Sunday, November 3, 2019

നബിദിനവും - നബിയോടുള്ള സ്നേഹവും



الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛

അല്ലാഹുവിൻറെ സൃഷ്ടികളിൽ വെച്ച് ഒരു മുസ്‌ലിം ഏറ്റവും കൂടുതൽ സ്നേഹിക്കുന്നതും ഇഷ്ടപ്പെടുന്നതും റസൂൽ കരീം (സ) യെയാണ്. നബി (സ) യുടെ കല്പനകളും ചര്യകളും ജീവിതത്തിൽ അനുധാവനം ചെയ്തുകൊണ്ടാണ് ഒരാൾ ആ സ്നേഹം പ്രകടിപ്പിക്കുന്നതും പ്രകടിപ്പിക്കേണ്ടതും. പലപ്പോഴും നബി (സ) യോടുള്ള ഇഷ്ടം എങ്ങനെ പ്രകടിപ്പിക്കണമെന്നറിയാതെ അതിന് നബി (സ) യോ സ്വഹാബത്തോ ചെയ്തിട്ടില്ലാത്ത പുതിയ മാർഗങ്ങളും ആഘോഷങ്ങളും ചിലർ കണ്ടെത്താറുണ്ട്. അതിൽപ്പെട്ടതാണ് നബി (സ) യുടെ ജന്മദിനാഘോഷം.

ക്രൈസ്തവരും ബഹുദൈവാരാധകരുമൊക്കെ അവരുടെ ആരാധ്യന്മാരുടെ ജയന്തി അഥവാ ജന്മദിനം കൊണ്ടാടാറുണ്ട്. ഒരുപക്ഷെ അതെല്ലാം കണ്ടുകൊണ്ട്, നമുക്കും എന്തുകൊണ്ട് നമ്മളേറെ സ്നേഹിക്കുന്ന നബി (സ) യുടെ ജന്മദിനവും കൊണ്ടാടിക്കൂടാ എന്ന ചിന്തയാൽ അത് ചെയ്യുന്നവരുമുണ്ട്. 'ദീനിൻ്റെ  വിഷയത്തിൽ അപ്രകാരം ഇതര സമുദായങ്ങളെ പിന്തുടർന്ന്  ആചാരങ്ങൾ കടമെടുക്കാനോ, പുത്തൻകാര്യങ്ങൾ ഉണ്ടാക്കാനോ പാടില്ല, അത് നിഷിദ്ധമാണ്' എന്ന അടിസ്ഥാന തത്വം പോലും പലപ്പോഴും നന്മ ആഗ്രഹിച്ചുകൊണ്ട് ഇതെല്ലാം ചെയ്യുന്ന പല സഹോദരങ്ങൾക്കുമറിയില്ല എന്നതാണ് വസ്തുത. അതല്ലെങ്കിൽ അവർ പണ്ഡിതന്മാരെന്ന് അവർ ധരിക്കുന്ന പലരും ഇതൊക്കെയാണ് നബി (സ) യോടുള്ള യഥാർത്ഥ സ്നേഹമെന്ന് ആ സഹോദരങ്ങളെ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.

യഥാർത്ഥത്തിൽ നബി (സ) യോ, സ്വഹാബത്തോ, താബിഈങ്ങളോ, തബഉ താബിഈങ്ങളോ, ഇമാം അബൂ ഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഇ (റ), ഇമാം അഹ്മദ് (റ) തുടങ്ങിയ ഇമാമീങ്ങളോ ആരും തന്നെ നബിദിനം ആഘോഷിച്ചിട്ടില്ല എന്നത് തർക്കമില്ലാത്ത കാര്യമാണ്. മാത്രമല്ല നബി (സ) യുടെ കല്പനയില്ലാത്ത ഒരു കാര്യം മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കുന്നത് അങ്ങേയറ്റം കുറ്റകരവും, അല്ലാഹുവിന്റെ പക്കൽ വലിയ ശിക്ഷക്ക് അർഹമാക്കിയേക്കാവുന്ന കാര്യവുമാണ് എന്ന് ഹദീസുകളിൽ വ്യക്തമായി വന്നിട്ടുമുണ്ട്.

