Friday, November 1, 2013

ഖുത്ബയില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖതീബോ, മഅ്മൂമോ കൈ ഉയര്‍ത്തുന്നത് അനുവദനീയമോ ?..



الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

വെള്ളിയാഴ്ച ദിവസം ഖത്തീബ് പ്രാര്‍ഥിക്കുമ്പോള്‍, ഖതീബോ മഅ്മൂമീങ്ങളോ കൈ ഉയര്‍ത്താതിരിക്കലാണ്  നബിചര്യ. മാത്രമല്ല ഖുത്ബയിലെ പ്രാര്‍ത്ഥനയുടെ   അവസരത്തില്‍ കൈകള്‍ ഉയര്‍ത്തിയ ആളുകളെ ചില സ്വഹാബിമാര്‍ വിലക്കിയതായും കാണാം. അവര്‍ അപ്രകാരം വിലക്കിയതുതന്നെ അത് പ്രവാചക ചര്യയല്ല എന്നതിനുള്ള തെളിവാണ്.

പ്രാര്‍ഥിക്കുമ്പോള്‍ ഖതീബ് തന്‍റെ ചൂണ്ടുവിരല്‍ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട് പ്രവാചകന്‍(സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടുള്ളത്.  ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഒരു ഹദീസില്‍ ഇപ്രകാരം കാണാം :

عَنْ عُمَارَةَ بْنِ رُؤَيْبَةَ رضي الله عنه أنه رَأَى بِشْرَ بْنَ مَرْوَانَ عَلَى الْمِنْبَرِ رَافِعًا يَدَيْهِ فَقَالَ : قَبَّحَ اللَّهُ هَاتَيْنِ الْيَدَيْنِ ، لَقَدْ رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا يَزِيدُ عَلَى أَنْ يَقُولَ بِيَدِهِ هَكَذَا ، وَأَشَارَ بِإِصْبَعِهِ الْمُسَبِّحَةِ .

ബിശ്ര്‍ ബിന്‍ മര്‍വാന്‍ മിമ്പറില്‍ വച്ച് തന്‍റെ ഇരുകൈകളും ഉയര്‍ത്തുന്നത് കണ്ടപ്പോള്‍, ഉമാറത് ബ്നു റുവൈബ (റ) എന്ന സ്വഹാബി ഇപ്രകാരം പറയുകയുണ്ടായി : " ഈ രണ്ട് കൈകളും അല്ലാഹു വികൃതമാക്കട്ടെ (അനുവദനീയമല്ലാത്ത ഒരു പ്രവര്‍ത്തി കാണുമ്പോള്‍ വിമര്‍ശനബുദ്ധിയാ പ്രയോഗിക്കുന്ന ഒരു പ്രയോഗമാണിത്). തന്‍റെ ചൂണ്ടു വിരല്‍ ചൂണ്ടിപ്പിടിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: പ്രവാചകന്‍ (സ)യെ ഞാന്‍ കണ്ടിട്ടുണ്ട്. അദ്ദേഹം ഇതില്‍ കൂടുതല്‍ തന്‍റെ കൈകൊണ്ട് ആംഗ്യം കാണിക്കാറുണ്ടായിരുന്നില്ല ".  - [മുസ്‌ലിം].

ഈ ഹദീസ് വിശദീകരിച്ചുകൊണ്ട് ഇമാം നവവി പറയുന്നു: ' ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്താതിരിക്കലാണ് നബിചര്യ എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം. ഇമാം മാലിക്കിന്‍റെയും, ശാഫിഇയുടെയും മറ്റു പണ്ഡിതന്മാരുടെയും അഭിപ്രായം അതാണ്‌. എന്നാല്‍ ചില മാലികീ പണ്ഡിതന്മാര്‍ അത് അനുവദനീയമാണ് എന്ന് പറഞ്ഞിട്ടുണ്ട്. ജുമുഅ ദിവസത്തിലെ ഖുത്ബയില്‍ പ്രവാചകന്‍(സ) മഴക്കുവേണ്ടി പ്രാര്‍ഥിച്ചപ്പോള്‍ തന്‍റെ കൈകള്‍ ഉയര്‍ത്തി എന്നതാണ് അവര്‍ക്കുള്ള തെളിവ്. എന്നാല്‍ എതിരഭിപ്രായക്കാര്‍ക്ക് അവര്‍ക്കു നല്‍കാനുള്ള മറുപടി അത് ഒരു പ്രത്യേക വിഷയത്തില്‍ (മഴക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന) നബി (സ) ചെയ്ത കാര്യമാണ് എന്നതാണ് ' [ ശറഹു മുസ്‌ലിം].

അതുകൊണ്ട് മഴക്കുവേണ്ടിയാണ് ഒരു ഖതീബ് പ്രാര്‍ഥിക്കുന്നതെങ്കില്‍ പ്രവാചകന്‍(സ) യുടെ ചര്യ പിന്‍പറ്റിക്കൊണ്ട് ഇരുകൈകളും ഉയര്‍ത്തി പ്രാര്‍ഥിക്കാവുന്നതാണ്. 

ശൈഖ് ഇബ്ന്‍ ബാസ് (റ) യോട് ചോദിക്കപ്പെട്ടു.

ചോദ്യം :
ഖതീബ് തന്‍റെ രണ്ടാമത്തെ ഖുത്ബയില്‍ മുസ്‌ലിമീങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന അവസരത്തില്‍ കൈകള്‍ ഉയര്‍ത്തുന്നതിന്‍റെ വിധി പ്രമാണബദ്ധമായി  എന്താണ് ?.  അല്ലാഹു താങ്കള്‍ക്ക് തക്കതായ പ്രതിഫലം നല്‍കട്ടെ ...

ഉത്തരം :  ' ജുമുഅ ദിവസത്തിലെയോ, പെരുന്നാള്‍ ദിവസത്തിലെയോ ഖുത്ബയുടെ അവസരത്തില്‍ പ്രാര്‍ഥിക്കുമ്പോള്‍ ഖതീബോ, മഅ്മൂമോ കൈ ഉയര്‍ത്തുന്നത് അനുവദനീയമല്ല. ശബ്ദമുണ്ടാക്കാതെ ഖതീബ് പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുകയും ഖതീബിന്‍റെ പ്രാര്‍ത്ഥനക്ക് ശബ്ദമുയര്‍ത്താതെ ആമീന്‍ പറയുകയുമാണ് വേണ്ടത്. എന്നാല്‍ കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമല്ല. കാരണം പ്രവാചകന്‍ (സ) ജുമുഅ ദിവസത്തിലോ, പെരുന്നാള്‍ ദിവസങ്ങളിലോ പ്രാര്‍ഥനയുടെ അവസരത്തില്‍ കൈകള്‍ ഉയര്‍ത്താറുണ്ടായിരുന്നില്ല. ചില സ്വഹാബിമാര്‍ ചില ഭരണാധികാരികള്‍ ഖുത്ബയിലെ പ്രാര്‍ഥനയില്‍ കൈ ഉയര്‍ത്തുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ അവരെ വിലക്കുകയും പ്രവാചകന്‍(സ) അപ്രകാരം ചെയ്യാറുണ്ടായിരുന്നില്ല എന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഖുതുബയിലെ പ്രാര്‍ത്ഥനയില്‍ മഴക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് എങ്കില്‍ മഴക്കുവേണ്ടിയുള്ള പ്രാര്‍ഥനയുടെ അവസരത്തില്‍ കൈ ഉയര്‍ത്താവുന്നതാണ്. കാരണം ആ അവസരത്തില്‍ പ്രവാചകന്‍(സ) കൈ ഉയര്‍ത്തിയിരുന്നതായി പ്രമാണങ്ങളില്‍ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്. അതുകൊണ്ട് പെരുന്നാള്‍ ഖുത്ബയിലോ, ജുമുഅ ഖുത്ബയിലോ മഴക്കുവേണ്ടി പ്രാര്‍ഥിക്കുന്ന അവസരത്തില്‍ പ്രവാചക ചര്യ പിന്പറ്റിക്കൊണ്ട് കൈകള്‍ ഉയര്‍ത്തുക എന്നത് അനുവദനീയമാണ് ' - [ مجموع فتاوى الشيخ ابن باز -" 12/339 ]

_______________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി. എൻ