുന്നത് കണ്ട് ആ സമയത്ത് പള്ളിയിലേക്ക് കടന്നുവരുന്ന അപരിചിതർ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞുപോയോ എന്ന് പോലും ചിന്തിക്കാറുണ്ടായിരുന്നു എന്ന് ഹദീസിൽ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. അനസ് (റ)വിൽ നിന്നും നാം മുകളിൽ ഉദ്ദരിച്ച ഹദീസിൻ്റെ ഇമാം മുസ്‌ലിം ഉദ്ദരിച്ച റിപ്പോർട്ടിൽ ഇപ്രകാരം കാണാം: 

عن أنسِ بنِ مالكٍ رَضِيَ اللهُ عَنْه، قال: ((كنَّا بالمدينة، فإذا أذَّنَ المؤذِّنُ لصلاةِ المغربِ ابتدروا السواري فيَركعون ركعتينِ ركعتينِ، حتى إنَّ الرجُلَ الغريبَ ليدخُلُ المسجدَ فيَحسَبُ أنَّ الصلاةَ قد صُلِّيتْ؛ من كثرةِ مَن يُصلِّيهما))

അനസ് ബ്ൻ മാലിക് (റ) പറയുന്നു:  "ഞങ്ങൾ മദീനയിൽ, മഗ്‌രിബ് നമസ്കാരത്തിനായി മുഅദ്ദിൻ ബാങ്ക് വിളിച്ച് കഴിഞ്ഞാൽ പെട്ടെന്ന് തൂണുകൾക്കരികിലേക്ക് പോയി രണ്ട് റക്അത്ത് നമസ്‌കരിക്കുമായിരുന്നു. എത്രത്തോളമെന്നാൽ അപരിചിതനായ ഒരാൾ ആ സമയത്ത് പള്ളിയിലേക്ക് പ്രവേശിച്ചാൽ ജമാഅത്ത് നമസ്‌കാരം കഴിഞ്ഞോ എന്ന് പോലും കരുതിപ്പോകുമായിരുന്നു. ആ രണ്ട് റക്അത്ത് സുന്നത്ത് നമസ്കരിക്കുന്നവരുടെ ആധിക്യം കാരണത്താൽ" - [സ്വഹീഹ് മുസ്‌ലിം: 837]. 

മാത്രമല്ല എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് രണ്ട് റകഅത്ത് നമസ്‌കാരം നിർവഹിക്കുകയെന്നുള്ളത് പൊതുവേ സുന്നത്തായ കാര്യമാണ്: 

عن عبدِ اللهِ بنِ مُغفَّلٍ رَضِيَ اللهُ عَنْه، أنَّ النبيَّ صلَّى اللهُ عليه وسلَّم قال: ((بين كلِّ أذانينِ صلاةٌ)).

അബ്ദുല്ലാഹ് ബ്ൻ മുഗഫ്ഫ്ൽ (റ) നിവേദനം: നബി (സ) പറഞ്ഞു: "ഓരോ ബാങ്കിനും ഇഖാമത്തിനും ഇടയിൽ ഒരു നമസ്‌കാരമുണ്ട്" - [സ്വഹീഹുൽ ബുഖാരി: 627 , സ്വഹീഹ് മുസ്‌ലിം: 837]. 

അതുകൊണ്ടു മഗ്‌രിബ് നമസ്കാരത്തിന് ബാങ്ക് വിളിച്ചാൽ ഇഖാമത്തിന് മുൻപ് രണ്ട് റകഅത്ത് സുന്നത്ത് നമസ്‌കരിക്കുന്നത് പ്രത്യേകം പഠിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നും, പൊതുവേ എല്ലാ ബാങ്കിനും ഇഖാമത്തിനും ഇടക്ക് സുന്നത്ത് നമസ്കാരം നിർവഹിക്കുക എന്നത് സുന്നത്താണ് എന്നും നമുക്ക് മനസ്സിലാക്കാം. 

അല്ലാഹു അനുഗ്രഹിക്കട്ടെ.. 

By. അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