പലപ്പോഴും പല സാധാരണക്കാരും ചിന്തിക്കാറുള്ളത്, അതെങ്ങനെയാണ് നബി (സ) യെ സ്നേഹിക്കുന്നതിന് ശിക്ഷ ലഭിക്കുക ?. ഞങ്ങൾ നബിദിനം ആഘോഷിക്കുന്നത് സ്നേഹത്താലല്ലേ ? എന്നതാണ്.

വളരെ പ്രസക്തമായ ചോദ്യമാണത്. ഇവിടെയാണ് നാം നബി (സ) യഥാർത്ഥ സ്നേഹം എപ്രകാരമായിരിക്കണം എന്നത് മനസ്സിലാക്കേണ്ടത്.

ഇമാം ശാഫിഇ (റ) തൻ്റെ കവിതാ ശകലത്തിൽ ഇപ്രകാരം പറയുന്നത് കാണാം: 

إن المحب لمن يحب مطيع

"തീർച്ചയായും യഥാർത്ഥത്തിൽ സ്നേഹമുള്ളവൻ താൻ ആരെയാണോ സ്നേഹിക്കുന്നത് അവരോട് അനുസരണയുള്ളവനായിരിക്കും". 

നബി (സ) യെ സ്നേഹിക്കുന്ന പക്ഷം അദ്ദേഹം പഠിപ്പിച്ച ദീനിൽ ഏറ്റക്കുറച്ചിലുകളില്ലാതെ, പുത്തനാചാരങ്ങളോ അനുഷ്ഠാനങ്ങളോ ഉണ്ടാക്കാതെ സുന്നത്ത് മുറുകെപ്പിടിച്ച് ജീവിക്കുക എന്നതാണ് ആ സ്നേഹം.

"നിങ്ങളിൽ രണ്ട് കാര്യങ്ങൾ ഞാൻ വിട്ടേച്ചു പോകുന്നു. അവ മുറുകെപ്പിടിക്കുന്ന പക്ഷം നിങ്ങൾ വ്യതിചലിക്കുകയില്ല. ഒന്ന് അല്ലാഹുവിന്റെ കിതാബും എൻ്റെ സുന്നത്തും" എന്ന് പഠിപ്പിച്ച നമ്മുടെ കരളിന്റെ കഷ്ണമായ നബീ കരീം (സ) യെ സ്നേഹിക്കുന്നവർ അദ്ദേഹത്തെ ജീവിതത്തിൽ പിൻപറ്റണം. ജന്മദിനാഘോഷം അല്ലാഹുവിന്റെ റസൂലോ റസൂലിൽ നിന്ന് ദീൻ മനസ്സിലാക്കിയ സ്വഹാബത്തോ ആരും തന്നെ ചെയ്തിട്ടില്ല. മതത്തിൽ ആചാരാനുഷ്ഠാനങ്ങൾ കെട്ടിയുണ്ടാക്കൽ വലിയ പാപമാണ് അതുകൊണ്ടാണ് നബി (സ) പഠിപ്പിക്കാത്ത നബിദിനാഘോഷം നിർവഹിക്കുന്നത് പാപമായിത്തത്തീരുന്നത്. അത് മറ്റ് സമുദായങ്ങളെ അവരുടെ ആചാരാനുഷ്ഠാനങ്ങൾ കടമെടുത്ത് പിന്തുടരൽ കൂടിയാകുമ്പോൾ അതിൻ്റെ പാപ ഗൗരവം വർദ്ധിക്കുന്നു. അതുകൊണ്ടുതന്നെ നബി (സ) യെ സ്നേഹിക്കുക എന്നത് പുണ്യമുള്ള നിർബന്ധമായ കാര്യമാണ്. പക്ഷെ അതിനായി മതത്തിൽ ഇല്ലാത്ത ആചാരങ്ങൾ കടത്തിക്കൂട്ടുന്നത് കുറ്റകരമാണ്.

