Sunday, January 15, 2017

റമദാന്‍ ആദ്യം അറിയിക്കുന്നവന് സ്വര്‍ഗമുണ്ട്, അതുകൊണ്ട് വിവരം കൈമാറുക എന്ന മെസേജ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. ഇതിന്‍റെ സത്യാവസ്ഥ എന്താണ് ?.




ചോദ്യം: ഇങ്ങനെ ഒരു മെസ്സേജ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. അതിന്‍റെ വാസ്ഥവമെന്ത് ?. മെസ്സേജ് ഇപ്രകാരമാണ്: ഒരു  അനുഗ്രഹീത അത്മീയ ലോകവാര്‍ത്ത ഃ പരമപരിശുദ്ധ റമദാന്‍ ഇന്ന് 144 ദിവസം മാത്രം അകലെ,(1438) 2017 മേയ് 27-ാം തിയ്യതി റമദാന്‍ ആരംഭിക്കും ഇന്‍ശാല്ലാഹ് ! റമദാന്‍ അധികരിച്ച് ആദൃ വിവരം അറിയിക്കുന്നവനു നരകാഗ്നി നിശിദ്ധം എന്ന് തിരുനബി (സ) വചനം.ഈ സൂവാര്‍ ലോകരെ അറിയിച്ചാലും. നരകശിക്ഷയില്‍ നിന്ന് നമ്മെ പരമകാരുണികനായ അല്ലാഹു കാത്തുരകഷിക്കുമാറാകട്ടേ, ആമീന്‍! . ??

www.fiqhussunna.com

ഉത്തരം:

الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه وبعد؛

അപ്രകാരം ഒരു ഹദീസ് ഉള്ളതായി അറിയില്ല. ഇത് പ്രചരിപ്പിക്കുന്നവര്‍ ഹദീസ് ഏത് എന്നും ഏത് ഗ്രന്ഥത്തില്‍ എന്നും പറയേണ്ടതുണ്ട്. എങ്കിലേ അതിന്‍റെ ആധികാരികത പരിശോധിക്കാന്‍ സാധിക്കൂ. ഇനി അപ്രകാരം ഒരു ആധികാരികമായ ഹദീസും ഇല്ലാതെയാണ് ഇത് പ്രച്ചരിപ്പിക്കുന്നതെങ്കില്‍ കാര്യം വളരെ അപകടകരമാണ്. കാരണം പ്രമാണത്തില്‍ നിന്നും കൃത്യമായ തെളിവുകളില്ലാതെ ഇത്തരം കാര്യങ്ങള്‍ നബി (സ) യുടെ മേല്‍ പ്രചരിപ്പിക്കുന്ന പക്ഷം നബി (സ) യുടെ മേല്‍ കളവ് പറയുക എന്ന മഹാ പാപത്തിന്‍റെ ഗണത്തിലായിരിക്കും അത് പെടുക.  നബി (സ) പറഞ്ഞു:

كفى بالمرء كذبا أن يحدث بكل ما سمع

"കേട്ടതെല്ലാം പ്രച്ചരിപ്പിക്കല്‍ ഒരാള്‍ കള്ളനാണ് എന്നതിന്‍റെ മതിയായ തെളിവാണ്" - (സ്വഹീഹ് മുസ്‌ലിം -മുഖദ്ദിമ). എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അല്ലാഹുവിന്‍റെ റസൂല്‍ (സ) പറഞ്ഞു:

إن كذبا علي ليس ككذب على أحد من كذب علي متعمدا فليتبوأ مقعده من النار

"എന്‍റെ മേല്‍ കളവ് പറയുക എന്നുള്ളത് മറ്റൊരാളുടെ മേലും കളവ് പറയുന്ന പോലെയല്ല. അറിഞ്ഞുകൊണ്ട് എന്‍റെ മേല്‍ കളവ് പറയുന്നയാള്‍ നരകത്തില്‍ അവന്‍റെ ഇരിപ്പിടം ഉറപ്പാക്കിക്കൊള്ളട്ടെ" - (സ്വഹീഹുല്‍ ബുഖാരി: 1229).

