Wednesday, December 25, 2019

സുജൂദിൽ കാൽ വെക്കേണ്ടതെങ്ങനെ ?.



ചോദ്യം: നിസ്ക്കാരത്തിൽ സുജൂദിൽ  കാലുകളുടെ സ്ഥാനം എങ്ങനെ ആയിരിക്കണം,പ്രത്യേകിച്ചു കാലുകൾ തമ്മിലുള്ള അകലം. ഉചിതമായ ഉത്തരം പ്രതീക്ഷിക്കുന്നു. 

www.fiqhussunna.com

ഉത്തരം: 


الحمد لله والصلاة والسلام على رسول الله، وعلى آله وصحبه ومن والاه، وبعد؛ 

സുജൂദിൽ കാൽപാദങ്ങൾ വെക്കേണ്ട രൂപത്തെ സംബന്ധിച്ച് പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. പ്രബലമായ അഭിപ്രായം കാൽമുട്ടുകൾ അകറ്റിയും കാൽപാദങ്ങൾ പരസ്‌പരം ചേർത്തും വെക്കണം എന്നതാണ്. 

عن عائشة رضي الله عنها قالت : (فقدت رسول الله صَلَّى اللَّهُ عَلَيْهِ وَسَلَّمَ وكان معي على فراشي ، فوجدته ساجداً ، راصّاً عقبيه ، مستقبلاً بأطراف أصابعه القبلة ، فسمعته يقول : أعوذ برضاك من سخطك ، وبعفوك من عقوبتك ، وبك منك ، أثني عليك ، لا أبلغ كل ما فيك) .

ഉമ്മുൽ മുഅമിനീൻ ആഇശ (റ) പറയുന്നു: "എന്നോടൊപ്പം കിടക്കുകയായിരുന്ന നബി (സ) കാണാതിരുന്നപ്പോൾ ഞാനന്വേഷിച്ചു. അദ്ദേഹത്തിൻ്റെ മടമ്പുകൾ ചേർന്ന് നിൽക്കും വിധം കാൽപാദങ്ങൾ ചേർത്തും അവയിലെ വിരൽത്തുമ്പുകൾ ഖിബ്‌ലക്ക് നേരെ വരത്തക്കവും സുജൂദിൽ കിടക്കുന്നതായാണ് എനിക്കദ്ദേഹത്തെ കാണാൻ സാധിച്ചത്. അപ്പോൾ അദ്ദേഹം ഇപ്രകാരം പ്രാർത്ഥിക്കുന്നത് ഞാൻ കേട്ടു: " അല്ലാഹുവേ നിൻ്റെ തൃപ്തികൊണ്ട് നിൻ്റെ കോപത്തിൽ നിന്നും ഞാൻ ശരണം തേടുന്നു. നിൻ്റെ വിട്ടുവീഴ്‌ച കൊണ്ട് നിൻ്റെ ശിക്ഷയിൽ നിന്നും ഞാൻ ശരണം തേടുന്നു. നിന്നിൽ നിന്നും ഞാൻ നിന്നിൽത്തന്നെ ശരണം തേടുന്നു. നിന്നെ ഞാൻ വാഴ്ത്തുന്നു. നിന്നെക്കുറിച്ച് എല്ലാം ഞാൻ സൂക്ഷ്മമായി അറിയുന്നില്ല". - (صحيح ابن خزيمة: 1/328 ، صحيح ابن حبان: 5 /260).

മേൽപറഞ്ഞ ഹദീസിൽ സുജൂദിൽ നബി (സ) കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വച്ചതായി ഉമ്മുൽ മുഅമിനീൻ ആഇശ (റ) വ്യക്തമാക്കിയിട്ടുണ്ട്. ഈ ഹദീസ് മുൻനിർത്തിയാണ് കാൽപാദങ്ങൾ ചേർത്ത് വെക്കണം എന്നതാണ് പ്രബലമായ അഭിപ്രായം എന്ന് പറയാൻ കാരണം. 

ഒരു ചാൺ അകലത്തിൽ കാൽപാദങ്ങൾ അകറ്റിവെക്കണം എന്ന മറ്റൊരഭിപ്രായവും ഉണ്ട്. ഇമാം ശാഫിഈ (റ) ഈ അഭിപ്രായക്കാരനായിരുന്നു. ഇമാം അബൂ ദാവൂദ് ഉദ്ദരിച്ച ഒരു ഹദീസ് ആണ് ഈ അഭിപ്രായത്തിനു അവലംബം: 

عن أبي حميد رضي الله عنه قال في صفة صلاة النبي صلى الله عليه وسلم : (وإذا سجد فَرَّج بين فخذيه) .

അബൂ ഹുമൈദ് (റ) നിവേദനം: നബി (സ) യുടെ നമസ്കാര രൂപത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു: "നബി (സ) സുജൂദ് ചെയ്‌താൽ അദ്ദേഹത്തിൻ്റെ തുടകൾ പരസ്പരം അകറ്റി വെക്കുമായിരുന്നു". - (سنن أبي داود: 735).

ഈ ഹദീസിൻ്റെ അടിസ്ഥാനത്തിലാണ് കാലുകൾ കാൽപാദങ്ങൾ ഉൾപ്പടെ അകറ്റി വെക്കണം എന്ന്  ഇമാം ശാഫിഇ (റ) സൂചിപ്പിച്ചത്. എന്നാൽ ഇതിന്റെ ഉദ്ദേശം തുടകൾ പരസ്‌പരം ചേർന്ന് നിൽക്കാത്തവിധം കാൽമുട്ടുകൾ അകറ്റി വെക്കലാണ് എന്ന് മനസ്സിലാക്കാം.

നമസ്കാരത്തിലെ നിര്ബന്ധകർമ്മങ്ങളിൽ ഉൾപ്പെടുന്ന ഒന്നല്ലാത്തതിനാൽ രണ്ടു രൂപത്തിൽ നമസ്കരിച്ചാലും ഒരാളുടെ നമസ്‌കാരം ശരിയാകും. മേൽപറഞ്ഞ അഭിപ്രായങ്ങളിൽ ആഇശ (റ) യുടെ ഹദീസ് കൂടി ചേർത്ത് പരിശോധിക്കുമ്പോൾ നബിചര്യയോട് കൂടുതൽ അടുത്ത് നിൽക്കുന്ന അഭിപ്രായം കാൽപാദങ്ങൾ പരസ്‌പരം ചേർത്ത് വെക്കുക എന്നതാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. അല്ലാഹുവാണ് കൂടുതൽ അറിയുന്നവൻ. അല്ലാഹു അനുഗ്രഹിക്കട്ടെ ...

ഇംഗ്ലീഷ് സബ്‌ടൈറ്റിൽസോടു കൂടി നമസ്കാരത്തിൻ്റെ രൂപം പൂർണമായി മനസ്സിലാക്കാൻ ഡോ. ഉസ്മാൻ അൽഖമീസിൻ്റെ ഈ വീഡിയോ വീക്ഷിക്കാവുന്നതാണ്: 
https://www.youtube.com/watch?v=sU4JIFbPhDI


وصل اللهم على نبينا محمد وعلى آله وصحبه وسلم

________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