ഏതുപോലെയെന്നാൽ നമസ്കാരം പുണ്യമാണ് നിർബന്ധവുമാണ്. പക്ഷെ ഒരാൾ നമസ്കാരത്തോടുള്ള ഇഷ്ടം കൊണ്ട് നാല് റകഅത്തുള്ള ളുഹ്ർ നമസ്കാരം അഞ്ചു റകഅത്ത് നമസ്കരിച്ചാൽ , നല്ല ഉദ്ദേശമാണ് അതുകൊണ്ട് അല്ലാഹു  സ്വീകരിക്കും എന്ന് പറയാൻ സാധിക്കുമോ ?!. ഇല്ല. 



അതുകൊണ്ട് അല്ലാഹുവിനെ സ്നേഹിക്കുന്ന അവന്റെ റസൂലിനെ സ്നേഹിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് നബി ചര്യയാണ് രക്ഷയുടെ മാര്‍ഗം, അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം എന്നതാണ്. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ അത് പിന്തുടരുകയാണ് ചെയ്യേണ്ടത്. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

ഇനി നബിദിനം ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് ഇമാമീങ്ങൾ പറഞ്ഞ വളരെ പ്രസക്തമായ ചില ഉദ്ധരണികൾ നോക്കൂ: 


ഇമാം താജുദ്ദീന്‍ അല്‍ ഫാകിഹാനി (റ) (വഫാത്ത്: ഹിജ്റ 734) പറയുന്നു:

الإمام الفكهاني ـ رحمه الله ـ قال :"لا أعلم لهذا المولد أصلاً في كتاب ولا سنة، ولا ينقل عمله عن أحد من علماء الأمة، الذين هم القدوة في الدين، المتمسكون بآثار المتقدمين، بل هو بِدعة أحدثها البطالون، وشهوة نفسٍ اعتنى بها الأكّالون،"

 ഇമാം ഫാകിഹാനി (റ) പറയുന്നു: "അല്ലാഹുവിന്‍റെ കിതാബിലോ റസൂല്‍ (സ) യുടെ സുന്നത്തിലോ ഈ മൗലിദാഘോഷത്തിന് യാതൊരു അടിസ്ഥാനവും ഞാന്‍ കണ്ടിട്ടില്ല. നമുക്ക് മാതൃകയായവരും, മുന്‍ഗാമികളുടെ പാത പിന്തുടരുന്നവരുമായ ഈ ഉമ്മത്തിന്‍റെ ഇമാമീങ്ങൾ ആരെങ്കിലും അത് ആഘോഷിച്ചിരുന്നതായി സ്ഥിരപ്പെട്ട് വന്നിട്ടുമില്ല. തീര്‍ത്തും ബാത്വിലിന്‍റെ ആളുകളും, തന്നിഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവരുമായ ചിലരുണ്ടാക്കിയ  ഒരു ബിദ്അത്താണത്. അത് ഏറ്റെടുത്തതാകട്ടെ തീറ്റക്കൊതിയന്മാരായ ചില ആളുകളും" - [ السنن والمبتدعات : പേജ് : 149 ]. 

ഇമാം ഇബ്നുല്‍ ഹാജ് (റ) (വഫാത്ത് ഹിജ്റ: 737) പറയുന്നു:


قال الإمام ابن الحاج رحمه الله : (فصل في المولد: ومن جملة ما أحدثوه من البدع، مع اعتقادهم أن ذلك من أكبر العبادات وأظهر الشعائر ما يفعلونه في شهر ربيع الأول من المولد وقد احتوى على بدع ومحرمات جملة)

 ഇമാം ഇബ്നുല്‍ ഹാജ് (റ) പറയുന്നു: " മൗലിദ് എന്നത് : അവര്‍ പുതുതായുണ്ടാക്കിയ ബിദ്അത്തുകളില്‍ ഒന്നാണ്. റബീഉല്‍ അവ്വല്‍ മാസത്തില്‍ അവരാഘോഷിക്കുന്ന മൗലിദ് ഏറ്റവും വലിയ ഇബാദത്താണെന്നും ഇസ്‌ലാമിന്‍റെ ഏറ്റവും വലിയ ശിആറാണെന്നും അവര്‍ കരുതുന്നുവെങ്കിലും അത് മൊത്തത്തില്‍ ബിദ്അത്തുകളും ഹറാമുകളും അടങ്ങുന്ന പ്രവര്‍ത്തനമാണ്"  -  [ المدخل : 2/10].

