Friday, March 31, 2017

ഇസ്ലാമിക് ബേങ്കുകളില്‍ ലോണ്‍ ഉണ്ടോ ?. അതനുവദനീയമാണോ ?.

ചോദ്യം: അസ്സലാമു അലൈകും വ റഹ്മത്തുല്ല ... സഹോദരാ , അറബ് നാടുകളിൽ നിലവിലുള്ള ഇസ്ലാമിക ബാങ്കുകളെ കുറിച്ചുള്ള ഇസ്ലാമിക വീക്ഷണം എന്താണ്?.
അത്തരം ബാങ്കുകളിൽ നിന്ന് ലോൺ എടുക്കുന്നത് അനുവദനീയമാകുമോ?.



www.fiqhussunna.com


ഉത്തരം: വ അലൈകുമുസ്സലാം വ റഹ്മതുല്ലാഹി വ ബറകാത്തുഹ് ...

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

എനിക്കറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ കഴിവിന്‍റെ പരമാവധി സൂക്ഷമത പാലിക്കാന്‍ പ്രയത്നിക്കുന്നവരാണ്. ചില വിഷയങ്ങള്‍ അഭിപ്രായഭിന്നത ഉള്ളതോ സംശയാസ്പദമോ ഉണ്ടാകാം. ഒരുപക്ഷെ അത് നമ്മുടെ ഇടപാടിന്‍റെ രൂപത്തെക്കുറിച്ചുള്ള അറിവില്ലായ്മ കാരണത്താലുമാകാം. തെറ്റുകളും തിരുത്തപ്പെടേണ്ട കാര്യങ്ങളും ഉണ്ടാവുക സ്വാഭാവികമാണ്. ചില ബേങ്കുകള്‍ മറ്റു ചിലതിനേക്കാള്‍ കൂടുതല്‍ സൂക്ഷ്മത പാലിക്കുന്നതും, ചിലത് കൂടുതല്‍ വീഴ്ചകള്‍ വരുത്തുന്നതുമായിരിക്കാം. ചിലത് ഇസ്ലാമിക നിയമങ്ങള്‍ പാലിക്കാതെ കേവലം പേരിന് മാത്രം 'ഇസ്ലാമിക് ബേങ്ക്' പറയുന്നവയും ഉണ്ടായിരിക്കാം. അപ്രകാരം വ്യക്തികളിലും ഉണ്ടാവുമല്ലോ. പക്ഷെ എല്ലാ ഇസ്ലാമിക് ബേങ്കുകളെയും അടച്ചാക്ഷേപിച്ച് കണ്‍വെന്‍ഷനല്‍ ബേങ്കുകളും ഇസ്ലാമിക് ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല, അല്ലെങ്കില്‍ എല്ലാ ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും പേരില്‍ മാത്രമേ വ്യത്യാസമുള്ളൂ എന്നെല്ലാം  കുറ്റപ്പെടുത്തുന്നതും ദൗര്‍ഭാഗ്യകരവും അങ്ങേയറ്റം അക്കാര്യത്തില്‍ അജ്ഞതയുള്ളതുകൊണ്ടുമാണ്. അതിലുപരി ഇസ്ലാമികമായ ബദല്‍ സംവിധാനങ്ങളെ സാമ്പത്തിക രംഗത്ത് പരിപോഷിക്കാന്‍ വേണ്ടി പ്രയത്നിക്കുന്നവരെ അടച്ചാക്ഷേപിക്കലുമാണത്. കൂടുതല്‍ ഉഴിതമായ പരിഹാരങ്ങള്‍ കാണാനും വീഴ്ചകള്‍ പരിഹരിക്കാനും പണ്ഡിതന്മാരും ഇസ്ലാമിക സാമ്പത്തിക രംഗത്തെ വിദഗ്ദരും നടത്തുന്ന പരിശ്രമങ്ങള്‍ ശ്ലാഘനീയമാണ്. അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ചോദ്യകര്‍ത്താവിനെ ഉദ്ദേശിച്ചല്ല, മറിച്ച് ഇസ്ലാമിക് ബേങ്കുകളും പലിശ ബേങ്കുകളും തമ്മില്‍ വ്യത്യാസമില്ല എന്ന് നിരുപാധികം വിധി പ്രസ്ഥാവിക്കുന്ന ചിലരുടെ ആധിക്യം കാരണത്താല്‍  സാന്ദര്‍ഭികമായി സൂചിപ്പിച്ചുവെന്നുമാത്രം.

എന്നാല്‍ എല്ലാ ബേങ്കുകളെപ്പറ്റിയും അവ നല്ലത് എന്നോ മോശം എന്നോ ഒരു വിധി പറയുക എന്നത് വ്യക്തിപരമായി സാധ്യമാകുന്ന കാര്യമല്ല. നടത്തപ്പെടുന്ന ഇടപാടുകളുടെ വിവരത്തിനനുസരിച്ച് അവ ശരിയോ തെറ്റോ എന്ന് പറയാന്‍  സാധിക്കുകയെ ഉള്ളൂ.

ഇസ്ലാമിക് ബേങ്കുകളില്‍ ചോദ്യ കര്‍ത്താവ് സൂചിപ്പിച്ചത് പോലെ ലോണ്‍ ഇല്ല. ലോണ്‍ എന്നാ പ്രയോഗം ധാരാളം തെറ്റിദ്ധാരണകള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. ചോദ്യത്തില്‍ പോലും ആ തെറ്റിദ്ധാരണ നിഴലിക്കുന്നത് കാണാം. ലോണല്ല മറിച്ച് ഇസ്ലാമിക് ബേങ്കുകളില്‍ കച്ചവടമാണുള്ളത്. ധനം ആവശ്യമുള്ളവര്‍ക്ക് അത് ലഭിക്കാന്‍ കച്ചവടം മുഖേന പരിഹാരം കാണുകയാണ് ഇസ്ലാമിക് ബേങ്കുകള്‍ ചെയ്യുന്നത്. അത് വഴിയാണ് നിങ്ങള്‍ക്ക് പണം ലഭിക്കുന്നത്. അത് സാധാരണ ബേങ്കുകളിലെ ലോണ്‍ പോലെയല്ല. അഥവാ ബേങ്കിന്‍റെ ഉടമസ്ഥതയിലുള്ള ഒരു വസ്തു അവര്‍ നിങ്ങള്‍ക്ക് ഇന്സ്റ്റാള്‍മെന്‍റ് ആയി (അഥവാ കടമായി) വില്‍ക്കുന്നു. നിങ്ങള്‍ വാങ്ങിയ ആ വസ്തു ശേഷം (ബേങ്ക് അല്ലാത്ത) മറ്റൊരാള്‍ക്ക് റെഡി കാശിന് വില്‍ക്കുന്നു. ആ പണമാണ് നിങ്ങളുടെ അക്കൌണ്ടില്‍ വരുന്നത്. ഈ പറയപ്പെട്ട കച്ചവടം യാഥാര്‍ത്ഥ രൂപത്തില്‍ നടക്കുന്നുവെങ്കില്‍ ഈ ഇടപാടില്‍ തെറ്റില്ല. ഇതിനാണ് 'തവറുഖ്' എന്ന് പറയുന്നത്.  പലപ്പോഴും ബേങ്ക് എംപ്ലോയീസിന്‍റെ അനാസ്ഥയോ അപാകതയോ കാരണത്താലും, ഇടപാടുകാരുടെ അശ്രദ്ധ കാരണത്താലും ഈ ഇടപാടുകളുടെ വിശദാംശങ്ങള്‍ ഇടപാടുകാര്‍ അറിയാറില്ല. പക്ഷെ അവര്‍ ഒപ്പുവെക്കുന്ന പേപ്പറുകളില്‍ സത്യത്തില്‍ ഈ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് അറിഞ്ഞും മനസ്സിലാക്കിയും ചെയ്യുന്ന ഇടപാടുകള്‍ മനസ്സിലാക്കി ചെയ്യുക എന്നതാണ് ശരിയായ രീതി. അല്ലാഹു അനുഗ്രഹിക്കട്ടെ.

ഈ ഇടപാടിന് ശറഇയ്യായി ചില നിബന്ധനകളുണ്ട്:


1-  കേവലം പേരിന് നടക്കുന്ന യഥാര്‍ത്ഥത്തിലില്ലാത്ത കച്ചവടമാകാന്‍ പാടില്ല, മറിച്ച് യഥാര്‍ത്ഥത്തില്‍ കച്ചവടം നടക്കണം.

2- കടമായി നിങ്ങള്‍ക്ക് വസ്തു വിറ്റയാള്‍ക്ക് (അഥവാ ബേങ്കിനു തന്നെ) അതേ വസ്തു റെഡി കാശിന്  തിരികെ വില്‍ക്കരുത്. മറിച്ച് മറ്റൊരാള്‍ക്കേ അത് വില്‍ക്കാവൂ. അല്ലാത്ത പക്ഷം നബി (സ) വിലക്കിയ (بيع العينة) 'ഈനത്ത് കച്ചവടം' ആയി അത് മാറും.  

