Sunday, November 10, 2013

ഇസ്‌ലാമിക സമ്പദ്ഘടന, നമ്മുടെ രാജ്യത്തിനും ഈ തിരിച്ചറിവ് ഉണ്ടായെങ്കിൽ!.



വ്യവസ്ഥാപിതമായ ഏതൊരു സംവിധാനത്തിനും മാറ്റങ്ങൾക്ക് അധീതമായ ഘടകങ്ങളും, മാറ്റത്തിനും ചലനത്തിനും അധീനമായ ഘടകങ്ങളും ഉണ്ടാകും. ഉദാ: വാഹനം എന്ന ഒരു സംവിധാനം പരിശോധിച്ചാൽ അതിന്റെ ഒരുപാട് ഘടകങ്ങൾ ചലിക്കുന്നവയായും, ഒരുപാട് ഘടകങ്ങൾ നിശ്ചലമായും കാണാം. നിശ്ചലമായ  ഘടകങ്ങൾ ചലിക്കുന്ന ഘടകങ്ങളെ അതിസുന്ദരമായി നിയന്ത്രിക്കുന്ന അവസ്ഥാവിശേഷം ആണ് അവിടെ. മാറ്റങ്ങൾക്ക്‌ വിധേയമാകുന്ന ഘടകങ്ങളും, അവയെ നിയന്ത്രിക്കുന്ന മാറ്റങ്ങൾക്കധീതമായ ഘടകങ്ങളും സംഗമിക്കുമ്പോഴാണ് അത് വാഹനം എന്ന ഒരു വ്യവസ്ഥാപിത സംവിധാനമായി മാറുന്നത്.

എല്ലാ ഘടകങ്ങളും ചലിക്കുന്നവയോ, നിശ്ചലമായവയോ ആയിരുന്നെങ്കിൽ അതൊരിക്കലും തന്നെ ഒരു വ്യവസ്ഥാപിത സംവിധാനം ആകുമായിരുന്നില്ല. ഇവിടെയാണ്‌ ഇസ്ലാമിക സമ്പദ് വ്യവസ്ഥ എത്ര വ്യവസ്ഥാപിതമായ ഒരു സംവിധാനം ആണ് എന്ന് നമ്മൾ മനസ്സിലാക്കേണ്ടത്. ഒരിക്കലും മാറ്റങ്ങൾക്ക് വിധേയമാകാത്ത ഒരു പറ്റം നിയമസംഹിതകളും, ആ നിയമങ്ങൾ വഴി നിയന്ത്രിക്കപ്പെടുന്ന മാറ്റങ്ങൾക്ക് വിധേയമായ നിയമങ്ങളും ഒരുമിച്ചു ചേരുന്ന ഒരു സംവിധാനം ആയതിനാലാണ് ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ഏത് കാലഘട്ടത്തിനും, ഏത്  സമൂഹത്തിനും അനുയോജ്യമായിത്തീരുന്നത്.
സമൂഹത്തിൻറെ സമ്പദ് വ്യവസ്ഥയെ തകർക്കുന്ന സർവ കാര്യങ്ങളെയും വിലക്കുകയും, സമ്പദ് വ്യവസ്ഥക്ക് ഗുണകരമാകുന്ന സർവ കാര്യങ്ങളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അടിസ്ഥാന നിയമങ്ങൾ ഓരോ സമൂഹത്തിൻറെയും സമ്പദ് ഘടനയിലുണ്ടാകുന്ന മാറ്റത്തെ അതിസുന്ദരമായി നിയന്ത്രിക്കുന്നു.


സമൂഹത്തിൻറെ സമ്പദ് ഘടനയെ തകർക്കുന്ന പലിശ, ചൂതാട്ടം, കളവ്, ചതി, വഞ്ചന, അതുപോലെ മനുഷ്യ ജീവിതത്തെ തകർക്കുന്ന, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വില്പന, സമൂഹനന്മ ഹനിക്കപ്പെടുന്ന വ്യക്തി താല്പര്യങ്ങൾ ഇവയെല്ലാം ഇസ്ലാം നിഷിദ്ധമാക്കി.  മറുവശത്ത് സമൂഹത്തിൻറെ സമ്പദ്ഘടനയുടെ സുഗമമായ വളർച്ചക്കും   സുരക്ഷിതത്വത്തിനും ഉപോല്‍പലകമാകുന്ന നിർബന്ധ ദാനധർമ്മമായ സകാത്ത്, പുണ്യകരമായ മറ്റു ദാനധർമ്മങ്ങൾ, വഖഫ്, വസ്വിയ്യത്ത്, സമൂഹനന്മയെ ബാധിക്കാത്തതും നിഷിദ്ധങ്ങൾ കടന്നുവരാത്തതുമായ കച്ചവടങ്ങൾ ഇവയെയെല്ലാം പ്രോത്സാഹിപ്പിച്ചു.  ഈ മാറ്റമില്ലാത്ത നിയമങ്ങൾ മാറി വരുന്ന ഏത് കാലഘട്ടത്തിലെ സമ്പദ് രംഗങ്ങളെയും വ്യവസ്ഥാപിതമായി നിയന്ത്രിക്കുന്നു. ഏതൊരു സമ്പദ് ഘടനയുടെയും ജീവനാഡി പണം ആണ് എന്നതിൽ തർക്കമില്ലല്ലോ. മഴ ലഭിക്കുമ്പോൾ കൃഷി വളരുന്നത് പോലെയാണ്, പണമിറങ്ങുമ്പോൾ സമ്പദ് ഘടനയുടെ വളർച്ച. പക്ഷെ അതിൻറെ ലഭ്യതയെ ആവശ്യമനുസരിച്ച് നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ഇവിടെയാണ്‌ അതിൻറെ ചലനത്തിന് തടസ്സമാകുന്ന കാര്യങ്ങളെ നിഷിദ്ധമാക്കുകയും, അതിന്റെ ചലനത്തെ എളുപ്പമാക്കുന്ന കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ ലോകജനതയെ അതിശയിപ്പിക്കുന്നത്.  നിഷിദ്ധങ്ങൾ ഒരു വശത്തും, ചെയ്യാൻ കല്പിക്കപ്പെട്ട കാര്യങ്ങൾ മറുവശത്തും നിന്നുകൊണ്ട് പണത്തിൻറെ ചലനത്തെ സമ്പദ്ഘടനയുടെ വളർച്ചക്ക് ഉപകാരപ്പെടുംവിധം നിയന്ത്രണ വിധേയമാക്കുന്നു.