ഇമാം ശാത്വിബി അല്‍ മാലിക്കി (റ) (വഫാത്ത് ഹിജ്റ 790) പറയുന്നു:

قال الإمام الشاطبي : فمعلوم أن إقامة المولد على الوصف المعهود بين الناس بدعة محدثة وكل بدعة ضلالة, فالإنفاق على إقامة البدعة لا يجوز والوصية به غير نافذة بل يجب على القاضي فسخه

 ഇമാം ശാത്വിബി (റ) പറയുന്നു: "ഇന്ന്‍ ആളുകള്‍ ആചരിക്കുന്നത് പോലെയുള്ള മൗലിദ് ആഘോഷം അത് പുത്തനാചാരമായ ബിദ്അത്താണ്. എല്ലാ ബിദ്അത്തുകളും വഴികേടാകുന്നു. അതുകൊണ്ടുതന്നെ ഒരു ബിദ്അത്ത് നടപ്പിലാക്കാന്‍ വേണ്ടി ധനം നല്‍കി സഹായിക്കാന്‍ പാടില്ല. ഇനി അപ്രകാരം ഒരാള്‍ തന്‍റെ മരണാനന്തരമുള്ള വസ്വിയത്തില്‍ എഴുതി വച്ചാല്‍ പോലും ആ വസ്വിയത്ത് നടപ്പാക്കപ്പെടുകയില്ല. മറിച്ച് അത്തരം വസ്വിയാത്തുകള്‍ ഖാളി അസാധുവാക്കണം".  - [ ഫതാവശാത്വിബി : 203, 204].

അല്‍ ഇമാം അല്‍ ഹാഫിള് അബൂ സുര്‍അ അല്‍ ഇറാഖി (റ) (വഫാത്ത് : ഹിജ്റ 836) പറയുന്നു:

(لا نعلم ذلك -أي عمل المولد- ولو بإطعام الطعام عن السلف)

 "അപ്രകാരം ചെയ്യല്‍ - അഥവാ മൗലിദ് ആഘോഷിക്കല്‍ - ഏറ്റവും ചുരുങ്ങിയ പക്ഷം ഭക്ഷണം വിതരണം ചെയ്തെങ്കിലും ആച്ചരിക്കല്‍ മുന്‍ഗാമികള്‍ ആരെങ്കിലും ചെയ്തതായി നമുക്കറിയില്ല" - [തശ്നീഫുല്‍ അദാ'ന്‍ : പേജ് : 136]. 


നബി (സ) സ്നേഹമില്ലാത്തതിനാലല്ല, നബി (സ) യോടുള്ള അങ്ങേയറ്റത്തെ സ്നേഹവും, നബി (സ) യുടെ സുന്നത്ത് പിന്തുടരലാണ് ദീൻ എന്ന് മനസ്സിലാക്കുന്നതുകൊണ്ടുമാണ് നബിദിനം ആഘോഷിക്കാത്തതും, നബിദിനാഘോഷത്തെ എതിർക്കുന്നതും.

നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകൾ നോക്കൂ:


بسم الله الرحمن الرحيم 

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 


سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب. 
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."



 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
  

"ആദ്യ മൂന്ന് നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന് നൂറ്റാണ്ടുകാലത്ത് ജീവിച്ചവരൊക്കെ, തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയവരാണ് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.
-----------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ. മതത്തിന്റെ പേരിൽ കെട്ടിയുണ്ടാക്കപ്പെടുന്ന പുത്തൻ ആചാരങ്ങളിൽ നിന്നും അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ ...