Wednesday, April 18, 2018

ശഅബാന്‍ മാസത്തിന്‍റെ ശ്രേഷ്ഠത - ഒരു ലഘുപഠനം


الحمد لله والصلاةو السلام على رسول الله وعلى آله وصحبه ومن ولالاه وبعد؛

ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ഏതൊരു വിഷയത്തെ സംബന്ധിച്ചും പ്രാമാണികമായി അതില്‍ സ്ഥിരപ്പെട്ടുവന്ന കാര്യങ്ങളെക്കുറിച്ചും പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചും അറിയുക എന്നത് ഏറെ അനിവാര്യമാണ്. ശഅബാന്‍ മാസവുമായി ബന്ധപ്പെട്ട് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന കാര്യങ്ങളെക്കുറിച്ചും അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണത്തിന്‍റെ പിന്‍ബലമില്ലാത്ത കാര്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനം ചര്‍ച്ച ചെയ്യുന്നത്. പരമാവധി ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ എല്ലാം ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചതുകൊണ്ട് ഒരല്പം ദൈര്‍ഘ്യം ഉണ്ടെങ്കില്‍ക്കൂടി വിഷയത്തിന്‍റെ പ്രാധാന്യം കണക്കിലെടുത്ത് പൂര്‍ണമായി വായിക്കണം എന്ന് ആമുഖമായി അപേക്ഷിക്കുന്നു.  


www.fiqhussunna.com 

ഒന്നാമതായി:  ശഅബാന്‍ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടുന്ന മാസമാണ്. അതുകൊണ്ടുതന്നെ റമളാന്‍ കഴിഞ്ഞാല്‍ റസൂല്‍ (സ) ഏറ്റവും കൂടുതല്‍ നോമ്പ് പിടിച്ചിരുന്നത് ശഅബാന്‍ മാസത്തിലാണ്. ഇത് സ്വഹീഹായ ഹദീസുകളില്‍ നമുക്ക് കാണാം:

عن أسامة بن زيد قال:  قلت يا رسول الله،  لم أرك تصوم شهرا من الشهور ما تصوم من شعبان،  قال:  ذلك شهر يغفل الناس عنه بين رجب ورمضان ،  وهو شهر ترفع فيه الأعمال إلى رب العالمين ، فأحب أن يرفع عملي وأنا صائم.

ഉസാമ ബ്ന്‍ സൈദ്‌ പറഞ്ഞു: ഞാന്‍ റസൂല്‍ (സ) യോട് ചോദിച്ചു:  അല്ലാഹുവിന്‍റെ റസൂലേ, (റമളാന്‍ കഴിഞ്ഞാല്‍പ്പിന്നെ) ശഅബാന്‍ മാസത്തില്‍ അങ്ങ് വ്രതമനുഷ്ഠിക്കുന്നത് പോലെ മറ്റൊരു മാസത്തിലും അത്രയും വ്രതമെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ലല്ലോ !. അപ്പോള്‍ അദ്ദേഹം പറഞ്ഞു: "റജബിനും റമളാനിനും ഇടയില്‍ ആളുകള്‍ (പരിഗണിക്കാതെ) അശ്രദ്ധരായി വിടുന്ന ഒരു മാസമാണത്. അതാകട്ടെ അല്ലാഹുവിന്‍റെ പക്കലേക്ക് കര്‍മ്മങ്ങള്‍ ഉയര്‍ത്തപ്പെടുന്ന ഒരു മാസമാണ്. അതുകൊണ്ട് ഞാന്‍ നോമ്പുകാരനായിരിക്കെ എന്‍റെ കര്‍മ്മങ്ങള്‍ അല്ലാഹുവിങ്കലേക്ക്‌ ഉയര്‍ത്തപ്പെടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു." - [നസാഇ: 2357, അല്‍ബാനി: ഹദീസ് ഹസന്‍]. 

عن عائشة أم المؤمنين رضي الله عنها أنها قالت : " كان رسول الله صلى الله عليه وسلم يصوم حتى نقول : لا يفطر ، ويفطر حتى نقول : لا يصوم ، وما رأيت رسول الله صلى الله عليه وسلم استكمل صيام شهر قط إلا رمضان وما رأيته في شهر أكثر منه صياما في شعبان "

ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ (റ) യില്‍ നിന്ന് നിവേദനം: അവര്‍ പറഞ്ഞു: "റസൂല്‍ (സ) ചിലപ്പോള്‍ തുടര്‍ച്ചയായി നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം ഒരിക്കലും നോമ്പ് ഒഴിവാക്കില്ല എന്ന് ഞങ്ങള്‍ പറയുമായിരുന്നു. അതുപോലെ അദ്ദേഹം നോമ്പ് നോല്‍ക്കാതിരിക്കാറുള്ള കാലവും ഉണ്ടായിരുന്നു. എത്രത്തോളമെന്നാല്‍ ഇനി അദ്ദേഹം നോമ്പ് എടുക്കില്ല എന്ന് ഞങ്ങള്‍ പറയുമാറ് അത് തുടരുമായിരുന്നു. റമളാനിലല്ലാതെ മറ്റൊരു മാസത്തിലും അല്ലാഹുവിന്‍റെ റസൂല്‍ പരിപൂര്‍ണമായി നോമ്പെടുത്തത് ഞാന്‍ കണ്ടിട്ടേയില്ല. അതുപോലെ (അതു കഴിഞ്ഞാല്‍ പിന്നെ) ശഅബാന്‍ മാസത്തേക്കാള്‍ കൂടുതല്‍ മറ്റൊരു മാസത്തിലും അദ്ദേഹം നോമ്പെടുക്കുന്നതായി ഞാന്‍ കണ്ടിട്ടില്ല." - [മുത്തഫഖുന്‍ അലൈഹി].

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) പറയുന്നു: "ശഅബാന്‍ മാസത്തില്‍ വ്രതമെടുക്കുന്നത് പ്രത്യേകം ശ്രേഷ്ഠകാരമാണ് എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം". - [ഫത്ഹുല്‍ ബാരി: വോ: 4 പേജ്: 253].

ഇമാം സ്വന്‍ആനി (റഹിമഹുല്ല) പറയുന്നു: " (റമളാന്‍ കഴിഞ്ഞാല്‍) ശഅബാന്‍ മാസത്തില്‍ പ്രത്യേകമായി മറ്റു മാസങ്ങളെക്കാള്‍ കൂടുതല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു എന്ന് ഈ ഹദീസില്‍ നിന്നും മനസ്സിലാക്കാം" - [സുബുലുസ്സലാം: വോ: 2 പേജ്: 342]. 

അഥവാ ശഅബാന്‍ മാസത്തില്‍ വളരെ കുറഞ്ഞ ദിവസങ്ങള്‍ മാത്രമേ റസൂല്‍ (സ) നോമ്പ് ഒഴിവാക്കാറുണ്ടായിരുന്നുള്ളൂ എന്ന് നമുക്ക് ഹദീസുകളില്‍ കാണാം. ഉമ്മുല്‍ മുഅമിനീന്‍ ആഇശ (റ) യില്‍ നിന്നും ഇമാം മുസ്‌ലിം ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഇപ്രകാരം കാണാം: 

ولم أره صائما من شهر قط ، أكثر من صيامه من شعبان كان يصوم شعبان كله ، كان يصوم شعبان إلا قليلا

 "അദ്ദേഹം ശഅബാന്‍ മാസത്തില്‍ നോമ്പെടുക്കുന്നതിനേക്കാള്‍ മറ്റൊരു മാസത്തിലും നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ശഅബാന്‍ (ഏറെക്കുറെ) മുഴുവനും അദ്ദേഹം നോല്‍ക്കാറുണ്ടായിരുന്നു. വളരെ കുറഞ്ഞ ദിവസങ്ങളൊഴികെ ശഅബാന്‍ അദ്ദേഹം നോമ്പെടുത്തിരുന്നു." - [സ്വഹീഹ് മുസ്‌ലിം: 2029]. 

രണ്ടാമതായി:  ഇവിടെ നാം മനസ്സിലാക്കേണ്ട മറ്റൊരു വിഷയം ശഅബാന്‍ പൂര്‍ണമായി നോമ്പ് നോല്‍ക്കാമോ എന്നതാണ്. ശഅബാന്‍ പൂര്‍ണമായി നബി (സ) നോമ്പെടുത്തു എന്ന് ചില റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കപ്പെട്ടതു കൊണ്ടാണ് ഇങ്ങനെ ഒരു ചര്‍ച്ച ഉണ്ടായത്. 

عَنْ أُمِّ سَلَمَةَ رضي الله عنها قَالَتْ : مَا رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَامَ شَهْرَيْنِ مُتَتَابِعَيْنِ إِلا أَنَّهُ كَانَ يَصِلُ شَعْبَانَ بِرَمَضَانَ .

ഉമ്മു സലമ (റ) നിവേദനം: അവര്‍ പറഞ്ഞു: " റസൂല്‍ (സ) റമളാനും ശഅബാനും പരസ്പരം ചേര്‍ത്ത് നോമ്പ് പിടിക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍, രണ്ട് മാസങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല." - [അഹ്മദ്: 26022, അബൂദാവൂദ്: 2336, നസാഇ: 2175].

അതില്‍ത്തന്നെ അബൂ ദാവൂദ് ഉദ്ദരിച്ച ഒരു റിപ്പോര്‍ട്ടില്‍ ഒന്നുകൂടി വ്യക്തമായി അത് പ്രതിപാദിക്കുന്നുണ്ട്:


أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَمْ يَكُنْ يَصُومُ مِنْ السَّنَةِ شَهْرًا تَامًّا إِلا شَعْبَانَ يَصِلُهُ بِرَمَضَانَ

"റസൂല്‍ (സ) ഒരു വര്‍ഷത്തില്‍ ഒരു മാസവും പൂര്‍ണമായി  നോല്‍ക്കാറുണ്ടായിരുന്നില്ല. ശഅബാനല്ലാതെ. അതിനെ റമളാനുമായി ചേര്‍ത്ത് നോല്‍ക്കുമായിരുന്നു." - [അബൂ ദാവൂദ്: 2048, അല്‍ബാനി: സ്വഹീഹ്]. 

ഇതിന്‍റെ അടിസ്ഥാനത്തില്‍ ശഅബാനില്‍ മുഴുവന്‍ നോമ്പ് എടുക്കാം എന്ന് പറഞ്ഞ പണ്ഡിതന്മാരുണ്ട്. ശൈഖ് ഇബ്നു ബാസ് റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. മറ്റൊരു വിഭാഗം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടത് അദ്ദേഹം ചിലപ്പോള്‍ അത് ഭാഗികമായും ചിലപ്പോള്‍ അത് പൂര്‍ണമായും നോമ്പെടുത്തിരുന്നിരിക്കാം എന്നതാണ്.

എന്നാല്‍ ആഇശ (റ) യുടെ ഹദീസില്‍ പരാമര്‍ശിക്കപ്പെട്ടതുപോലെ "ശഅബാന്‍ പൂര്‍ണമായി നോറ്റിരുന്നു. കുറച്ച് ദിവസമൊഴികെ" എന്നതു തന്നെയായിരിക്കാം ഒരുപക്ഷെ ഉമ്മു സലമ (റ) യുടെ ഹദീസിലും ശഅബാന്‍ മുഴുവനും നോറ്റിരുന്നു എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്. ഇത് ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റ) യും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അഥവാ റമളാന്‍ കഴിഞ്ഞാല്‍   മറ്റേത് മാസങ്ങളെക്കാളും കൂടുതല്‍  ശഅബാനില്‍ നോറ്റിരുന്നു എന്ന അര്‍ത്ഥത്തില്‍ ശഅബാന്‍ ഏറെക്കുറെ മുഴുവനും നോറ്റിരുന്നു എന്നായിരിക്കാം അതിന്‍റെ വിവക്ഷ. ഭാഷാപരമായി അപ്രകാരം പ്രയോഗിക്കുക എന്നത് അന്യമല്ലതാനും. ഇതാണ് മൂന്നാമത്തെ അഭിപ്രായം. ഇതാണ് കൂടുതല്‍ പ്രബലമായി മനസ്സിലാക്കാന്‍ സാധിക്കുന്നത്. കാരണം റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്ന മറ്റു ഹദീസുകള്‍ കൂടി കൂട്ടി വായിക്കുമ്പോള്‍ ഈ ആശയം ഒന്നുകൂടി ബലപ്പെടുന്നു: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا صَامَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ شَهْرًا كَامِلا قَطُّ غَيْرَ رَمَضَانَ
.
  ഇബ്നു അബ്ബാസ് (റ) പറഞ്ഞു: "നബി (സ) റമളാന്‍ ഒഴികെ മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല" - [متفق عليه].

അതുപോലെ ആഇശ (റ) യില്‍ നിന്നും വന്ന ഹദീസില്‍ ഇപ്രകാരം കാണാം:

وَلا صَامَ شَهْرًا كَامِلا غَيْرَ رَمَضَانَ .

"അദ്ദേഹം റമളാനല്ലാത്ത മറ്റൊരു മാസവും പൂര്‍ണമായി നോമ്പ് നോറ്റിട്ടില്ല." - [സ്വഹീഹ് മുസ്‌ലിം: 746]. 

അതുകൊണ്ടുതന്നെ ശഅബാന്‍ അധികദിവസവും നോമ്പ്  നോറ്റു, എന്നാല്‍ മുഴുവനായും നോറ്റിട്ടില്ല എന്ന അഭിപ്രായമാണ് ശരിയായി മനസ്സിലാക്കാന്‍ സാധിക്കുന്നത്.

മൂന്നാമതായി:  ശഅബാന്‍ പതിനഞ്ചിനു പ്രത്യേകത നല്‍കുന്ന ഹദീസുകള്‍ ഉണ്ടോ ?. എന്നതാണ് ഇനി നാം ചര്‍ച്ച ചെയ്യേണ്ട മറ്റൊരു ചോദ്യം.


ശഅബാന്‍ പതിനഞ്ചിന് മാത്രമായി പ്രത്യേകമായി ഇബാദത്തുകളോ നോമ്പോ നമസ്കാരമോ നിര്‍വഹിക്കുന്നതായുള്ള യാതൊരു ഹദീസും നബി (സ) യില്‍ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടില്ല. അതുപോലെ സ്വഹാബാക്കളില്‍ നിന്നും അപ്രകാരം വന്നിട്ടില്ല. അതുകൊണ്ടുതന്നെ മറ്റു ദിനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി ശഅബാന്‍ പതിനഞ്ചിന് മാത്രം എന്തെങ്കിലും ഇബാദത്തുകളില്‍ ഏര്‍പ്പെടുന്നത് റസൂല്‍ (സ) യില്‍ നിന്നോ, സ്വഹാബത്തില്‍ നിന്നോ സ്ഥിരപ്പെടാത്ത കാര്യമാണ്.

ഇനി ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് അല്ലാതെ ഉദ്ദരിക്കപ്പെട്ട ഹദീസുകള്‍ തന്നെ എല്ലാം ദുര്‍ബലമോ, കെട്ടിച്ചമക്കപ്പെട്ടവയോ ആണ് എന്ന് ധാരാളം പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. 