3- ആദ്യത്തെ കച്ചവടത്തില്‍ ബേങ്കുമായി ഉണ്ടാകുന്ന ബാധ്യത പിന്നീട് വര്‍ദ്ധിക്കത്തക്കതാകരുത്. അഥവാ നിങ്ങള്‍ ആദ്യം വസ്തു വാങ്ങിയപ്പോള്‍ ഉണ്ടായ കടബാധ്യത പിന്നീട് വര്‍ദ്ധിക്കുന്ന ബാധ്യതയാണ് എങ്കില്‍ അത് പലിശയായി മാറും.  

പൊതുവേ കുവൈറ്റിലെ എനിക്ക് നേരിട്ട് അറിയാവുന്ന ഇസ്ലാമിക് ബേങ്കുകള്‍ ഈ വ്യവസ്ഥകള്‍  പാലിക്കാറുണ്ട്. ഇവ പാലിക്കപ്പെടുന്നുവെങ്കില്‍ ഇടപാട് അനുവദനീയമാണ്. ഇനി പലപ്പോഴും ഉണ്ടാകാറുള്ള ഒരു സംശയം ഒരാള്‍ പണം തിരിച്ചടക്കാതിരുന്നാല്‍ ഇസ്ലാമിക് ബേങ്കുകള്‍ എന്ത് ചെയ്യും എന്നതാണ്.  ആദ്യത്തെ ഇടപാടില്‍ ബേങ്കിനു നല്‍കേണ്ടതായുണ്ടായ കടബാധ്യത ഒരാള്‍ അകാരണമായി കൃത്യസമയത്ത് തിരിച്ചടക്കാതിരുന്നാല്‍, കരാര്‍ തെറ്റിച്ചതുകൊണ്ട് 'രണ്ടു വര്‍ഷം' , 'മൂന്ന്‍ വര്‍ഷം' എന്നിങ്ങനെ  തിരിച്ചടക്കാന്‍ അയാള്‍ക്ക് നല്‍കിയിട്ടുള്ള സാവകാശം അയാളില്‍ നിന്നും എടുത്ത് കളയുകയും, മുഴുവന്‍ പണവും ഉടനെ ഒരുമിച്ചടക്കാന്‍ നിയമപരമായി അയാള്‍ ബാധ്യസ്ഥനാകുകയും ചെയ്യുകയാണ് പതിവ്. മാത്രമല്ല അയാളെ സാമ്പത്തിക ഇടപാടുകളില്‍ കൃത്യതയില്ലാത്തവരുടെ ബ്ലാക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. പിന്നീട് ആ നാട്ടിലെ ഒരു ബേങ്കുകളിലും അയാള്‍ക്ക് ഇത്തരം ഇടപാടുകള്‍ സാധ്യമാവുകയില്ല. അതോടൊപ്പം അയാള്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുന്നതും നിയമനടപടിക്ക് ആവശ്യമായി വരുന്ന ചിലവുകള്‍ അയാള്‍ വഹിക്കേണ്ടതുമായിരിക്കും. ചില ഘട്ടങ്ങളില്‍ നിയമനടപടിയുടെ ഭാഗമായി രാജ്യത്തിന് പുറത്തേക്ക് പോകുന്നത് പോലും അയാള്‍ക്ക് വിലക്കപ്പെടും. ഇതാണ് പൊതുവേ കടബാധ്യത തിരിച്ചടക്കാത്തവരെ നേരിടാന്‍ ഇസ്ലാമിക് ബേങ്കുകള്‍ സ്വീകരിക്കാറുള്ള ചില നടപടികള്‍. എന്നാല്‍ കട ബാധ്യത ഒരിക്കലും വര്‍ദ്ധിപ്പിക്കാറില്ല. തിരിച്ചടക്കാതെ വരുമ്പോള്‍ കടബാധ്യത വര്‍ധിപ്പിക്കല്‍ ഇസ്‌ലാമില്‍ അനുവദനീയവുമല്ല.