വ്യക്തി താല്പര്യവും പൊതു താല്പര്യവും ഒരുപോലെ സംരക്ഷിക്കുക, അവ രണ്ടും വിപരീതമായി വരുമ്പോൾ പൊതു താല്പര്യത്തിന് മുൻഗണന നല്കുക. സ്വത്ത് ചിലവഴിക്കുന്നതിലും, സ്വത്ത് നിക്ഷേപമാക്കി സൂക്ഷിക്കുന്നതിലും അമിതത്വം കാണിക്കാതിരിക്കുക. ഇതര സാമ്പത്തിക ശാസ്ത്രങ്ങൾ പഠിപ്പിക്കുന്നത് പോലെ ഈ ലോകത്തെ ആസ്വാദനവും, ലാഭക്കൊതിയും ആയിരിക്കരുത് എന്റെ ലക്ഷ്യം. മറിച്ച് പാരത്രിക ജീവിതത്തിലെ വിജയമാണ് ശാശ്വത വിജയം. അന്യന്റെ അവകാശങ്ങൾ തുടങ്ങുന്നിടത്ത് എന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നു.. തുടങ്ങിയ വിവർണ്ണനാതീതമായ അടിസ്ഥാന തത്വങ്ങൾ കൂടി ചേരുമ്പോൾ ഏത് പ്രതിസന്ധികളെയും അതിജയിക്കാൻ അത് പ്രാപ്തമാകുന്നു. അതെ ഇത് ദൈവത്തിൽനിന്നുള്ളതാണ് സകല മനുഷ്യനിർമ്മിത തത്വശാസ്ത്രങ്ങളെയും അത് അതിജയിക്കുക തന്നെ ചെയ്യും. ഇസ്‌ലാമിക സമ്പദ് ശാസ്ത്രത്തിലേക്കുള്ള ലോകജനതയുടെ ചുവടുമാറ്റം അതാണ്‌ വിളിച്ചറിയിക്കുന്നതും. ഇസ്‌ലാമിനോടുള്ള പകയും വിദ്വേശവും കാരണം കണ്ണടച്ച് ഇരുട്ടാക്കിയവർ പോലും ഇന്ന് തിരുത്തേണ്ടി വന്നിരിക്കുന്നു.  പ്രതിസന്ധികൾക്ക് പിറകെ പ്രതിസന്ധികൾ എന്നോണം വിളവു തിന്നുന്ന വേലികളായി ഇതര പ്രത്യയ ശാസ്ത്രങ്ങൾ മാറുമ്പോൾ ഇസ്‌ലാമിക പ്രത്യയ ശാസ്ത്രത്തിലേക്ക് ചുവടുമാറുകയല്ലാതെ സാമ്പത്തിക രംഗത്തിന് രക്ഷയില്ല എന്ന് ഹാർവാർഡ്‌ യൂണിവേഴ്സിറ്റിയിലെ സാമ്പത്തിക ശാസ്ത്രജ്ഞന്മാർ പോലും വിലയിരുത്തിയെങ്കിൽ അത് ഈ തിരിച്ചറിവിനാലാണ്.


1988 നോബൽ സമ്മാനം നേടിയ ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ മൌറിസ് അലെ പോലും സാമ്പത്തിക പ്രതിസന്ധിക്ക് മൂല കാരണമായി എണ്ണിയ പലിശ , അമിതമായ കുടിശിക എന്നിവയെ പെറ്റമ്മയോളം സ്നേഹിക്കുന്ന നമ്മുടെ രാജ്യത്തിനും ഈ തിരിച്ചറിവ് ഉണ്ടായെങ്കിൽ എന്ന് നമുക്ക് ആശിക്കാം ... 

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