ഇമാം ഇബ്നുല്‍ ജൗസി (റ) തന്‍റെ (الموضوعات 'കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍') എന്ന ഗ്രന്ഥത്തിലും (Vol: 2 Page 440- 445), ഇമാം അബൂശാമ അശ്ശാഫിഇ (റ) തന്‍റെ (الباعث في إنكار البدع والحوادث 'ബിദ്അത്തുകള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ' എന്ന ഗ്രന്ഥത്തിലും ), ഇമാം ഇബ്നുല്‍ ഖയ്യിം തന്‍റെ (المنار المنيف) എന്ന ഗ്രന്ഥത്തിലും ഒക്കെ ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായി വന്ന ഹദീസുകള്‍ ദുര്‍ബലമാണ് എന്ന് സ്ഥാപിച്ചിട്ടുണ്ട്.

ഇമാം ഇബ്നു റജബ് അല്‍ഹംബലി (റ) പറയുന്നു: 


" وفي فضل ليلة نصف شعبان أحاديث متعددة ، وقد اختُلف فيها ، فضعّفها الأكثرون ، وصحّح ابن حبان بعضها "  

"ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വിവിധ ഹദീസുകള്‍ ഉദ്ദരിക്കപ്പെട്ടിട്ടുണ്ട്. അവയുടെ സ്വീകാര്യതയില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ട്. ഭൂരിഭാഗം പണ്ഡിതന്മാരും അവ ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇബ്നു ഹിബ്ബാന്‍ (റ) അവയില്‍ ചിലത് സ്വഹീഹാണ് എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്" - [ لطائف المعارف : 261 ]. 


ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് പ്രത്യേകമായ ആചാരങ്ങളോ ആരാധനകളോ ഇല്ല എന്നതില്‍ പണ്ഡിതന്മാര്‍ അനേകം കൃതികള്‍ തന്നെ രചിച്ചിട്ടുണ്ട്. എന്നാല്‍ അന്നത്തെ ദിവസം പാപമോചനം ലഭിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ് എന്ന് പരാമര്‍ശിക്കുന്ന ഹദീസുകളില്‍ ചില റിപ്പോര്‍ട്ടുകള്‍ സ്വീകാര്യമാണോ എന്ന് ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. ബഹുഭൂരിപക്ഷം പേരും എല്ലാം ദുര്‍ബലമാണ് എന്ന അഭിപ്രായക്കാരാണ്. ഇനി ആ ഹദീസ് സ്വീകാര്യമാണ് എന്ന് വന്നാല്‍ത്തന്നെ അന്ന് പ്രത്യേകമായി എന്തെങ്കിലും അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കാന്‍ അതൊട്ട്‌ പര്യാപ്തവുമല്ല.

ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് വന്ന ഹദീസ് ഇപ്രകാരമാണ്:

عَنْ معاذ بن جبل رضي الله عنه عَنْ رَسُولِ اللَّهِ صلى الله عليه وسلم قَالَ : " يطلع الله إلى خلقه في ليلة النصف من شعبان فيغفر لجميع خلقه إلا لمشرك أو مشاحن " 

മുആദ് ബ്ന്‍ ജബല്‍ (റ) വില്‍ നിന്നും നിവേദനം: റസൂല്‍ (സ) പറഞ്ഞു: "ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ അല്ലാഹു തന്‍റെ സൃഷ്ടികളിലേക്ക് നോക്കുകയും മുശ്രിക്കോ, തര്‍ക്കിക്കുന്നവനോ അല്ലാത്ത സകല സൃഷ്ടികള്‍ക്കും  അവന്‍ പൊറുത്ത് കൊടുക്കുകയും ചെയ്യും." - [ത്വബറാനി: 20/108, ഇബ്നു ഹിബ്ബാന്‍: 12/481].

ഈ ഹദീസ് ദുര്‍ബലമാണ്. കാരണം ഈ ഹദീസിന്‍റെ സനദില്‍ 'മക്ഹൂല്‍ അശാമി' എന്ന് പറയുന്ന വ്യക്തിയുണ്ട്‌. അദ്ദേഹം ഹദീസ് നിദാനശാസ്ത്രപ്രകാരം മുദല്ലിസ് ആണ്. നേരിട്ട് കേട്ടു എന്ന് പരാമര്‍ശിക്കാത്ത (عن) പ്രയോഗിച്ചു വന്ന അദ്ദേഹത്തിന്‍റെ ഹദീസുകള്‍ സ്വീകാര്യമല്ല. ഇത് ഇമാം ദഹബി അദ്ദേഹത്തിന്‍റെ (السير) എന്ന ഗ്രന്ഥത്തില്‍ (Vol:5 Page: 156) വ്യക്തമാക്കിയിട്ടും ഉണ്ട്.

എന്നാല്‍ ദുര്‍ബലമെങ്കിലും റിപ്പോര്‍ട്ടുകളുടെ ആധിക്യം കാരണത്താലാണ് ശൈഖ് അല്‍ബാനി (റ), അതുപോലെ തുഹ്ഫതുല്‍ അഹ്വവദിയില്‍ മുബാറക്ഫൂരി തുടങ്ങിയ ചില പണ്ഡിതന്മാര്‍ ഈ റിപ്പോര്‍ട്ടുകള്‍ പരസ്പരം ബലപ്പെടുത്തുന്നതിനാല്‍ സ്വീകാര്യം എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ അവയൊന്നും തന്നെ സ്ഥിരപ്പെട്ടിട്ടില്ല. പരസ്പരം ബാലപ്പെടുത്താവുന്നതിനേക്കാള്‍ ദുര്‍ബലമാണ് അവയുടെ സനദുകള്‍ എന്ന് മറ്റു പല പണ്ഡിതന്മാരും അഭിപ്രായപ്പെട്ടിട്ടുണ്ട്. ശൈഖ് ഇബ്നു ബാസ് (റ) ശൈഖ് ഇബ്നു ഉസൈമീന്‍ (റ) തുടങ്ങിയവരെല്ലാം ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് യാതൊരു റിപ്പോര്‍ട്ടും സ്വീകാര്യമായി വന്നിട്ടില്ല എന്ന അഭിപ്രായക്കാരാണ്. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആ ഹദീസുകളുടെ സനദുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരിശോധിക്കാവുന്നതാണ്. 

ഏതായാലും ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഈ ഹദീസ് സ്ഥിരപ്പെട്ടാലും ഇല്ലെങ്കിലും ശഅബാനുമായി ബന്ധപ്പെട്ട് ചിലര്‍ നടത്തുന്ന അനാചാരങ്ങള്‍ക്ക് അതൊരിക്കലും സാധൂകരണമാകുന്നില്ല. അതാണ്‌ തുടര്‍ന്ന് നാം വിശദീകരിക്കുന്നത്.

നാലാമതായി: ശഅബാന്‍ പതിനഞ്ചുമായി ബന്ധപ്പെട്ട് ചിലര്‍ കടത്തിക്കൂട്ടിയ അനാചാരങ്ങള്‍ എന്തെല്ലാം ?. 

ഒന്ന്: ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായുള്ള നോമ്പ്. ബറാഅത്ത് നോമ്പ് എന്ന പേരില്‍ പൊതുവേ ആളുകള്‍ പറഞ്ഞു വരാറുള്ള നോമ്പ് ആണിത്. ശഅബാന്‍ മാസത്തില്‍ പൊതുവേ നോമ്പ് പിടിക്കലും ശഅബാന്‍ മാസത്തിന്‍റെ പൂരിഭാഗം ദിവസങ്ങളും നോമ്പെടുക്കലും നബി (സ) യുടെ സുന്നത്താണ് എന്ന് നേരത്തെ ഹദീസുകള്‍ ഉദ്ദരിച്ച് നാം വിശദീകരിച്ചല്ലോ. അതുപോലെ എല്ലാ ഹിജ്റ മാസങ്ങളിലെയും 13, 14, 15 ദിവസങ്ങള്‍ അയ്യാമുല്‍ ബീളിന്‍റെ ദിവസങ്ങള്‍ എന്ന നിലക്ക്   നോമ്പെടുക്കല്‍ സുന്നത്താണ് എന്നും നമുക്കറിയാം. അതുപോലെ ദാവൂദ് നബി (അ) യുടെ നോമ്പ് എന്ന് നബി (സ) പഠിപ്പിച്ച ഒന്നിടവിട്ട് നോമ്പെടുക്കുന്നതും സുന്നത്താണ്. ആ നിലക്കെല്ലാം ശഅബാന്‍ പതിനഞ്ചിന് ഒരാള്‍ നോമ്പെടുക്കുകയാണ് എങ്കില്‍ അത് നബി (സ) പഠിപ്പിച്ച പരിതിക്കുള്ളില്‍ വരുന്നതാണ്. എന്നാല്‍ അതല്ലാതെ ശഅബാന്‍ പതിനഞ്ചിന് മാത്രം പ്രത്യേകമായ നോമ്പുണ്ട് എന്ന് വാദിക്കുകയും, ബറാഅത്ത് നോമ്പ് എന്ന പേരില്‍ ആളുകളോട് ശഅബാന്‍ പതിനഞ്ച് നോമ്പെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്യുന്നത് ചിലര്‍ കടത്തിക്കൂട്ടിയ ബിദ്അത്തുകളില്‍പ്പെട്ടതാണ്.

അത് സാധൂകരിക്കാന്‍ അവര്‍ ഉദ്ദരിക്കാറുള്ള ഹദീസ് ഇപ്രകാരമാണ്:

إذا كانت ليلة النصف من شعبان فقوموا ليلها وصوموا نهارها

"ശഅബാന്‍ പാതിയായാല്‍ (അഥവാ പതിനഞ്ചായാല്‍) അതിന്‍റെ രാവ് നിങ്ങള്‍ നിന്ന് നമസ്കരിക്കുകയും, അതിന്‍റെ പകല്‍ നിങ്ങള്‍ നോമ്പെടുക്കുകയും ചെയ്യുക".  ഇബ്നു മാജയാണ് ഈ ഹദീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പക്ഷെ ഈ ഹദീസ് موضوع ആയ ഹദീസ്, അഥവാ കെട്ടിച്ചമക്കപ്പെട്ട ഹദീസ് ആണ് എന്നാണ് മുഹദ്ദിസീങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല  ശഅബാന്‍ പതിനഞ്ച് പ്രത്യേകമായി നോമ്പ് നോല്‍ക്കുന്നതോ, അതിന്‍റെ രാവ് പ്രത്യേകമായി നിന്ന് നമസ്കരിക്കുന്നതോ പരാമര്‍ശിക്കുന്നതായി വന്ന എല്ലാ റിപ്പോര്‍ട്ടുകളും ഒന്നുകില്‍ കെട്ടിച്ചമക്കപ്പെട്ട മൗളൂആയ ഹദീസുകളോ അതല്ലെങ്കില്‍ ദുര്‍ബലമായ ളഈഫായ ഹദീസുകളോ ആണ് എന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്. ഇമാം ഇബ്നുല്‍ ജൗസി (റ)  തന്‍റെ കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ പരാമര്‍ശിക്കുന്ന (كتاب الموضوعات) എന്ന ഗ്രന്ഥത്തില്‍ പേജ് 440 മുതല്‍ 445 വരെയുള്ള ഭാഗത്തും, പേജ് 1010 മുതല്‍ 1014 വരെയുള്ള ഭാഗത്തും അക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ ബൈഹഖി തന്‍റെ (شعب الإيمان) എന്ന ഗ്രന്ഥത്തിലും (ഹദീസ് 3841) , ഇമാം അബുല്‍ഖത്താബ് ബ്ന്‍ ദഹിയ (أداء ما وجي) എന്ന ഗ്രന്ഥത്തിലും (പേജ് : 79- 80) , ഇമാം അബൂ ശാമ അശാഫിഇ (الباعث على إنكار البدع والحوادث) എന്ന ഗ്രന്ഥത്തിലും പേജ് : 124 - 137  ശഅബാന്‍ പതിനഞ്ചിന് പ്രത്യേകമായി നോമ്പ് അല്ലെങ്കില്‍ നമസ്കാരം എന്നിവ പറയുന്നതായി വന്ന ഹദീസുകള്‍ എല്ലാം കെട്ടിച്ചമക്കപ്പെട്ടതോ ദുര്‍ബലമായതോ ആയ ഹദീസുകള്‍ ആണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. 

അല്ലാഹുവിന്‍റെ റസൂല്‍ (സ) പഠിപ്പിച്ച അയ്യാമുല്‍ ബീള് എന്ന നിലക്കോ, ശഅബാനിലെ ഏറിയ ഭാഗവും നോമ്പെടുക്കുക എന്നതിന്‍റെ ഭാഗമായോ നബി (സ) യുടെ സുന്നത്തനുസരിച്ച് ശഅബാന്‍ മാസത്തിലെ പതിനഞ്ച് അടക്കമുള്ള ദിനങ്ങളില്‍ നോമ്പ് സുന്നത്താണ് എന്നിരിക്കെ , നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ലാത്ത ഒരു പ്രത്യേക പ്രാധാന്യം പതിനഞ്ചിലെ നോമ്പിന് മാത്രം കല്പിച്ച് അന്ന് പ്രത്യേകമായി നോമ്പ് നോല്‍ക്കല്‍ ബിദ്അത്താണ്. അല്ലാഹു നമ്മെ കാത്തു രക്ഷിക്കട്ടെ. നമ്മുടെ ഉമ്മ മഹതി ആഇശ (റ) നബി (സ) യില്‍ നിന്നും ഉദ്ദരിച്ച പ്രസിദ്ധമായ ഹദീസില്‍ ഇപ്രകാരം കാണാം:

من عمل عملا ليس عليه أمرنا فهو رد

"നമ്മുടെ കല്പനയില്ലാത്ത ഒരു കാര്യം ഒരാള്‍ (മതത്തിന്‍റെ) പേരില്‍ അനുഷ്ടിച്ചാല്‍ അത് മടക്കപ്പെടുന്നതാണ്" - [متفق عليه]. അഥവാ അത് അസ്വീകാര്യമായിരിക്കും എന്നതോടൊപ്പം അതവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. 

രണ്ട്: ചില ആളുകള്‍ അനുഷ്ടിക്കുന്ന ശഅബാന്‍ പതിനഞ്ചിന്‍റെ രാവിലെ 'സ്വലാത്തുല്‍ അല്‍ഫിയ' എന്ന നമസ്കാരം യാതൊരു പ്രമാണവുമില്ലാത്ത മറ്റൊരു ബിദ്അത്താണ്. ശഅബാന്‍ പതിനഞ്ചിന് നൂറ് റകഅത്ത് നമസ്കരിക്കുകയും അതില്‍ ഓരോ റകഅത്തിലും 10 വീതം തവണ സൂറത്തുല്‍ ഇഖ്‌ലാസ് പാരായണം ചെയ്യുകയും ചെയ്യുന്ന പ്രത്യേക നമസ്കാരമാണ് അത്. അതിനെക്കുറിച്ച് ഇമാം നവവി (റ) പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548].

മൂന്ന്: ശഅബാന്‍ പതിനഞ്ചാം രാവില്‍ പ്രത്യേകം എണ്ണം സൂറത്തു യാസീന്‍ പാരായണം ചെയ്യല്‍. ഇത് പ്രമാണബദ്ധമായി സ്ഥിരപ്പെടാത്ത ഒരു കാര്യമാണ്. യാതൊരുവിധ ഹദീസും ഇതുമായി ബന്ധപ്പെട്ട് സ്ഥിരപ്പെട്ട് വന്നിട്ടില്ല. അതുപോലെ ശഅബാന്‍ പതിനഞ്ചിന്‍റെ രാവില്‍ ഇശാ നമസ്കാരത്തിന് പ്രത്യേകമായി സൂറത്തുല്‍ യാസീന്‍ പാരായണം ചെയ്യല്‍. അങ്ങനെ ഇന്ന നമസ്കാരത്തിന് ഇന്ന സൂറത്ത് നിങ്ങള്‍ പ്രത്യേകമായി പാരായണം ചെയ്യണം എന്ന് പഠിപ്പിക്കേണ്ടത് അല്ലാഹുവിന്‍റെ റസൂലാണ്.  റസൂല്‍ കരീം (സ) യില്‍ നിന്നും അങ്ങനെ യാതൊന്നും തന്നെ ഹദീസുകളില്‍ വന്നതായി കാണാന്‍ സാധിക്കില്ല. ചില ആളുകള്‍ ഇതോടൊപ്പം ആരൊക്കെയോ കെട്ടിയുണ്ടാക്കിയ മൗലിദ് കിതാബുകള്‍ ഏടുകള്‍ തുടങ്ങിയവയും പാരായണം ചെയ്യുന്നു. പലതിലും ഇസ്‌ലാമിന്‍റെ അടിസ്ഥാന തത്വമായി തൗഹീദിന് ഘടകവിരുദ്ധമായ വരികളും ഉള്‍ക്കൊള്ളുന്നു. അല്ലാഹു നമ്മെ കാത്തു രക്ഷിക്കുമാറാകട്ടെ. അറിവില്ലായ്മ കൊണ്ടും തെറ്റിദ്ധാരണ കൊണ്ടും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ ആളുകള്‍ക്ക് അല്ലാഹു ഹിദായത്ത് നല്‍കുമാറാകട്ടെ.  ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് കൊണ്ട് അല്ലാഹുവിന്‍റെ അനുഗ്രഹവും രിസ്കും ഇറങ്ങുകയല്ല. മറിച്ച് അവന്‍റെ ശാപമാണ് ലഭിക്കുക. കാരണം അല്ലാഹുവിന്‍റെ മതത്തില്‍ അനാചാരങ്ങള്‍ കടത്തിക്കൂട്ടുക എന്നത് അത്യധികം ഗൗരവപരമായ പാതകമാണ്.

നാല്:  ശഅബാന്‍ പതിനഞ്ച് ആഘോഷിക്കല്‍ അനാചാരങ്ങളില്‍പ്പെട്ടതാണ്. നമ്മുടെ മാതൃകയായ റസൂല്‍ കരീം (സ) നമുക്ക് പഠിപ്പിച്ച് തന്നത് മൂന്ന്‍ ആഘോഷങ്ങളാണ്.  ഈദുല്‍ അള്ഹാ , ഈദുല്‍ ഫിത്വര്‍ , അതുപോലെ വെള്ളിയാഴ്ച ദിവസം ഇതല്ലാത്ത മറ്റൊരു ഈദ് മതത്തിലില്ല. അതുകൊണ്ടുതന്നെ ശഅബാന്‍ പതിനഞ്ചാം രാവില്‍ മധുരം കൊടുത്തും പ്രത്യേകം ഭക്ഷണം പാകം ചെയ്തുമെല്ലാം ആഘോഷിക്കുന്നത് ബിദ്അത്താണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി യാതൊരു തെളിവുമില്ല. മതത്തില്‍ പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടുന്നതില്‍ നിന്നും അല്ലാഹു നമ്മെ കാത്തുരക്ഷിക്കട്ടെ.

ലജ്നതുദ്ദാഇമയുടെ ഫത്വയില്‍ ഇപ്രകാരം കാണാം: " ലൈലത്തുല്‍ ഖദ്റോ അതുപോലുള്ള മറ്റു രാവുകളോ ആഘോഷിക്കരുത്. അതുപോലെ ഏതെങ്കിലും പ്രത്യേക അവസരങ്ങളില്‍ ഉദാ: ശഅബാന്‍ പതിനഞ്ചാം രാവ്, ഇസ്റാഅ് മിഅ്റാജ് , മൗലിദുന്നബവി തുടങ്ങിയ ആഘോഷങ്ങള്‍ നിഷിദ്ധമാണ്. കാരണം അല്ലാഹുവിന്‍റെ റസൂലോ (സ) സ്വഹാബത്തോ ആരും തന്നെ അപ്രകാരം ചെയ്തതായി സ്ഥിരപ്പെട്ടിട്ടില്ല. "നമ്മുടെ മതത്തില്‍ ഇല്ലാത്ത ഒരു കാര്യത്തെ (മതത്തിന്‍റെ പേരില്‍) ആരെങ്കിലും കടത്തിക്കൂട്ടിയാല്‍ അത് മടക്കപ്പെടുന്നതാണ്" എന്ന് അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടുമുണ്ട്." - [ഫതാവ ലജ്നതുദ്ദാഇമ : 2/257-258].

അഞ്ച്: ആയുസ് വര്‍ദ്ധിക്കാനും, അപകടങ്ങള്‍ നീങ്ങാനും പ്രത്യേകമായി ശഅബാന്‍ പതിനഞ്ചാം രാവില്‍ ആറു റകഅത്തുകള്‍ നമസ്കരിക്കല്‍. ഇതും അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിച്ചിട്ടില്ലാത്ത മറ്റാരോ കടത്തിക്കൂട്ടിയ ബിദ്അത്താണ്.  

ഇത്തരം പുത്തന്‍ ആചാരങ്ങള്‍ എല്ലാം വെടിഞ്ഞ് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും ജീവിതത്തില്‍ പകര്‍ത്തി  ജീവിക്കാന്‍ ഓരോരുത്തരും പരിശ്രമിക്കുക. ഒരാള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ക്ക് ചെയ്യാന്‍ മാത്രം സുന്നത്തുകള്‍ അല്ലാഹുവിന്‍റെ റസൂല്‍ (സ) തന്നെ പഠിപ്പിച്ചിട്ടുണ്ട്. അതിലേക്ക് പുത്തന്‍ ആചാരങ്ങള്‍ കടത്തിക്കൂട്ടേണ്ടതില്ല. നിങ്ങള്‍ ആലോചിച്ച് നോക്ക് ഒരാള്‍ അമല്‍ വര്‍ദ്ധിപ്പിക്കാനും പ്രതിഫലം ആഗ്രഹിക്കാനും ഉദ്ദേശിക്കുന്നുവെങ്കില്‍ അയാള്‍ ശഅബാന്‍ പൂരിഭാഗവും നോമ്പ് പിടിച്ചുകൊള്ളട്ടെ. അതാണ്‌ റസൂല്‍ (സ) ചര്യ. അത് ഒരു പതിനഞ്ചിന് മാത്രം പരിമിതപ്പെടുത്തുന്നത് എന്തിന്. ഇനി സാധിക്കില്ലയെങ്കില്‍ അയാള്‍ അയ്യാമുല്‍ ബീള് അതായത് 13, 14, 15 ദിനങ്ങള്‍ നോമ്പ് നോല്‍ക്കട്ടെ അതും റസൂല്‍ (സ) പഠിപ്പിച്ച സുന്നത്ത് ആണ്. മാത്രമല്ല ശഅബാന്‍ മാസത്തില്‍ നോമ്പ് നോല്‍ക്കുന്നതിനാണ് യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമാസങ്ങളില്‍ നോമ്പ് നോല്‍ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠത. കാരണം അവയെക്കാള്‍ ശഅബാനില്‍ അല്ലാഹുവിന്‍റെ റസൂല്‍ നോമ്പ് നോല്‍ക്കാറുണ്ടായിരുന്നു. റജബിലെ നോമ്പിനാണ്  കൂടുതല്‍ ശ്രേഷ്ഠത എന്ന് പ്രചരിപ്പിക്കുന്ന ചിലരുടെ അറിവില്ലായ്മ മനസ്സിലാക്കാന്‍ സാന്ദര്‍ഭികമായി സൂചിപ്പിച്ചു എന്ന് മാത്രം.  അതുപോലെ രാത്രി നമസ്കാരം എല്ലാ രാവിലും ഉണ്ട്. അത് ജീവിതത്തിന്‍റെ ഭാഗമാക്കട്ടെ. അല്ലാഹുവിനെയും അവന്‍റെ റസൂലിനെയും ഇഷ്ടപ്പെടുന്ന ഒരാള്‍ അതല്ലേ ചെയ്യേണ്ടത്. നബി (സ) യുടെ മാതൃകയല്ലേ നാം പിന്‍പറ്റേണ്ടത്. അല്ലാഹുതൗഫീഖ് നല്‍കട്ടെ. അല്ലാഹു പറയുന്നത് നോക്കൂ:

قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ
"( നബിയേ, ) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ" - [ആലുഇംറാന്‍:31].  
അഞ്ചാമതായി: ഒരു വിഷയം കൂടി സൂചിപ്പിച്ചുകൊണ്ട് ശഅബാന്‍ മാസത്തെ സംബന്ധിച്ചുള്ള ഈ ലേഖനം അവസാനിപ്പിക്കുകയാണ്. ശഅബാന്‍ മാസത്തിന്‍റെ പാതി പിന്നിട്ടാല്‍ പിന്നെ നോമ്പ് നോല്‍ക്കരുത് എന്ന് ഹദീസ് ഉണ്ടോ ?. അതിന്‍റെ വിവക്ഷ എന്താണ് ?. ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നബി (സ) നോമ്പ് നോറ്റിരുന്നു എന്ന ഹദീസുകളും ഈ ഹദീസും തമ്മില്‍ എങ്ങനെ യോജിപ്പിച്ച് മനസ്സിലാക്കാം എന്നെല്ലാം ചിലര്‍ സംശയം ഉന്നയിക്കാറുണ്ട്. ആ ഹദീസ് ഇപ്രകാരമാണ്: 

عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال : إذا بقي نصف من شعبان فلا تصوموه

അബൂ ഹുറൈറ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ശഅബാനിലെ പകുതി മാത്രം ബാക്കിയായാല്‍ നിങ്ങള്‍ നോമ്പ് പിടിക്കരുത്" - [തിര്‍മിദി: 749. അല്‍ബാനി: സ്വഹീഹ്]. 

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) പറയുന്നു: "അതിന്‍റെ പൊരുള്‍ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോല്‍ക്കാന്‍ തുടങ്ങരുത് എന്നതാണ്. എന്നാല്‍ ഒരാള്‍ ശഅബാന്‍ പൂര്‍ണമായോ പൂരിഭാഗമോ നോമ്പെടുത്താല്‍ അവന്‍ അവന് ആ സുന്നത്ത് ലഭിച്ചിരിക്കുന്നു." - [മജ്മൂഉ ഫതാവ: വോ: 25]. 

 അഥവാ ശഅബാന്‍ പാതിക്ക് വെച്ച് നോമ്പ് നോറ്റു തുടങ്ങരുത്. എന്നാല്‍ ശഅബാന്‍ ഏറെക്കുറെ പൂര്‍ണമായും നോമ്പെടുക്കണം എന്ന ഉദ്ദേശത്തോടെ നേരത്തെ നോമ്പ് നോറ്റു തുടങ്ങിയവര്‍ക്ക് പാതി പിന്നിട്ട ശേഷവും നോമ്പ് തുടരുന്നത് കുഴപ്പമില്ല. ആ നിലക്ക് തന്നെ മറ്റു ഹദീസുകളുമായി ഈ ഹദീസിന് യാതൊരു വൈരുദ്ധ്യവുമില്ല എന്ന് മനസ്സിലാക്കാം. അതുപോലെ ശഅബാന്‍ മാസത്തിന്‍റെ അവസാനത്തില്‍ റമളാന് ഒന്നോ രണ്ടോ ദിവസം മുന്‍പായി നിങ്ങള്‍ നോമ്പ് നോല്‍ക്കരുത്. എന്നാല്‍ ആരെങ്കിലും സാധാരണയായി നോമ്പ് നോറ്റു വരുന്നയാള്‍ ആണെങ്കില്‍ ആ നോമ്പുമായി പൊരുത്തപ്പെട്ട് വന്നാല്‍ ഉദാ: തിങ്കള്‍, വ്യാഴം സ്ഥിരമായി നോല്‍ക്കുന്നവരെപ്പോലെ അവര്‍ക്ക് നോല്‍ക്കാവുന്നതാണ് എന്ന് നബി (സ) പഠിപ്പിച്ചിട്ടുണ്ട്. കാര്യങ്ങള്‍ വസ്തുനിഷ്ടമായി മനസ്സിലാക്കാനും അത് ജീവിതത്തില്‍ പകര്‍ത്താനും, നബി (സ) യുടെ ചര്യ പിന്‍പറ്റി ജീവിച്ച് നേര്‍മാര്‍ഗത്തില്‍ മരണമാടയാനും അല്ലാഹു നമുക്കേവര്‍ക്കും തൗഫീഖ് നല്‍കട്ടെ ... 

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 
www.fiqhussunna.com

Tuesday, March 20, 2018

റജബ് മാസത്തിന്‍റെ ശ്രേഷ്ടത - ഉള്ളതും ഇല്ലാത്തതും. ഒരു ലഘു പഠനം.



الحمد لله ، والصلاة والسلام على رسول الله وعلى آله وصحبه أجمعين، أما بعد؛

അല്ലാഹുപവിത്രമാക്കിയ യുദ്ധം നിഷിദ്ധമായ നാല് മാസങ്ങളില്‍ ഒന്നാണ് റജബ് മാസം. അല്ലാഹു പറയുന്നു:

 إِنَّ عِدَّةَ الشُّهُورِ عِنْدَ اللَّهِ اثْنَا عَشَرَ شَهْرًا فِي كِتَابِ اللَّهِ يَوْمَ خَلَقَ السَّمَاوَاتِ وَالْأَرْضَ مِنْهَا أَرْبَعَةٌ حُرُمٌ ذَلِكَ الدِّينُ الْقَيِّمُ فَلَا تَظْلِمُوا فِيهِنَّ أَنْفُسَكُمْ 

"ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ച ദിവസം അല്ലാഹു രേഖപ്പെടുത്തിയതനുസരിച്ച്‌ അല്ലാഹുവിന്‍റെ അടുക്കല്‍ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാകുന്നു. അവയില്‍ നാലെണ്ണം ( യുദ്ധം ) വിലക്കപ്പെട്ട  മാസങ്ങളാകുന്നു. അതാണ്‌ വക്രതയില്ലാത്ത മതം. അതിനാല്‍ ആ ( നാല്‌ ) മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട്‌ തന്നെ അക്രമം പ്രവര്‍ത്തിക്കരുത്‌." - [തൗബ: 36].

www. fiqhussunna.com

ഇമാം ത്വബ്'രി (റ) ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഈ ആയത്തിന്‍റെ തഫ്സീറില്‍ ഉദ്ദരിച്ചത് കാണാം: "എല്ലാ മാസങ്ങളിലും സ്വന്തത്തോട് അക്രമം പ്രവര്‍ത്തിക്കല്‍ (അഥവാ അധര്‍മ്മം ചെയ്യല്‍) നിഷിദ്ധമാണ്. പിന്നീട് അതില്‍ നിന്നും നാല് മാസങ്ങളെ അല്ലാഹു പ്രത്യേകം എടുത്ത് പറഞ്ഞു. അവയുടെ പവിത്രതയെ മഹത്വപ്പെടുത്തുകയും, അവയിലെ പാപങ്ങളെ ഗൗരവപരമായ പാപങ്ങളും അവയിലെ നന്മകളെ അതിമഹത്തായതായ നന്മകളുമാക്കിയിരിക്കുന്നു." - [തഫ്സീര്‍ ത്വബരി: തൗബ: 36].

  പവിത്രമാക്കപ്പെട്ട നാല് മാസങ്ങളില്‍ ഒന്ന് എന്ന നിലക്കും, ആ മാസങ്ങളില്‍ നിങ്ങള്‍ നിങ്ങളോട് തന്നെ അക്രമം പ്രവര്‍ത്തിക്കരുത് എന്ന് പ്രത്യേകം എടുത്ത് പറഞ്ഞതിനാലും ആ മാസങ്ങള്‍ക്ക് പ്രാധാന്യമുണ്ട്.

അബൂബക്കര്‍ (റ) നിവേദനം: റസൂല്‍ (സ) പറഞ്ഞു: " ഒരു വര്‍ഷം പന്ത്രണ്ട് മാസമാകുന്നു. അതില്‍ നാലെണ്ണം പവിത്രമാക്കപ്പെട്ട മാസങ്ങളാണ്. അതില്‍ മൂന്നെണ്ണം തുടര്‍ച്ചയായി വരുന്ന മാസങ്ങളാണ്, അഥവാ ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം. ജുമാദക്കും ശഅബാനിനും ഇടയിലുള്ള മുളറിന്റെ റജബുമാണത്"  - [متفق عليه]. ഇവിടെ മുളറിന്റെ റജബ് എന്നു പറയാന്‍ കാരണം, പവിത്രമാക്കപ്പെട്ട റജബ് മാസം ഏത് എന്നതില്‍ മുളര്‍ ഗോത്രത്തിനും റബീഅ ഗോത്രത്തിനും ഇടയില്‍ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. അത് റമളാന്‍ ആണ് എന്നായിരുന്നു റബീഅ ഗോത്രക്കാര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ മുളര്‍ ഗോത്രക്കാരുടെ വാദം ശരിവച്ചുകൊണ്ടാണ് 'റജബു മുളര്‍' എന്ന് നബി (സ) വ്യക്തമാക്കിയത്.

യുദ്ധം നിഷിദ്ധമാക്കപ്പെട്ട പവിത്രമായ മാസവും തിന്മകളെ അതിഗൗരവപരമായി പഠിപ്പിക്കപ്പെട്ടതും, നന്മകളെ ഏറെ മഹത്വകാരവും പ്രോത്സാഹനീയവുമായി പഠിപ്പിക്കപ്പെട്ടതുമായ മാസങ്ങളില്‍ ഒരു മാസം എന്നതൊഴിച്ചാല്‍,  പ്രത്യേകമായ മറ്റു ശ്രേഷ്ഠതകളോ ആചാരങ്ങളോ റജബ് മാസത്തിന് പഠിപ്പിക്കപ്പെട്ടിട്ടില്ല. ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകളും, ദുര്‍ബല ഹദീസുകളും തെളിവാക്കി ഒട്ടനേകം അനാചാരങ്ങള്‍ റജബ് മാസത്തില്‍ പലരും പ്രവര്‍ത്തിച്ചു വരുന്നതായിക്കാണാം. അത് സംബന്ധമായ വസ്തുതകളെക്കുറിച്ചാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്. അതുമായി ബന്ധപ്പെട്ട ഇമാമീങ്ങളുടെ വാക്കുകളിലേക്ക് നമുക്ക് കണ്ണോടിക്കാം:

ഒന്നാമതായി: റജബ് മാസത്തിന് മാത്രം പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, പ്രത്യേകമായ ആരാധനകളോ ഒന്നും തന്നെ നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ട് വന്നിട്ടില്ല.

ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി (റഹിമഹുല്ല) തന്‍റെ تبيين العجب بما ورد في فضل رجب  അഥവാ 'റജബിന്‍റെ ഫള്'ലുമായി  ബന്ധപ്പെട്ട് വന്നിട്ടുള്ള ആശങ്കകള്‍ വ്യക്തമാക്കല്‍' എന്ന ഗ്രന്ഥത്തില്‍ പറയുന്നു: 

قال الحافظُ ابنُ حجرٍ رحمه الله في : «لم يردْ في فضلِ شهرِ رجبٍ، ولا فِي صيامِه، ولا صيامِ شيءٍ منه معيَّنٍ، ولا في قيامِ ليلةٍ مخصوصةٍ فيهِ حديثٌ صحيحٌ يصلحُ للحجَّةِ، وقد سبقني إلى الجزمِ بذلك الإمامِ أبو إسماعيل الهرويُّ الحافظُ»
"റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എനിക്ക് മുന്‍പ് ഇമാം ഹാഫിള് അബൂ ഇസ്മാഈല്‍ അല്‍ ഹറവി തന്നെ അക്കാര്യം തീര്‍ത്ത് പറഞ്ഞിട്ടുണ്ട്." - [ تبيين العجب بما ورد في فضل رجب - ص9]. മാലിക്കീ മദ്ഹബിലെ പ്രഗല്‍ഭ പണ്ഡിതനായ ഇമാം ഹത്ത്വാബ് അല്‍ മാലിക്കി റഹിമഹുല്ല തന്‍റെ 'മവാഹിബുല്‍ ജലീല്‍ ശര്‍ഹു മുഖ്തസറുല്‍ ഖലീല്‍' എന്ന ഗ്രന്ഥത്തില്‍ വോ: 3 പേജ് 320 ല്‍ ഇമാം ഇബ്നു ഹജറിന്റെ വാക്കുകള്‍ എടുത്ത് കൊടുക്കുകയും വളരെ ശക്തമായി അതിനെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്.

റജബ് മാസത്തില്‍ ആരാധനകള്‍ അനുഷ്ടിക്കുന്നത് എന്ന നിഷിദ്ധമാണ് എന്ന നിലക്കല്ല, എന്നാല്‍ പ്രത്യേകമായി റജബ് മാസമാണ് എന്ന കാരണത്താല്‍ ആരാധനകള്‍ അര്‍പ്പിക്കല്‍ ഒരര്‍ത്ഥത്തിലും സ്ഥിരപ്പെട്ട് വന്നിട്ടില്ല. പവിത്രമാക്കപ്പെട്ട മാസങ്ങള്‍ എന്ന നിലക്ക് ദുല്‍ഖഅദ, ദുല്‍ഹിജ്ജ, മുഹര്‍റം മാസങ്ങള്‍ക്ക് എന്ത് ശ്രേഷ്ഠതയാണോ ഉള്ളത് അതുമാത്രമേ റജബിനും ഉള്ളൂ.

രണ്ടാമതായി: റജബുമായി ബന്ധപ്പെട്ട് ധാരാളം കെട്ടിച്ചമക്കപ്പെട്ട ഹദീസുകള്‍ ഉണ്ട്. നബി (സ) യുടെ മേല്‍ കളവായി കെട്ടിച്ചമക്കപ്പെട്ടവയാണവ. മറ്റു ചിലത് ളഈഫായവയും: 

  1. "ആദ്യമായി റജബ് മാസം അറിയിക്കുന്നവന് നരകം നിഷിദ്ധമാണ്" (ഇങ്ങനെയൊരു ഹദീസ് പ്രാമാണികമായ ഒരു ഹദീസ് ഗ്രന്ഥങ്ങളിലും ഇല്ല എന്ന് മാത്രമല്ല. അല്ലാഹുവിന്‍റെ റസൂലിന്‍റെ മേലുള്ള പച്ചക്കളവാണ്. ഇന്‍റര്‍നെറ്റിലൂടെ ആരോ പടച്ചുവിട്ട കളവ്).
    .
  2. "റജബ് അല്ലാഹുവിന്‍റെ മാസമാണ്. ശഅബാന്‍ എന്റെയും റമളാന്‍ എന്‍റെ ഉമ്മത്തിന്റെയും" - (ഈ ഹദീസ്, ضعيف അഥവാ ദുര്‍ബലമാണ്)
    .
  3. "റജബില്‍ നിന്ന് ഈമാനോടെയും, പ്രതിഫലേച്ഛയോടെയും ആരെങ്കിലും നോമ്പ് നോല്‍ക്കുകയാണെങ്കില്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  4.  "റജബിന് മറ്റു സര്‍വ മാസങ്ങളെക്കാളുമുള്ള ശ്രേഷ്ഠത .... " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  5.  "റജബില്‍ ഒരു വിശ്വാസിയുടെ പ്രയാസം ആരെങ്കിലും നീക്കിക്കൊടുത്താല്........ " - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  6. "റജബിലെ ദിനങ്ങള്‍ ആറാനാകാശത്തിലെ കവാടത്തിന്മേല്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. അതില്‍ നിന്ന് ഒരു ദിനമെങ്കിലും ആരെങ്കിലും നോമ്പ് പിടിച്ചാല്‍ ......." - (അതിന്‍റെ സനദില്‍ മുഹദ്ദിസീങ്ങള്‍ كذاب അഥവാ കളവ് പറയുന്നവന്‍ എന്ന് രേഖപ്പെടുത്തിയ ആളുണ്ട്. അതിനാല്‍ അത് അത്യധികം ദുര്‍ബലമാണ്).
    .
  7. "റജബിലെ ഒരു ദിവസം ആരെങ്കിലും നോമ്പ് പിടിക്കുകയും നാല് റകഅത്ത് പ്രത്യേക നമസ്കാരം നിര്‍വഹിക്കുകയും ചെയ്‌താല്‍ ........" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  8. "റജബ് ഇരുപത്തിയേഴാം രാവില്‍ ആരെങ്കിലും രാത്രി നിന്ന് നമസ്കരിച്ചാല്‍ ................." - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  9. "റജബ് പകുതിയിലെ രാവില്‍ ആരെങ്കിലും പതിനാല് റകഅത്ത് നമസ്കരിച്ചാല്‍......" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  10.  "റജബ് ഇരുപത്തിയേഴിനാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്" - (ഈ ഹദീസ് موضوع അഥവാ കെട്ടിച്ചമക്കപ്പെട്ടതാണ്).
    .
  11.  "അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും ശഅബാനിലും ബര്‍ക്കത്ത് ചൊരിയേണമേ.. നീ ഞങ്ങള്‍ക്ക് റമളാന്‍ വന്നെത്തിക്കേണമേ" - (ഈ ഹദീസ് ضعيف അഥവാ ദുര്‍ബലമാണ്).
 ഇമാം ഇബ്നു ഹജര്‍ അല്‍അസ്ഖലാനി റഹ്മതുല്ലാഹി അലൈഹി സൂചിപ്പിച്ചത് പോലെ ഇത്തരത്തില്‍ റജബിന്‍റെ മഹത്വം പ്രത്യേകമായി എടുത്ത് പറഞ്ഞുകൊണ്ട് വന്ന എല്ലാ ഹദീസുകളും ഒന്നുകില്‍ ദുര്‍ബലമോ അല്ലെങ്കില്‍ കെട്ടിച്ചമക്കപ്പെട്ട കളവോ ആണ്.റജബുമായി ബന്ധപ്പെട്ട് ഇമാം ഇബ്നു ഹജര്‍ റഹ്മതുല്ലാഹി അലൈഹി സമാഹരിച്ച ദുര്‍ബല ഹദീസുകളുടെ എണ്ണം പതിനൊന്നും, മൗളൂആയ കെട്ടിച്ചമക്കപ്പെട്ട കള്ളഹദീസുകളുടെ എണ്ണം ഇരുപത്തി ഒന്നോളവും ആണ്. അദ്ദേഹം പറയുന്നു: "റജബ് മാസത്തിന്‍റെ ശ്രേഷ്ഠതയോ, റജബ് മാസത്തില്‍ നോമ്പെടുക്കുന്നതിന്റെ ശ്രേഷ്ഠതയോ, അതില്‍ ഏതെങ്കിലും പ്രത്യേകമായ ദിവസത്തിലെ നോമ്പിന്‍റെ പ്രത്യേകതയോ സൂചിപ്പിച്ചുകൊണ്ട് പ്രത്യക്ഷമായി വന്ന ഹദീസുകള്‍ എല്ലാം തന്നെ രണ്ട് ഇനങ്ങളാണ്: ഒന്ന് ദുര്‍ബലവും മറ്റൊന്ന് കെട്ടിച്ചമക്കപ്പെട്ടതും"

മൂന്നാമതായി: റജബ് മാസത്തിന് മറ്റു മാസങ്ങള്‍ക്കില്ലാത്ത പ്രത്യേകമായ ശ്രേഷ്ഠത കല്‍പിക്കലും അതില്‍ പ്രത്യേക ആചാരങ്ങള്‍ അനുഷ്ടിക്കലും  ജാഹിലിയാ കാലഘട്ടത്തിലെ പ്രവര്‍ത്തിയാണ്:

ഉമര്‍ ബ്നുല്‍ ഖത്താബ് (റ) വില്‍ നിന്നും ഇമാം ഇബ്നു അബീ ശൈബ റഹിമഹുല്ലാഹ് ഉദ്ദരിക്കുന്നു: " റജബ് ജാഹിലിയത്തിലെ ആളുകള്‍ മഹത്വവല്‍ക്കരിച്ചിരുന്ന മാസമാണ്. ഇസ്‌ലാം വന്നതിനു ശേഷം അത് ഉപേക്ഷിക്കപ്പെട്ടു". - [മുസ്വന്നഫ് ഇബ്നു അബീ ശൈബ: 2/ 345].

നാലാമതായി:
  റജബ് 27ന് ഇസ്റാഅ് മിഅറാജ് ആഘോഷിക്കലും ആ ദിവസം നോമ്പ് പിടിക്കലും ബിദ്അത്തുകളില്‍ പെട്ടതാണ്. 

നബി (സ) യോ, സ്വഹാബത്തോ ആരും തന്നെ അപ്രകാരം ഒരു ദിനം ആഘോഷിച്ചതായി സ്ഥിരപ്പെട്ടിട്ടില്ല.

റസൂല്‍ (സ) പറഞ്ഞു: "നമ്മുടെ ഈ മതത്തില്‍ ഇല്ലാത്തതിനെ വല്ലവനും പുതുതായുണ്ടാക്കിയാല്‍ അത് മടക്കപ്പെടുന്നതാണ്" - [ബുഖാരി, മുസ്‌ലിം]. അഥവാ അത് അവന്‍റെ മേല്‍ ശിക്ഷയായി മടങ്ങുന്നതാണ്. കാരണം അല്ലാഹുവിന്‍റെ റസൂല്‍ മതപരമായ എല്ലാ കര്‍മങ്ങളും വിശ്വാസികള്‍ക്ക് പഠിപ്പിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ അല്ലാഹുവിന്‍റെ റസൂല്‍ പഠിപ്പിചിട്ടില്ലാത്ത ആഘോഷങ്ങള്‍ അനുഷ്ടിക്കുക വഴി നബി (സ) ദൗത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തി എന്ന് ആരോപിക്കുംവിധം നബി (സ) അപകീര്‍ത്തിപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്.  മിഅ്റാജ് നോമ്പ് അനുഷ്ടിക്കുന്നവരും ഇതില്‍ നിന്നും വ്യത്യസ്ഥമല്ല. കാരണം അങ്ങനെയൊരു നോമ്പ് നബി (സ) പഠിപ്പിച്ചിട്ടില്ല.ഇമാം ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി റഹിമഹുല്ല പറയുന്നു: "റജബ് മാസത്തിന് പ്രത്യേകമായുള്ള ശ്രേഷ്ഠതയോ, അതില്‍ പ്രത്യേകം നോമ്പ് നോല്‍ക്കുന്നതോ, അതിലെ പ്രത്യേക ദിവസങ്ങള്‍ തിരഞ്ഞെടുത്ത് നോമ്പ് നോല്‍ക്കുന്നതോ, അതിലെ ഏതെങ്കിലും പ്രത്യേക രാവില്‍ രാത്രി നമസ്കാരം നിര്‍വഹിക്കുന്നതോ സൂചിപ്പിച്ചുകൊണ്ട് തെളിവ് പിടിക്കാന്‍ കൊള്ളാവുന്ന ഒരു ഹദീസും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല." - [ تبيين العجب بما ورد في فضل رجب - ص9].

അഞ്ചാമതായി:  റജബ് മാസത്തില്‍ പ്രത്യേകം ഉംറ ചെയ്യല്‍. ഉംറ ഏത് മാസങ്ങളിലും നിര്‍വഹിക്കാവുന്നതാണ്. എന്നാല്‍ റജബ് മാസത്തിലെ ഉംറക്ക് പ്രത്യേക പുണ്യമുണ്ട് എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഉംറ കര്‍മം നിര്‍വഹിക്കുന്നത് ബിദ്അത്തുകളില്‍ പെട്ടതാണ്. മാത്രമല്ല റജബ് മാസത്തില്‍ പ്രത്യേകമായി ഉംറ കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്ക് റസൂല്‍ (സ) യുടെ പത്നി മഹതിയായ ഉമ്മുല്‍ മുഅ്മിനീന്‍ ആയിശ (റ) തന്നെ മറുപടി നല്‍കിയിട്ടുമുണ്ട്. ഇമാം ബുഖാരിയും ഇമാം മുസ്‌ലിമും മഹതിയായ ആയിശ (റ) യില്‍ നിന്നും ഉദ്ദരിക്കുന്നു:
ما اعتمر رسول الله صلى الله عليه وسلم في رجب قط

"റസൂല്‍ (സ) ഒരിക്കലും റജബ് മാസത്തില്‍ ഉംറ നിര്‍വഹിച്ചിട്ടില്ല" - [ബുഖാരി: 1776, മുസ്‌ലിം: 1255].

ഇമാം നവവി റഹിമഹുല്ലയുടെ ശിഷ്യന്മാരില്‍ പ്രഗല്‍ഭനായ ഇബ്നുല്‍ അത്ത്വാര്‍ റഹിമഹുല്ല പറയുന്നു:

" ومما بلغني عن أهل مكة زادها الله شرفاً اعتياد كثرة الاعتمار في رجب , وهذا مما لا أعلم له أصلاً , بل ثبت في حديث أن النبي صلى الله عليه وسلم قال : ( عمرة في رمضان تعدل حجة ) "

"മക്കക്കാരെക്കുറിച്ച് അവര്‍ റജബ് മാസത്തില്‍ ധാരാളമായി ഉംറ കര്‍മം നിര്‍വഹിക്കുന്നത് എനിക്കറിയാന്‍ സാധിച്ചു. അതിന് യാതൊരു അടിസ്ഥാനവുമുള്ളതായി എനിക്കറിയില്ല. "ആരെങ്കിലും റമളാനില്‍ ഒരു ഉംറ നിര്‍വഹിച്ചാല്‍ അത് ഹജ്ജ് നിര്‍വഹിച്ചതുപോലെയാണ്" എന്നാണ് നബി (സ) യില്‍ നിന്നും സ്ഥിരപ്പെട്ടിട്ടുള്ളത്".

ഉംറക്ക് മറ്റു മാസങ്ങളേക്കാള്‍ പ്രത്യേകമായ ശ്രേഷ്ഠത പഠിപ്പിക്കപ്പെട്ടിട്ടുള്ളത്‌ റമളാനിനും, ശവാല്‍, ദുല്‍ഖഅദ, ദുല്‍ഹിജ്ജ എന്നീ ഹജ്ജ് മാസങ്ങള്‍ എന്നറിയപ്പെടുന്ന മൂന്ന്‍ മാസങ്ങള്‍ക്കുമാണ്.

ആറാമതായി: 
 (صلاة الرغائب) ആഗ്രഹ സഫലീകരണ നമസ്കാരം ഇതും റജബ് മാസത്തോടനുബന്ധിച്ച് ചിലര്‍ ഉണ്ടാക്കിയ അനാചാരമാണ്. ഇമാം നവവി പറയുന്നു: 

الصلاة المعروفة بصلاة الرغائب , وهي ثنتا عشرة ركعة تصلى بين المغرب والعشاء ليلة أول جمعة في رجب , وصلاة ليلة نصف شعبان مائة ركعة وهاتان الصلاتان بدعتان ومنكران قبيحتان ولا يغتر بذكرهما في كتاب قوت القلوب , وإحياء علوم الدين , ولا بالحديث المذكور فيهما فإن كل ذلك باطل ، ولا يغتر ببعض من اشتبه عليه حكمهما من الأئمة فصنف ورقات في استحبابهما فإنه غالط في ذلك , وقد صنف الشيخ الإمام أبو محمد عبد الرحمن بن إسماعيل المقدسي كتابا نفيسا في إبطالهما فأحسن فيه وأجاد رحمه الله 

" സ്വലാത്തുര്‍ റഗാഇബ് എന്നറിയപ്പെടുന്ന (ആഗ്രഹസഫലീകരണ) നമസ്കാരം, അതായത് റജബ് മാസത്തിലെ ആദ്യത്തെ ജുമുഅ ദിവസം മഗ്രിബിനും ഇഷാക്കും ഇടയില്‍ നമസ്കരിക്കുന്ന പന്ത്രണ്ട് റകഅത്ത് നമസ്കാരം, അതുപോലെ ശഅബാന്‍ പതിനഞ്ചിന് നമസ്കരിക്കുന്ന നൂറ് റകഅത്ത് നമസ്കാരം ഇവ രണ്ടും ബിദ്അത്താണ്. അവ അങ്ങേയറ്റം വലിയ തിന്മയും  മ്ലേച്ചവുമാണ്. 'ഖൂതുല്‍ ഖുലൂബ്' എന്ന ഗ്രന്ഥത്തിലോ, 'ഇഹ്'യാ ഉലൂമുദ്ദീന്‍' എന്ന ഗ്രന്ധത്തിലോ അവ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട് എന്നതിനാലോ, അതുമായി ബന്ധപ്പെട്ട ഹദീസ് കണ്ടോ ആരും തന്നെ വഞ്ചിതരാവേണ്ടതില്ല. അവയെല്ലാം തന്നെ ബാത്വിലാണ്. അതുപോലെ അതിന്‍റെ മതവിധി വ്യക്തമല്ലാത്തതിനാല്‍ അത് പുണ്യകരമാണ് എന്ന നിലക്ക് കൃതിയെഴുതിയ ഇമാമീങ്ങളുടെ വാക്കുകള്‍ കണ്ടും ആരും വഞ്ചിതരാകേണ്ട. കാരണം അവര്‍ക്ക് ആ വിഷയത്തില്‍ തെറ്റുപറ്റിയിരിക്കുന്നു. ശൈഖ് ഇമാം അബൂ മുഹമ്മദ്‌ അബ്ദു റഹ്മാന്‍ ബ്ന്‍ ഇസ്മാഈല്‍ അല്‍ മഖ്ദിസി ആ രണ്ട് നമസ്കാരങ്ങളും (ബിദ്അത്തും) വ്യാജവുമാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് വളരെ വിലപ്പെട്ട ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. വളരെ നല്ല രൂപത്തില്‍ വസ്തുനിഷ്ഠമായി അദ്ദേഹം ആ രചന നിര്‍വഹിച്ചിരിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് കരുണ ചെയ്യട്ടെ." - [അല്‍മജ്മൂഅ് : 3/548]. 

ഏഴാമതായി: (عتيرة رجب) അഥവാ റജബ് മാസത്തിലെ അറവ്. ജാഹിലിയാ കാലഘട്ടത്തിലെ ആളുകള്‍ ഉളുഹിയത്ത് പോലെ റജബ് മാസത്തില്‍ അനുഷ്ടിച്ച് പോന്നിരുന്ന ഒരാചാരമായിരുന്നു 'അതീറതു റജബ്' അഥവാ റജബ് മാസത്തിലെ അറവ്. ഇസ്‌ലാം വന്നതിനു ശേഷം ഈ അനുഷ്ടാനം നിലനില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയുണ്ട്. അത് അനുവദിക്കുന്നതായും, വിരോധിക്കുന്നതായും വന്ന ഹദീസുകള്‍ ആണ് ഈ അഭിപ്രായഭിന്നത ഉണ്ടാകാന്‍ കാരണം.

വ്യത്യസ്ഥ അഭിപ്രായങ്ങളാണ് പ്രസ്തുത വിഷയത്തില്‍ ഫുഖഹക്കള്‍ക്ക് ഉള്ളത്.  

ഒന്നാമത്തെ അഭിപ്രായം അത് പുണ്യകരമാണ്. മഹാനായ ഇമാം ശാഫിഇ റഹിമഹുല്ല ഈ അഭിപ്രായക്കാരനാണ്. അതിന് അദ്ദേഹം തെളിവ് പിടിച്ച ഹദീസുകള്‍  ഇപ്രകാരമാണ്:

عن عمرو بن شعيب عن أبيه عن جده أن النبي صلى الله عليه وسلم سئل عن َالْعَتِيرَةُ فقَالَ : ( الْعَتِيرَةُ حَقٌّ )

അംറു ബ്നു ശുഐബ് അദ്ദേഹത്തിന്‍റെ പിതാവില്‍ നിന്നും അദ്ദേഹം തന്‍റെ പിതാവില്‍ നിന്നും ഉദ്ദരിക്കുന്നു: നബി (സ) യോട് അതീറയെക്കുറിച്ച് (അഥവാ റജബ് മാസത്തിലെ അറവിനെക്കുറിച്ച്) ചോദിക്കപ്പെട്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: അതീറ സത്യമാണ്." - [മുസ്നദ് അഹ്മദ്: 6674, നസാഇ: 4225, അല്‍ബാനി: ഹദീസ് ഹസന്‍, സ്വഹീഹുല്‍ ജാമിഅ്: 4122].

അതുപോലെ: 

عن مِخْنَفِ بْنِ سُلَيْمٍ قَالَ : كُنَّا وُقُوفًا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِعَرَفَاتٍ فَسَمِعْتُهُ يَقُولُ : ( يَا أَيُّهَا النَّاسُ عَلَى كُلِّ أَهْلِ بَيْتٍ فِي كُلِّ عَامٍ أُضْحِيَّةٌ وَعَتِيرَةٌ . هَلْ تَدْرُونَ مَا الْعَتِيرَةُ ؟ هِيَ الَّتِي تُسَمُّونَهَا الرَّجَبِيَّةَ  

മിഖ്നഫ് ബ്ന്‍ സുലൈം പറഞ്ഞു: ഞങ്ങള്‍ നബി (സ) യോടൊപ്പം അറഫയില്‍ ആയിരിക്കുന്ന വേളയില്‍ അദ്ദേഹം പറയുന്നതായി ഞാന്‍ കേട്ടു: അല്ലയോ ജനങ്ങളേ, എല്ലാ വര്‍ഷവും, എല്ലാ വീട്ടുകാരുടെ മേലും ഉളുഹിയത്തും, അതീറയും ബാധകമാണ്. അതീറ എന്നാല്‍ എന്തെന്ന് നിങ്ങള്‍ക്കറിയുമോ ?. അതാണ്‌ നിങ്ങള്‍ റജബിയ്യ എന്ന് വിളിക്കുന്നത്." - [അബൂദാവൂദ്: 2788, തിര്‍മിദി: 1518. അല്‍ബാനി: ഹദീസ് ഹസന്‍].

രണ്ടാമത്തെ അഭിപ്രായം: അത് നിഷിദ്ധമാണ്. കാരണം അത് കല്പിച്ചതിന് ശേഷം പിന്നീട് നബി (സ) അത് വിലക്കിയിട്ടുള്ളതിനാല്‍ അത് 'നസ്ഖ്' ചെയ്യപ്പെട്ടു അഥവാ അത് പിന്നീട് നബി (സ) വിരോധിച്ചു എന്നതാണ് ഇപ്രകാരം അഭിപ്രായപ്പെട്ടവര്‍ പരാമര്‍ശിച്ചിട്ടുള്ളത്. അതിനായി അവര്‍ തെളിവ് ഉദ്ദരിച്ചത്:

 عَنْ أَبِي هُرَيْرَةَ رضي الله عنه عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : ( لا فَرَعَ وَلا عَتِيرَةَ ) 

അബൂ ഹുറൈറ (റ) നിവേദനം: "ഫറഓ, അതീറയോ (മതത്തില്‍) ഇല്ല" - [ബുഖാരി: 5474, മുസ്‌ലിം: 1976].
 
അതുപോലെ അവരുടെ തെളിവാണ്:

من تشبه بقوم فهو منهم

 നബി (സ) അരുളി: "ആരെങ്കിലും ഏതെങ്കിലും ഒരു സമുദായവുമായി സാദൃശ്യം വച്ചുപുലര്‍ത്തിയാല്‍ അവന്‍ അവരില്‍പ്പെട്ടവനാണ്" - [അബൂദാവൂദ്: 4031]. അതീറ എന്നത് ജാഹിലിയാ കാലഘട്ടത്തിലെ ആചാരമായിരുന്നു. അതുകൊണ്ട് അത് നബി (സ) പിന്നീട് വിലക്കിയിട്ടുണ്ട്. അത് പ്രവര്‍ത്തിക്കുക എന്നത് ജാഹിലിയത്തിലെ ആളുകളോട് സാമ്യം പുലര്‍ത്തലാണ്.