ഇനി മേല്‍ വിശദീകരിച്ച ഇടപാടിന് ഒരു ലളിതമായ ഉദാഹരണം നല്‍കാം: ഒരാള്‍ ഒരു വീട് വില്‍ക്കാന്‍ വച്ചിരിക്കുന്നു. അതിന് പത്ത് ലക്ഷം രൂപയാണ് വില. വാങ്ങിക്കുന്നവര്‍ അയാള്‍ക്ക് മുഴുവന്‍ തുകയും ഒന്നിച്ച് നല്‍കേണ്ടതില്ല. ഓരോ വര്‍ഷവും ഒരു ലക്ഷം എന്ന തോതില്‍ നല്‍കിയാല്‍ മതി. ഞാന്‍ ആ വീട് അയാളില്‍ നിന്നും വാങ്ങിച്ചു. ശേഷം മറ്റൊരാള്‍ക്ക് ആ വീട് ഞാന്‍ ഒമ്പത് ലക്ഷത്തിന് റെഡി കാശ് ആയി വിറ്റു. ഇപ്പോള്‍ എന്നെ സംബന്ധിച്ചിടത്തോളം ഒമ്പത് ലക്ഷം രൂപ കാശ് ആയി ലഭിച്ചു. എന്നാല്‍ ഞാന്‍ ആദ്യം ആ വീട് വാങ്ങിയ വകയില്‍ പത്ത് ലക്ഷം രൂപ കൊടുക്കാനുണ്ട്. ഓരോ വര്‍ഷം ഒരു ലക്ഷം എന്ന തോതില്‍ അത് ഞാന്‍ നല്‍കിയാല്‍ മതി. ഇവിടെ എനിക്ക് ഒമ്പത് ലക്ഷം രൂപ കാശ് ലഭിച്ചു, അതേ സമയം പത്ത് ലക്ഷം ഞാന്‍ മറ്റൊരാള്‍ക്ക് നല്‍കാനുമുണ്ട്. പക്ഷെ കേവലം കച്ചവടമാണ് നടന്നത്. ഇതുപോലെയുള്ള ഇടപാടാണ് ഇസ്ലാമിക് ബേങ്കുകള്‍ സാധാരണ ബേങ്കുകളിലെ പലിശ ലോണുകള്‍ക്ക് ബദലായി നടത്തുന്നത്. രേഖകള്‍ പരിശോധിച്ചാല്‍ അത് നിങ്ങള്‍ക്ക് മനസ്സിലാക്കാവുന്നതാണ്. അല്ലാഹു നമുക്ക് കച്ചവടം അനുവദിക്കുകയും പലിശ നിരോധിക്കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഇതോടൊപ്പം സൂചിപ്പിക്കേണ്ട മറ്റൊരു കാര്യം, പൊതുവേ അകാരണമായി കടം എടുക്കുക എന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നല്ല. അനിവാര്യ സാഹചര്യമുണ്ടെങ്കിലെ ഒരു മുസ്‌ലിം കടവുമായി ഇടപെടാവൂ. അതുതന്നെ തിരിച്ച് വീട്ടും എന്നാ ഉറച്ച തീരുമാനത്തോടെയും പ്രയത്നത്തോടെയും മാത്രം. ശഹീദിനു പോലും എല്ലാം അല്ലാഹു പൊറുത്ത് കൊടുക്കും കടമൊഴികെ എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. അതുപോലെ ഒരാള്‍ക്ക് മൂന്ന്‍ ജീവിതം ലഭിക്കുകയും ആ മൂന്ന്‍ ജീവിതത്തിലും അയാള്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ കൊല്ലപ്പെടുകയും ചെയ്‌താല്‍ പോലും കടക്കാരനാണ് എങ്കില്‍ അയാള്‍ക്ക് സ്വര്‍ഗ്ഗപ്രവേശം സാധ്യമല്ല എന്നും ഹദീസില്‍ കാണാം. ചിലര്‍ കടത്തിന്‍റെ വിഷയത്തില്‍ കാണിക്കുന്ന അനാസ്ഥ ഏറെ ഗൗരവപരമാണ്. കടം വര്‍ദ്ധിക്കുന്നത് ഒരാള്‍ കൂടുതല്‍ കളവ് പറയാന്‍ ഇടവരുത്തും എന്നും ഹദീസില്‍ കാണാം.

അതുപോലെ നബി (സ) പറഞ്ഞു: 


عَنِ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ نَفْسُ الْمُؤْمِنِ مُعَلَّقَةٌ مَا كَانَ عَلَيْهِ دَيْنٌ

അബൂഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: "കടമുള്ളിടത്തോളം ഒരു വിശ്വാസിയുടെ ആത്മാവ് ബന്ധിക്കപ്പെട്ടിരിക്കും" - (മുസ്നദ് അഹ്മദ് : 10156).

ഇങ്ങനെ എത്രയെത്ര ഹദീസുകള്‍. അതുകൊണ്ട് നാം വളരെ ഗൗരവത്തോടുകൂടി കാണേണ്ട ഒന്നാണ് കടം. നബി (സ) കടത്തിന്‍റെ ആധിക്യത്തില്‍ നിന്നും അല്ലാഹുവില്‍ ശരണം തേടാറുണ്ടായിരുന്നു. അല്ലാഹു കാത്തു രക്ഷിക്കുമാറാകട്ടെ ...