അതുകൊണ്ട് തീര്‍ത്തും സത്യമാണ് എന്ന ബോധ്യമില്ലാതെ മതപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കരുത്. കാരണം അത് അല്ലാഹുവിന്‍റെയും റസൂലിന്‍റെയും മേല്‍ കളവ് പറയലായിത്തീരും. ഇന്ന് സോഷ്യല്‍ മീഡിയയില്‍ ധാരാളമായി പല മെസ്സേജുകളും പ്രചരിക്കുന്നു. ആര് എഴുതിയെന്നോ , അതിന്‍റെ ആധികാരികത എന്തെന്നോ ഇല്ലാത്ത തീര്‍ത്തും അജ്ഞാതമായ മെസേജുകള്‍, ഒരുപക്ഷേ വസ്തുതകള്‍ അടങ്ങിയ മെസേജുകളും അപ്രകാരം പ്രചരിക്കുന്നുണ്ടാകാം. പക്ഷെ അതിന്‍റെ ആധികാരികത അറിയാത്തിടത്തോളം അത് പ്രചരിപ്പിക്കാന്‍ നമുക്ക് പാടില്ല. അതുകൊണ്ടുതന്നെ പ്രചരിക്കപ്പെടുന്ന മെസ്സേജുകള്‍ ആധികാരികത ഉറപ്പ് വരുത്താതെ നാം സ്വീകരിക്കാതിരിക്കുക. എഴുതിയ ആളുടെ പേരില്ലാത്തവ പ്രത്യേകിച്ചും. ഇത് ഓരോരുത്തരുടേയും വിശ്വാസ സംരക്ഷണത്തിന്‍റെ ഭാഗമാണ്. ഇനി മെസ്സേജുകളില്‍ ഇമാം ബുഖാരിയിലേക്കോ മുസ്‌ലിമിലേക്കോ ഒക്കെ ചേര്‍ത്തിപ്പറഞ്ഞുകൊണ്ടും പലരും കളവുകള്‍ പ്രചരിപ്പിച്ചേക്കാം. അതുകൊണ്ട് ആരാണ് എഴുതിയത് അയാള്‍ വിശ്വസിക്കാവുന്ന ആളാണോ എന്നതെല്ലാം വളരെ സുപ്രധാനമാണ്‌. അല്ലാത്ത പക്ഷം അത് ആധികാരികമാണോ എന്നത് മൂലഗ്രന്ഥങ്ങള്‍ പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്യണം. ഇമാം ഇബ്നു സീരീന്‍ (റ) പറഞ്ഞു:

إن هذا العلم دين فانظروا عمن تأخذون دينكم .

"തീര്‍ച്ചയായും (മതപരമായി) നിങ്ങള്‍ കരസ്ഥമാക്കുന്ന ഓരോ അറിവും നിങ്ങളുടെ ദീനാണ്. അതുകൊണ്ട് നിങ്ങളുടെ ദീന്‍ ആരില്‍ നിന്നുമാണ് സ്വീകരിക്കുന്നത് എന്ന് നിങ്ങള്‍ ഉറപ്പ് വരുത്തുക".  - (ശറഹുസ്സുന്ന -ഇമാംബര്‍ബഹാരി: മസ്അല 118).

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കപ്പെടുന്ന കാര്യങ്ങളുടെ ആധിക്യം  നമ്മുടെ ദീനിന്‍റെ ആധികാരികതനഷ്ടപ്പെടാന്‍ ഒരിക്കലും കാരണമാകരുത്. അതുകൊണ്ട് എഴുതുന്നവര്‍ തങ്ങളുടെ പേര് നിര്‍ബന്ധമായും വെക്കണം. ചിലപ്പോള്‍ ചിലര്‍ ലോകമാന്യത ഭയന്നായിരിക്കും അപ്രകാരം ചെയ്യാത്തത്. പക്ഷെ അത് അനുവദിച്ചുകൂടാ. കാരണം അത് തെറ്റുകള്‍ കണ്ടാല്‍ സൂചിപ്പിക്കാനോ, വായനക്കാര്‍ക്ക് ആധികാരികത ഉറപ്പ് വരുത്താനോ സഹായകമാകില്ല. 

ഇനി മറ്റൊരാള്‍ എഴുതിയതാണെങ്കില്‍ വിശ്വസനീയമാണെങ്കില്‍ മാത്രമേ നാം പ്രചരിപ്പിക്കാവൂ. അതുതന്നെ ആരാണോ പറയുകയോ എഴുതുകയോ ചെയ്തത് അയാളിലേക്ക് ചേര്‍ത്തിപ്പറഞ്ഞുകൊണ്ട് മാത്രമായിരിക്കണം അത് അയക്കേണ്ടത്. വൈജ്ഞാനികമായ അമാനത്ത് കാത്തുസൂക്ഷിക്കുന്നതിനും ആധികാരികത നഷ്ടപ്പെടാതിരിക്കാനും അത് അനിവാര്യമാണ്. ഒരു കാര്യം എവിടെ നിന്നും ലഭിച്ചു എന്ന് വ്യക്തമാക്കുന്നതിനാണ് സനദ് എന്ന് പറയുന്നത്. അത് ദീനില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇമാം അബ്ദുല്ലാഹ് ബ്നുല്‍ മുബാറക്ക്‌ പറയുന്നു:

الإسناد من الدين ، ولولا الإسناد لقال من شاء ما شاء

 "സനദ് എന്നത് ദീനില്‍ പെട്ടതാണ്. സനദെങ്ങാനും ഇല്ലായിരുന്നുവെങ്കില്‍ തോന്നിയവരെല്ലാം തോന്നിയത് പറയുമായിരുന്നു". - (സ്വഹീഹ് മുസ്‌ലിം, മുഖദ്ദിമ).

അതുകൊണ്ട് വായിക്കുന്നതിന് മുന്‍പ് ഉറവിടം വിശ്വാസയോഗ്യമാണോ എന്നത്  ഉറപ്പ് വരുത്തുക. അല്ലാഹു അനുഗ്രഹിക്കട്ടെ....

__________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