ഇമാം നവവി റഹിമഹുല്ല തന്‍റെ സ്വഹീഹ് മുസ്‌ലിമിന്‍റെ ശറഹില്‍ ഇമാം ഖാളി ഇയാളില്‍ നിന്നും ഉദ്ദരിക്കുന്നു:

" إن الأمر بالعتيرة منسوخ عند جماهير العلماء " 

"അതീറ നിര്‍വഹിക്കാനുള്ള കല്പന ബഹുപൂരിപക്ഷം പണ്ഡിതന്മാരുടെ പക്കലും 'നസ്ഖ്' ചെയ്യപ്പെട്ട അഥവാ പിന്കാലത്ത് ദുര്‍ബലപ്പെടുത്തപ്പെട്ട നിയമമാണ്" - [ശറഹു മുസ്‌ലിം: 13/37]. 

ശാഫിഈ മദ്ഹബിലെ മറ്റു ചില പണ്ഡിതന്മാരുടെ അഭിപ്രായപ്രകാരം അത് പുണ്യകരമോ വെറുക്കപ്പെട്ടതോ അല്ല എന്ന് ഇമാം നവവി തന്‍റെ അല്‍മജ്മൂഇല്‍ രേഖപ്പെടുത്തിയിട്ടുണ്ട്. [8/445]. 

അതീറയെപ്പറ്റി പരാമര്‍ശിക്കുന്ന ഹദീസുകള്‍ ഉദ്ദരിച്ച ശേഷം ഇമാം ഇബ്നുല്‍ മുന്‍ദിര്‍ റഹിമഹുല്ല പറയുന്നു:  

وَقَدْ كَانَتْ الْعَرَب تَفْعَل ذَلِكَ فِي الْجَاهِلِيَّة ، وَفَعَلَهُ بَعْض أَهْل الإِسْلام , فَأَمَرَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ بِهِمَا ثُمَّ نَهَى عَنْهُمَا رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ ، فَقَالَ : ( لا فَرَع وَلا عَتِيرَة ) فَانْتَهَى النَّاس عَنْهُمَا لِنَهْيِهِ إِيَّاهُمْ عَنْهُمَا

"അറബികള്‍ അത് ജാഹിലിയ്യാ കാലഘട്ടത്തില്‍ ചെയ്യാറുള്ള ഒരു കാര്യമായിരുന്നു.  മുസ്‌ലിമീങ്ങളില്‍പ്പെട്ട ചിലരും അത് പ്രവര്‍ത്തിച്ചു. അപ്പോള്‍ നബി (സ) ആദ്യം അവ കല്പിക്കുകയും പിന്നീട് അവ വിലക്കുകയും ചെയ്തു. അദ്ദേഹം പറഞ്ഞു: "ഫറഓ അതീറയോ ഇല്ല". നബി (സ) വിലക്കിയത് കാരണത്താല്‍ ആളുകള്‍ അവ രണ്ടും ഉപേക്ഷിച്ചു." 
ഇതില്‍ പ്രബലമായ അഭിപ്രായമായി മനസ്സിലാക്കാന്‍ സാധിക്കുന്നത് അത് 
പിന്കാലത്ത് നസ്ഖ് ചെയ്യപ്പെട്ടു എന്നതാണ്. എന്നാല്‍ നേരത്തെ സൂചിപ്പിച്ച ഹദീസുകളുടെ അടിസ്ഥാനത്തില്‍ അതാരെങ്കിലും നിര്‍വഹിച്ചാല്‍ അത് ബിദ്അത്ത് എന്ന് പറയാന്‍ സാധിക്കില്ല. കാരണം ആ വിഷയത്തില്‍ പ്രാമാണികമായ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍. 

എട്ടാമാതായി: റജബിലുള്ള പ്രത്യേക പ്രാര്‍ത്ഥന എന്ന നിലക്ക് പറയപ്പെടുന്ന:

اللهم بارك لنا في رجب وشعبان وبلغنا رمضان 

"അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇത് ഉദ്ദരിക്കപ്പെട്ടത് ഇമാം അഹ്മദ് റഹിമഹുല്ലയുടെ മകന്‍ (زوائد المسند) എന്ന ഗ്രന്ഥത്തില്‍ (2346) നമ്പര്‍ ഹദീസായും, ഇമാം ത്വബറാനി തന്‍റെ (الأوسط) എന്ന ഗ്രന്ഥത്തില്‍ (3939) നമ്പര്‍ ഹദീസായും, ഇമാം ബൈഹഖി തന്‍റെ ശുഅബില്‍ (3534) നമ്പര്‍ ഹദീസായുമാണ്.

സാഇദ ബ്നു അബീ റുഖാദ് ഈ ഹദീസ് സിയാദ് അന്നുമൈരി എന്നയാളില്‍ നിന്നും അദ്ദേഹം അനസ് ബ്ന്‍ മാലിക്ക് (റ) വില്‍ നിന്നുമാണ് അത് ഉദ്ദരിക്കുന്നത്. ഹദീസ് ഇപ്രകാരമാണ്:

كَانَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ رَجَبٌ قَالَ: ( اللَّهُمَّ بَارِكْ لَنَا فِي رَجَبٍ، وَشَعْبَانَ، وَبَلِّغْنَا رَمَضَانَ )

"റജബ് മാസം പ്രവേശിച്ചാല്‍ നബി (സ) ഇപ്രകാരം പറയാറുണ്ടായിരുന്നു:  അല്ലാഹുവേ നീ ഞങ്ങള്‍ക്ക് റജബിലും, ശഅബാനിലും അനുഗ്രഹം ചൊരിയുകയും, ഞങ്ങള്‍ക്ക് നീ റമളാന്‍ വന്നെത്തിക്കുകയും ചെയ്യേണമേ"

ഇതിന്‍റെ സനദ് ളഈഫാണ്. ഈ ഹദീസിന്‍റെ സനദില്‍ ഉള്ള സിയാദ് അന്നുമൈരി എന്നയാള്‍ 'ളഈഫ്' അഥവാ ഹദീസ് നിദാനശാസ്ത്രപ്രകാരം ദുര്‍ബലനാണ്. ഇമാം ഇബ്നു മഈന്‍ ഇയാള്‍ ദുര്‍ബലനാണ് എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം അബൂ ഹാതിം: ഇയാളെ തെളിവ്പിടിക്കാന്‍ കൊള്ളില്ല എന്ന് പറഞ്ഞിട്ടുണ്ട്. അതുപോലെ ഇനം ഇബ്നു ഹിബ്ബാന്‍ ഇയാളെ ദുര്‍ബലന്മാരുടെ ഗണത്തില്‍ എണ്ണുകയും 'ഇയാളുടെ ഹദീസുകള്‍ കൊണ്ട്  തെളിവ് പിടിക്കാന്‍  പാടില്ല' എന്ന് പറയുകയും ചെയ്തിട്ടുണ്ട്. - [ميزان الإعتدال : 2 /91] നോക്കുക.

ഇനി ഇയാളില്‍ നിന്ന് ഈ ഹദീസ് ഉദ്ദരിച്ച സാഇദ ബ്നു അബീ റുഖാദ് ആകട്ടെ ഇയാളെക്കാള്‍ ദുര്‍ബലനാണ്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണെന്ന് ഇമാം ബുഖാരിയും ഇമാം നസാഇയും പറഞ്ഞിട്ടുണ്ട്.

മാത്രമല്ല ഒരുപറ്റം മുഹദ്ദിസീങ്ങള്‍ ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.  ഇമാം നവവി തന്‍റെ 'അല്‍അദ്കാര്‍' എന്ന ഗ്രന്ഥത്തില്‍ ഇത് ദുര്‍ബലപ്പെടുത്തിയിട്ടുണ്ട് (പേജ്: 189). അതുപോലെ ഇബ്നു റജബ് തന്‍റെ 'ലത്വാഇഫുല്‍ മആരിഫ്' എന്ന ഗ്രന്ഥത്തിലും (പേജ്: 121)
 ശൈഖ് അല്‍ബാനി തന്‍റെ 'ളഈഫുല്‍ ജാമിഅ്' എന്ന ഗ്രന്ഥത്തിലും (ഹദീസ്: 4395) ഈ ഹദീസ് ദുര്‍ബലമാണ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇമാം നൂറുദ്ദീൻ അല്‍ ഹൈതമി റഹിമഹുല്ല ഈ ഹദീസിനെ സംബന്ധിച്ച് പറയുന്നു: 

" رَوَاهُ الْبَزَّارُ وَفِيهِ زَائِدَةُ بْنُ أَبِي الرُّقَادِ قَالَ الْبُخَارِيُّ: مُنْكَرُ الْحَدِيثِ، وَجَهَّلَهُ جَمَاعَةٌ " 

 "ഇമാം ബസാര്‍ അതുദ്ദരിച്ചിട്ടുണ്ട്. അതിന്‍റെ സനദില്‍ സാഇദ ബ്നു അബീ റുഖാദ് എന്ന് പറയുന്നയാളുണ്ട്. അയാള്‍ 'മുന്‍കറുല്‍ ഹദീസ്' ആണ്. അയാള്‍ മജ്ഹൂലായ ആളാണ്‌ എന്നും ചിലര്‍ രേഖപ്പെടുത്തിയിട്ടുണ്ട്" - [مجمع الزوائد : 2/165].

അതുകൊണ്ടുതന്നെ അപ്രകാരമുള്ള ഒരു പ്രത്യേകം ദുആ റസൂല്‍ (സ) യില്‍ നിന്നും സ്ഥിരപ്പെട്ടു വന്നതായി സ്വഹീഹായ ഹദീസുകള്‍ ഒന്നും തന്നെ കാണാന്‍ സാധിക്കില്ല. അതിനാല്‍ അപ്രകാരം പ്രത്യേകം ദുആ റജബ് മാസവുമായി ബന്ധപ്പെടുത്തി അനുഷ്ടിക്കുന്നതും നിഷിദ്ധമാണ്.  

........................... ....................

അതുകൊണ്ട് എന്‍റെ ലേഖനം വായിക്കുന്ന ഓരോ മുസ്‌ലിമിനോടും പറയാനുള്ളത് അല്ലാഹുവിന്‍റെ റസൂലിനെ പിന്തുടരുക എന്നതാണ് രക്ഷയുടെ മാര്‍ഗം. അതുമാത്രമാണ് രക്ഷയുടെ മാര്‍ഗം. അല്ലാഹുവോടും അവന്‍റെ റസൂലിനോടും ഇഷ്ടവും കൂറുമുള്ളവര്‍ ചെയ്യേണ്ടത് അതാണ്‌. അല്ലാഹു സുബ്ഹാനഹു വ തആല പറയുന്നത് നോക്കൂ:

 قُلْ إِنْ كُنْتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِي يُحْبِبْكُمُ اللَّهُ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَاللَّهُ غَفُورٌ رَحِيمٌ

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." - [ആലുഇംറാന്‍: 31].

അതെ നിങ്ങള്‍ അല്ലാഹുവിനെ സ്നേഹിക്കുന്നുണ്ടെങ്കില്‍, അല്ലാഹുവിന്റെ റസൂലിനെ പിന്തുടരുവിന്‍. എങ്കില്‍ അല്ലാഹു നിങ്ങളെയും സ്നേഹിക്കും. മറിച്ച് അല്ലാഹുവിന്‍റെ ദീനില്‍ അല്ലാഹു പഠിപ്പിച്ചിട്ടില്ലാത്ത ആചാരങ്ങള്‍ കടത്തിക്കൂട്ടിയാല്‍ അതി ഭയാനകമായ ശിക്ഷയായിരിക്കും അവനെ കാത്തിരിക്കുന്നത്. ഹൗളില്‍ നിന്ന് പാനീയം ലഭിക്കാതെ ആട്ടിയോടിക്കപ്പെടുന്നവരുടെ കൂട്ടത്തിലാണ് അല്ലാഹുവിന്‍റെ റസൂല്‍ ബിദ്അത്തുകാരെ എന്നിയിട്ടുള്ളത്. അല്ലാഹു നമ്മെയും നമ്മുടെ കുടുംബത്തെയും കാത്തു രക്ഷിക്കുമാറാകട്ടെ....

അല്ലാഹുവാണ് കൂടുതല്‍ അറിയുന്നവന്‍.....


അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ 

Tuesday, November 14, 2017

നബിദിനാഘോഷം - മസ്ജിദുന്നബവിയിലെ മുദരിസ് ശൈഖ് സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ സിന്‍ദി.




നബിദിനം ആഘോഷിക്കുന്നതിനെക്കുറിച്ച് മദീനയിലെ മസ്ജിദുന്നബവിയിലെ ദര്‍സിന്  നേതൃത്വം കൊടുക്കുന്ന മുദരിസും, പ്രഗല്‍ഭമായ മദീനാ ഇസ്‌ലാമിക് സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ ബഹുമാന്യ പണ്ഡിതന്‍ ശൈഖ് : സ്വാലിഹ് ബ്ന്‍ അബ്ദുല്‍ അസീസ്‌ ബ്ന്‍ ഉസ്മാന്‍ സിന്‍ദി ഹഫിദഹുല്ലാഹ് പറഞ്ഞ നമ്മെ ഏറെ ചിന്തിപ്പിക്കേണ്ട വാക്കുകളുടെ വിവര്‍ത്തനം...   

www.fiqhussunna.com 


بسم الله الرحمن الرحيم

പരമകാരുണ്യകനും കരുണാനിധിയുമായ അല്ലാഹുവിന്‍റെ നാമത്തില്‍. 

سأكون أول من يحتفل بالمولد النبوي لو ظفرت بحديث فيه حث منه صلى الله عليه وسلم على تخصيص يوم الثاني عشر من ربيع الأول بميزة عن غيره.

"റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മറ്റു ദിനങ്ങളെക്കാള്‍ പ്രത്യേകത നല്‍കാന്‍ പ്രോത്സാഹിപ്പിക്കുന്നതായുള്ള നബി (സ) യുടെ ഒരു ഹദീസെങ്കിലും ലഭിച്ചാല്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
 
سأكون أول من يحتفل بالمولد النبوي لو وجدت عنه صلى الله عليه وسلم حضا على الاحتفال به أو بإشارة، ولو تلميحا.

"നബി (സ) മൗലിദ് ആഘോഷിച്ചതായ വല്ല സംഭവമോ, ഇനി അതിനെപ്പറ്റി നബി തിരുമേനി ഒരല്പമെങ്കിലും സൂചനയായെങ്കിലും വിരല്‍ചൂണ്ടിയിരുന്നെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أنه بلغ البلاغ المبين، وأنه يمكن أن يكون ثمة خير لم يحضنا عليه.

"അല്ലാഹുവിന്‍റെ റസൂല്‍ (സ) ഈ ദീന്‍ ഏറ്റവും പരിപൂര്‍ണ്ണമായ രൂപത്തില്‍  സുവ്യക്തമായി നമുക്ക് എത്തിച്ച് തന്നിട്ടുണ്ട് എന്ന് വിശ്വസിക്കുന്നില്ലായിരുന്നുവെങ്കില്‍, അദ്ദേഹം പഠിപ്പിച്ചിട്ടില്ലാത്ത ചില സല്‍ക്കര്‍മ്മങ്ങളും  ദീനില്‍ അവശേഷിക്കാനിടയുണ്ട് എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أبي بكر رضي الله عنه أنه أقام وليمة ليلة المولد

"മഹാനായ അബൂബക്കര്‍ സിദ്ദീഖ് (റ) മൗലിദ് ദിവസത്തിന്‍റെ രാവില്‍ വല്ല സദ്യയും ഒരുക്കിയതായി ഒരു അസറെങ്കിലും എനിക്ക് ലഭിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."


أو أن عمر رضي الله عنه جعل هذا اليوم يوم عطلة ولعب.
أو عن عثمان أنه حث في ذاك اليوم على الصدقة أو الصوم
أو عن علي أنه أقام حلقة لمدارسة السيرة.

"മഹാനായ ഉമര്‍ ബ്ന്‍ അല്‍ഖത്താബ് (റ) ആ ദിവസത്തെ ഒഴിവ് ദിനവും ആനന്ദത്തിന്‍റെ ദിവസവുമായി ആചരിച്ചിരുന്നുവെങ്കില്‍, മഹാനായ ഉസ്മാന്‍ ബ്ന്‍ അഫ്ഫാന്‍ (റ) ആ ദിവസത്തില്‍ പ്രത്യേകമായി (റബിഉല്‍ അവ്വല്‍ പന്ത്രണ്ടാണ് എന്നതിനാല്‍) നോമ്പും സ്വദഖയും അനുഷ്ഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നുവെങ്കില്‍, അലി (റ) ആ ദിനത്തില്‍ പ്രത്യേകമായി നബി (സ) യുടെ ചരിത്രം പഠിപ്പിക്കാനുള്ള സദസ്സുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കില്‍ അതെല്ലാം ചെയ്യാന്‍ ഞാന്‍ മുന്‍കയ്യെടുക്കുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو علمت أن بلالا أو ابن عباس أو أي أحد من الصحابة -رضي الله عنهم- خصوا يوم المولد بأي شيء؛ ديني أو دنيوي.

"ബിലാല്‍ (റ) വോ, ഇബ്നു അബ്ബാസ് (റ) വോ, വേണ്ട സ്വഹാബത്തിലെ  ഏതെങ്കിലും ഒരാള്‍ മൗലിദ് ദിവസമെന്ന പേരില്‍ ആ ദിനത്തെ ഭൗതികമായതോ മതപരമായതോ ആയ എന്തെങ്കിലുമൊരു കാര്യം കൊണ്ട് പ്രത്യേകത കല്പിച്ചിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 سأكون أول من يحتفل بالمولد النبوي لو كنت لا أعتقد أن الصحابة أشد مني تعظيما ومحبة له -عليه الصلاة والسلام- وأعلم مني بقدره العلي.

"എന്നെക്കാള്‍ നബി (സ) യെ സ്നേഹിക്കുന്നവരും മഹത്വപ്പെടുത്തുന്നവരുമായിരുന്നു അല്ലാഹുവിന്‍റെ റസൂലിന്‍റെ സ്വഹാബത്ത് എന്നും, എന്നെക്കാള്‍ അദ്ദേഹത്തിന്‍റെ ഉന്നതമായ സ്ഥാനത്തെക്കുറിച്ച് അറിവുള്ളവരായിരുന്നു അവരെന്നുമുള്ള തിരിച്ചറിവ് എനിക്കില്ലായിരുന്നുവെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بالمولد النبوي لو ظفرت بأثر عن أحد من التابعين -من آل البيت أو غيرهم- فيه الحض على قراءة المدائح النبوية يوم المولد.

" താബിഉകളില്‍പ്പെട്ട വല്ലവരും - അത് ആലു ബൈത്തില്‍ പെട്ടവരോ അല്ലാത്തവരോ ആകട്ടെ-  അന്നേ ദിവസം മദ്ഹുകള്‍ പാടി മൗലിദ് ആഘോഷിച്ച  വല്ല പ്രമാണവും എനിക്ക് ലഭിക്കുന്ന പക്ഷം അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 
سأكون أول من يحتفل بالمولد النبوي لو ظفرت بكلمة عن واحد من الأئمة الأربعة في الحث على الاحتفال بيوم المولد، أو خبرٍ عن واحد منهم أنه اجتمع ليلته مع مجتمعين؛ فأنشدوا وتمايلوا!

"വേണ്ട നാല് മദ്ഹബിന്‍റെ ഇമാമീങ്ങളില്‍ ഏതെങ്കിലും ഒരാളില്‍ നിന്നും നബിദിനം ആഘോഷിക്കാനുള്ള ഒരു പദമെങ്കിലും ലഭിച്ചാല്‍, വേണ്ട അന്നത്തെ ദിവസം രാത്രി ആളുകളോടൊപ്പം അവരിലേതെങ്കിലും ഒരാള്‍ ഒത്തു ചേര്‍ന്ന് മൗലിദ് പാടിയും ചാഞ്ഞും ചരിഞ്ഞും അതാഘോഷിച്ചു എന്നതിന് തെളിവ് കൊണ്ടുവന്നാല്‍  അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
 
 سأكون أول من يحتفل بالمولد النبوي لو كنت أعتقد أن هؤلاء الأئمة ومن سبقهم جفاة غلاظ لا يعرفون قدر نبيهم صلى الله عليه وسلم وحرمته ولا رفيع منزلته.

"ഇപ്രകാരം മുന്‍കഴിഞ്ഞുപോയ ആ ഇമാമീങ്ങളും അവരുടെ മുന്‍ഗാമികളുമെല്ലാം അല്ലാഹുവിന്‍റെ റസൂലിന്‍റെ മഹത്വം മനസ്സിലാക്കാത്തവരും, അദ്ദേഹത്തിന്‍റെ സ്ഥാനമോ ശ്രേഷ്ഠതയോ അറിയാത്തവരും, കഠിനഹൃദയരും സ്നേഹാദരവില്ലാത്തവരുമാണ് എന്നതാണ് എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن الأمة لم تكن تعرف كيف تعبر عن حبها لنبيها صلى الله عليه وسلم أكثر من ثلاثمائة عام -من نشأنها-؛ حيث لم يقم خلالها مولد واحد!
 

"ആദ്യ മൂന്ന്‍ നൂറ്റാണ്ടുകളില്‍ ഒരു മൗലിദ് പോലും കഴിക്കാത്തതിനാല്‍ ഈ ഉമ്മത്തിന് അതിന്‍റെ ഏറ്റവും ആധികാരികമായ ആദ്യത്തെ മൂന്ന്‍ നൂറ്റാണ്ടുകാലം തങ്ങളുടെ റസൂലിനെ എങ്ങനെ സ്നേഹിക്കണമെന്നറിയാതെ പോയി എന്നതായിരുന്നു എന്‍റെ പക്ഷമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."

 أخيرا .. سأكون أول من يحتفل بـالمولد النبوي لو كنت أعتقد أن السبيل الأهدى: ابتداع المتأخرين، لا اتباع الأسلاف الصالحين.

"അവസാനമായി... സച്ചരിതരായ മുന്‍ഗാമികളുടെ പാത പിന്തുടരുന്നതിനേക്കാള്‍ പിന്‍കാലത്ത് വന്നവരുടെ പുത്തനാചാരങ്ങള്‍ പിന്തുടരലാണ് ഏറ്റവും നല്ലത് എന്നതായിരുന്നു എന്‍റെ വിശ്വാസമെങ്കില്‍ അതാഘോഷിക്കാന്‍ ഏറ്റവും മുന്‍കയ്യെടുക്കുന്നവന്‍ ഞാനാകുമായിരുന്നു."
والحمد لله رب العالمين، وصلى الله وسلم على عبده ورسوله وخليله نبينا محمد، وعلى آله وصحبه أجمعين.

അവസാനിച്ചു.
--------------------------------
നബി (സ) യുടെ ചര്യയില്‍ മരണം വരെ ഉറച്ച് നില്‍ക്കാന്‍ നമുക്കേവര്‍ക്കും അല്ലാഹു തൗഫീഖ് നല്‍കട്ടെ...

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Friday, November 10, 2017

ഇസ്‌ലാമിനെ ലളിതമായി മനസ്സിലാക്കാന്‍.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه ، وبعد؛
ഇസ്‌ലാമിനെ ലളിതമായി മനസ്സിലാക്കാന്‍ സാധിക്കുന്ന ഒരു വചനം.

www.fiqhussunna.com

وَإِلَى مَدْيَنَ أَخَاهُمْ شُعَيْبًا قَالَ يَاقَوْمِ اعْبُدُوا اللَّهَ مَا لَكُمْ مِنْ إِلَهٍ غَيْرُهُ قَدْ جَاءَتْكُمْ بَيِّنَةٌ مِنْ رَبِّكُمْ فَأَوْفُوا الْكَيْلَ وَالْمِيزَانَ وَلَا تَبْخَسُوا النَّاسَ أَشْيَاءَهُمْ وَلَا تُفْسِدُوا فِي الْأَرْضِ بَعْدَ إِصْلَاحِهَا ذَلِكُمْ خَيْرٌ لَكُمْ إِنْ كُنْتُمْ مُؤْمِنِينَ

"മദ്‌യന്‍ കാരിലേക്ക്‌ അവരുടെ സഹോദരനായ ശുഐബിനെയും (അയച്ചു). അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവിനെ (ഏകനായ സൃഷ്ടാവിനെ) ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. നിങ്ങള്‍ക്ക്‌ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ വ്യക്തമായ തെളിവ്‌ വന്നിട്ടുണ്ട്‌. അതിനാല്‍ നിങ്ങള്‍ അളവും തൂക്കവും തികച്ചു കൊടുക്കണം. ജനങ്ങളുടെ സാധനങ്ങളെ നിങ്ങള്‍ വിലകുറച്ച് കാണരുത്. ഭൂമിയില്‍ നന്മ വരുത്തിയതിന്‌ ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം". (سورة الأعراف : 86).

ഏകദൈവാരാധനയാണ് ഇസ്‌ലാമിക വിശ്വാസത്തിന്‍റെ അടിസ്ഥാനം. അതാണ്‌ ഈ വചനത്തിന്‍റെ തുടക്കത്തില്‍ പരാമര്‍ശിച്ചത്. "നിങ്ങള്‍ അല്ലാഹുവിനെ (ഏകനായ സൃഷ്ടാവിനെ) ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല". ആ വിശ്വാസത്തിന്‍റെ ദൃഡത തന്‍റെ പ്രവര്‍ത്തനങ്ങളില്‍ പ്രതിഫലിക്കണം. അതുകൊണ്ടുതന്നെ ജീവിതത്തിന്‍റെ നിബിഡ മേഖലകളില്‍ ഒരു വിശ്വാസി എങ്ങനെ ജീവിക്കണം എന്ന് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നു.

മേല്‍ വചനത്തിലെ ഒരുദാഹരണം നോക്കൂ:

"നിങ്ങള്‍ അളവും തൂക്കവും തികച്ചുകൊടുക്കണം" എന്നത് വില്‍ക്കുന്നവരോടുള്ള നിര്‍ദേശമാണ്. അവിടെ വാങ്ങിക്കുന്നവന്‍റെ അവകാശം സംരക്ഷിക്കാനാവശ്യപ്പെടുന്നു.

"ജനങ്ങളുടെ സാധനങ്ങളെ നിങ്ങള്‍ വിലകുറച്ച് കാണരുത്" എന്നത് വാങ്ങിക്കുന്നവരോടുള്ള നിര്‍ദേശമാണ്. അതായത് തനിക്ക് ആവശ്യമെങ്കില്‍ മാന്യമായ വില നല്‍കി വാങ്ങുക. തനിക്ക് വിലകുറച്ച് കിട്ടാന്‍ വേണ്ടി സാധനത്തെ മോശപ്പെടുത്തിപ്പറയരുത്. ഇവിടെ വില്പനക്കാരന്‍റെ അവകാശം സംരക്ഷിക്കാനാവശ്യപ്പെടുന്നു.

ഇങ്ങനെ മനുഷ്യ ജീവിതത്തിന്‍റെ നിബിഡ മേഖലകളില്‍ നന്മയും നീതിയും കാത്തു സൂക്ഷിക്കണം. സുന്ദരമായ ഈ ലോകത്തെ വികല വിശ്വാസങ്ങള്‍ക്കൊണ്ടും, ജീര്‍ണമായ പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും, അധര്‍മ്മം കൊണ്ടും അനീതി കൊണ്ടും മലിനമാക്കരുത്. അതാണ്‌ "ഭൂമിയില്‍ നന്മ വരുത്തിയതിന്‌ ശേഷം നിങ്ങള്‍ അവിടെ നാശമുണ്ടാക്കരുത്‌". അഥവാ ഭൂമിയും ഇവിടെയുള്ള ആവാസ വ്യവസ്ഥയും, അധര്‍മ്മങ്ങള്‍ക്കൊണ്ട് നശിപ്പിക്കരുത് എന്നര്‍ത്ഥം. കാരണം ഓരോ മനുഷ്യനും ജനിക്കുന്നതിന് മുന്‍പേ ഈ ഭൂമി ഇവിടെ സംവിധാനിക്കപ്പെട്ടിട്ടുണ്ട്.

"നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം" അതായത് ഏകദൈവത്തിന് സമര്‍പ്പിച്ച ഒരു മുസ്‌ലിമിന്‍റെ വിശ്വാസം കേവലം ഹൃദയങ്ങളില്‍ മാത്രം സൂക്ഷിക്കപ്പെടുന്ന ഒന്നല്ല. മറിച്ച് കര്‍മ്മങ്ങളിലൂടെ ആ വിശ്വാസം പ്രതിഫലിക്കണം എന്നര്‍ത്ഥം. അഥവാ ഹൃദയം കൊണ്ട് വിശ്വസിക്കലും, നാവ് കൊണ്ട് പറയലും, ശരീരം കൊണ്ട് പ്രവര്‍ത്തിക്കലും എല്ലാം വിശ്വാസത്തിന്‍റെ ഭാഗമാണ്. വിശ്വാസ രംഗങ്ങളിലും കര്‍മ മേഖലകളിലുമെല്ലാം അത് മനുഷ്യനെ ജീര്‍ണതകളില്‍ നിന്നും നന്മയിലേക്ക് വഴി നടത്തുന്നു. ഇതാണ് ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജീവിത ദര്‍ശനം.

അല്ലാഹു അനുഗ്രഹിക്കട്ടെ...

Monday, October 30, 2017

ഇങ്ങനെയും ഒരു യുവാവ്!...



By: പി.എന്‍. അബ്ദുല്ലത്വീഫ് മദനി
2017 സെപ്തംബര്‍ 02 1438 ⁠⁠ദുൽഹിജ്ജ 11

ഒരാള്‍ പറഞ്ഞ കഥ: ''മക്കയില്‍ ജുമുഅ നമസ്‌കരിച്ച ശേഷം ഞാനും അമ്മാവനും കാറില്‍ തിരികെ യാത്ര പുറപ്പെട്ടു. കുറച്ച് ദൂരം സഞ്ചരിച്ചപ്പോള്‍ ഒരു ആളനക്കമില്ലാത്ത പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടു. മക്കയിലേക്ക് പോകുമ്പോഴും ഈ പള്ളി ഞങ്ങളുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഹൈവേയിലൂടെ സഞ്ചരിക്കുന്ന ഏതൊരാള്‍ക്കും ഈ പള്ളി കാണാം. ഞാന്‍ ആ പള്ളിയുടെ അടുത്തെത്തി പരിസരം നിരീക്ഷിച്ചു. അപ്പോഴാണ് പള്ളിയുടെ പരിസരത്തു നീല നിറമുള്ള ഒരു കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടത്. ഈ കാര്‍ വിജനമായ ഈ പള്ളിക്കരികെ എങ്ങനെ എത്തി എന്ന് ഞാന്‍ ചിന്തിച്ചു. പള്ളിയിലേക്കുള്ള മണ്‍പാതയിലൂടെ മുന്നോട്ടു നീങ്ങി പള്ളിയുടെ അടുത്തെത്തിയപ്പോള്‍ കൂടെയുള്ള അമ്മാവന്‍ ചോദിക്കുന്നുണ്ടായിരുന്നു, എന്താണ് എവിടെ കാര്യം എന്ന്.

പള്ളിക്കടുത്തായി ഞങ്ങള്‍ കാര്‍ നിര്‍ത്തി. അപ്പോഴതാ ഒരാളുടെ ഉച്ചത്തിലുള്ള ക്വുര്‍ആന്‍ പാരായണം കേള്‍ക്കുന്നു. പുറത്ത് കാത്തിരുന്ന് ഈ പാരായണം ശ്രദ്ധിച്ചാലോ എന്ന് തോന്നിയെങ്കിലും എന്റെ ജിജ്ഞാസ മൂലം മൂന്നിലൊരുഭാഗം തകര്‍ന്ന ആ പള്ളിക്കകത്തു കയറി നോക്കാന്‍ തീരുമാനിച്ചു. ഒരു പക്ഷിക്കുഞ്ഞു പോലും ചേക്കേറാത്ത പള്ളി! പള്ളിക്കകത്ത് ഒരു ചെറുപ്പക്കാരന്‍! മുന്നിലൊരു മുസ്വല്ല നിവര്‍ത്തിയിട്ടിരിക്കുന്നു. കയ്യില്‍ ഒരു ചെറിയ ക്വുര്‍ആന്‍! അതില്‍ നോക്കിയാണ് പാരായണം. ഉറപ്പിച്ചു പറയട്ടെ, അയാള്‍ അല്ലാതെ ആ പള്ളിയില്‍ മറ്റാരുമില്ല.

ഞാന്‍ സലാം ചൊല്ലി. ഈ സമയത്ത് ഇവിടെ നിങ്ങള്‍ എന്തിനു വന്നു എന്ന അത്ഭുത ഭാവത്തില്‍ അയാള്‍ ഞങ്ങളെ നോക്കിക്കൊണ്ടു സലാം മടക്കി. അസ്വ്ര്‍ നമസ്‌കരിച്ചോ എന്ന് ഞങ്ങള്‍ യുവാവിനോട് തിരക്കി. ഇല്ല എന്നായിരുന്നു മറുപടി. ഞങ്ങളും നമസ്‌കരിച്ചിരുന്നില്ല. നമസ്‌കാരം തുടങ്ങാന്‍ ഇക്വാമത്ത് കൊടുക്കാന്‍ ഉദ്യമിക്കുമ്പോഴതാ ആ യുവാന് ക്വിബ്‌ലയുടെ ഭാഗത്തേക്ക് നോക്കി ചിരിക്കുന്നു! ആരോടാണയാള്‍ ചിരിക്കുന്നത്? ഒന്നുമറിഞ്ഞുകൂടാ. നിശബ്ദദക്ക് വിരാമമിട്ടുകൊണ്ട് ആ യുവാവ് സംസാരിച്ചത് പറഞ്ഞു: 'അബ്ഷിര്‍... സ്വലാതുല്‍ ജമാഅ''(സന്തോഷിക്കുക. ജമാഅത് നമസ്‌കാരമാണ്). കൂടെ നില്‍ക്കുന്ന എന്റെ അമ്മാവനെ അയാള്‍ അത്ഭുതത്തോടെ നോക്കുന്നു.

ഞാന്‍ നമസ്‌കാരം ആരംഭിച്ചു. എന്റെ മനസ്സില്‍ അയാളുടെ വാക്കുകള്‍ ഓളംവെട്ടി; 'അബ്ഷിര്‍...സ്വലാതുല്‍ ജമാഅ.' ആരോടാണയാള്‍ അപ്പറഞ്ഞത്? ഈ ഉപേക്ഷിക്കപ്പെട്ട പള്ളിയില്‍ വേറെ ആരുമില്ലല്ലോ! ഇയാള്‍ക്ക് ഭ്രാന്താണോ? നമസ്‌കാരം കഴിഞ്ഞു പുറകിലുള്ള യുവാവിനെ ഞാന്‍ തിരിഞ്ഞു നോക്കി. അദ്ദേഹം ദിക്‌റില്‍ മുഴുകിയിരിക്കുകയാണ്.

ഞാന്‍ ചോദിച്ചു: ''താങ്കളുടെ സ്ഥിതി എന്താണ്?''

''ഖൈര്‍... അല്‍ഹംദുലില്ലാഹ്.''

''താങ്കളുടെ വാക്കുകള്‍ നമസ്‌കാരത്തിലുടനീളം എന്റെ മനസ്സിനെ ജോലിയിലാക്കിക്കളഞ്ഞു'' ഞാന്‍ പറഞ്ഞു.

''എന്തുകൊണ്ട്?'' അയാളുടെ ചോദ്യം.

''നമസ്‌കാരം തുടങ്ങാന്‍ നേരം 'അബ്ഷിര്‍... സ്വലാതുല്‍ ജമാഅഃ' എന്ന് താങ്കള്‍ പറഞ്ഞത് ആരോടാണ്?''

അയാള്‍ ചിരിച്ചു: ''അതിലെന്താണ് പ്രശ്‌നം?'' 

''ഒന്നുമില്ല, ആരോടാണ് സംസാരിച്ചത് എന്ന് പറയൂ.''

അയാള്‍ പുഞ്ചിരിച്ചു. അല്‍പനേരം താഴോട്ടു നോക്കി ചിന്തയിലാണ്ടു.

''പറയൂ, താങ്കള്‍ ആരോടാണ് അങ്ങിനെ പറഞ്ഞത്? താങ്കള്‍ക്ക് മാനസിക പ്രശ്‌നമൊന്നും ഇല്ലല്ലോ! വളരെ ശാന്തമായ പ്രകൃതമാണല്ലോ താങ്കള്‍ക്കുള്ളത്. ഞങ്ങളോടൊപ്പം താങ്കള്‍ നമസ്‌കരിക്കുകയും ചെയ്തു. അപ്പോള്‍ താങ്കളുടെ വാക്കുകള്‍ അര്‍ഥമാക്കുന്നത് എന്താണ്?''

അയാള്‍ എന്നെ നോക്കിക്കൊണ്ട് പറഞ്ഞു: ''ഞാന്‍ പള്ളിയോടു സംസാരിക്കുകയായിരുന്നു.''

ഈ മറുപടി എന്നെ ശരിക്കും നടുക്കി. ഇയാള്‍ക്ക് ഭ്രാന്തുണ്ടോ?

''താങ്കള്‍ പള്ളിയോടു സംസാരിച്ചിട്ട് പള്ളി മറുപടി പറഞ്ഞോ?''

അയാള്‍ മന്ദസ്മിതം തൂകി. ''എനിക്ക് ഭ്രാന്തുണ്ടോ എന്ന് താങ്കള്‍ സംശയിക്കുന്നു. പള്ളി സംസാരിക്കുമോ എന്ന് ചോദിക്കുന്നു. ഇത് കേവലം കല്ലുകളാണ്.''

ഞാന്‍ പുഞ്ചരിച്ചുകൊണ്ടു ചോദിച്ചു: ''അതെ, സംസാരശേഷിയില്ലാത്ത ഈ കല്ലുകളോട് താങ്കളെന്തിന് സംസാരിക്കുന്നു?''

നിലത്തേക്ക് കണ്ണുകള്‍ നട്ട് ചിന്താനിമഗ്‌നനായി അയാള്‍ സംസാരിച്ചു തുടങ്ങി: ''ഞാന്‍ പള്ളികളെ സ്‌നേഹിക്കുന്നവനാണ്. പൊളിഞ്ഞു വീഴാറായതോ പഴകി ജീര്‍ണിച്ചതോ ആള്‍പെരുമാറ്റമില്ലാത്തതോ ആയ പള്ളികള്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഞാന്‍ ആലോചിച്ചു തുടങ്ങും. ഇത് മുമ്പ് ജനങ്ങള്‍ നമസ്‌കരിച്ച സ്ഥലമാണല്ലോ. ഞാന്‍ ആത്മഗതം ചെയ്യും. 'അല്ലാഹുവേ  ഒരു നമസ്‌കാരക്കാരനെ കിട്ടാന്‍ ഈ  പള്ളി എത്രമാത്രം കൊതിക്കുന്നുണ്ടാകും. അതില്‍ അല്ലാഹുവിന്റെ ദിക്ര്‍ ഉയര്‍ന്നു കേള്‍ക്കാന്‍ അതെത്ര ആശിക്കുന്നുണ്ടാവും? ഒരു തസ്ബീഹ്, അല്ലെങ്കില്‍ ഒരു ക്വുര്‍ആന്‍ വചനം അതിന്റെ ചുമരുകളെ പ്രകമ്പനം കൊള്ളിച്ചെങ്കില്‍ എന്ന് അതാഗ്രഹിക്കുന്നുണ്ടാകും. ആ പള്ളി ചിന്തിക്കുന്നുണ്ടാവും 'ഞാന്‍ പള്ളികള്‍ക്കിടയില്‍ ഒരപരിചിതനാണ്' എന്ന്. ഒരു റുകൂഇന്, ഒരു സുജൂദിന് അത് കാത്തിരിക്കുന്നു. വല്ല വഴിപോക്കനും കടന്നുവന്ന് 'അല്ലാഹുഅക്ബര്‍' എന്ന് പറയുന്നത് കേട്ടെങ്കില്‍ എന്ന് അത് ആഗ്രഹിക്കുന്നുണ്ടാകും. ഉപേക്ഷിക്കപ്പെട്ട പള്ളിയുടെ മൂകമായ വാചാലത കേട്ട് ഞാന്‍ പറയും: 'നിന്റെ ദാഹം ഞാന്‍ ശമിപ്പിക്കാം. കുറച്ചു നേരത്തേക്കെങ്കിലും നിന്റെ ആ പഴയ പ്രതാപത്തിലേക്കു നിന്നെ തിരിച്ചു കൊണ്ടുവരാം!' അങ്ങനെ ഞാന്‍ ആ പള്ളിയിലേക്ക് കടന്നു ചെല്ലും. രണ്ടു റക്അത്ത് നമസ്‌കരിക്കും. ക്വുര്‍ആനിന്റെ ഒരു ഭാഗം (ജുസ്അ്) മുഴുവനായും പാരായണം ചെയ്യും. ഇതൊരു അസാധാരണ പ്രവൃത്തിയാണെന്നു താങ്കള്‍ പറഞ്ഞേക്കരുത്. അല്ലാഹു തന്നെ സത്യം! എനിക്ക് പള്ളികളോട് ഇഷ്ടമാണ്.''

എന്റെ കണ്ണുകള്‍ ഈറനണിഞ്ഞത് അയാളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ ഞാന്‍ താഴോട്ട് നോക്കി. പള്ളികളുമായി ഹൃദയബന്ധം സ്ഥാപിച്ച അയാളുടെ ഭാവവും വൈകാരികതയും ശൈലിയും എന്റെ മനോമുകരത്തില്‍ കൊടുങ്കാറ്റുണ്ടാക്കി. അയാളോട് എന്ത് പറയണം എന്ന് എനിക്കറിഞ്ഞുകൂടാ 'ജസാകല്ലാഹു ഖൈറന്‍' (അല്ലാഹു താങ്കള്‍ക്ക് നല്ലത് പ്രതിഫലം നല്‍കട്ടെ) എന്ന് മാത്രം ഞാന്‍ മറുപടി പറഞ്ഞു. 'താങ്കളുടെ പ്രാര്‍ഥനകളില്‍ എന്നെ കൂടി മറക്കാതെ ഉള്‍പെടുത്തണമെന്ന അപേക്ഷയോടെ ഞാന്‍ സലാം ചൊല്ലി വേര്‍പിരിയാന്‍ ഭാവിച്ചു. അപ്പോഴതാ മറ്റൊരു അത്ഭുതത്തിന്നു ഞാന്‍ സാക്ഷിയാകുന്നു!

ഞാന്‍ പള്ളിയില്‍ നിന്ന് പുറത്തിറങ്ങവെ കണ്ണുകള്‍ നിലത്തു നട്ടുകൊണ്ട് അയാള്‍ പറഞ്ഞു: ''ഇത്തരം വിജനമായ പള്ളികളില്‍ കയറി നമസ്‌കരിച്ച ശേഷം ഞാന്‍ പതിവായി പ്രാര്‍ഥിക്കാറുള്ളത് എന്താണെന്നു താങ്കള്‍ക്കറിയുമോ?''

ഞാന്‍ ആശ്ചര്യത്തോടെ അയാളെ നോക്കി. അയാള്‍ സംസാരം തുടരുകയാണ്: 'അല്ലാഹുവേ, നിന്റെ മാത്രം പ്രതിഫലം ആഗ്രഹിച്ച്, നിന്റെ ദിക്‌റുകള്‍ ഉരുവിട്ടും നിന്റെ വചനങ്ങള്‍ പാരായണം ചെയ്തും ഈ പള്ളിയുടെ ഏകാന്തതയില്‍ ഞാന്‍ അതിനൊരു കൂട്ടുകാരനായ പോലെ, ഏകരായി ക്വബ്‌റില്‍ കിടക്കുന്ന എന്റെ മാതാപിതാക്കള്‍ക്ക് ഒരു കൂട്ടുകാരനെ നിശ്ചയിച്ചു കൊടുക്കേണമേ. കാരുണ്യവാന്‍മാരില്‍ ഏറ്റവും മെച്ചപ്പെട്ട കാരുണ്യവാനാണ് നീ.' അടിമുടി ഒരു പ്രകമ്പനം എന്റെ സിരകളില്‍ പാഞ്ഞുകയറി. ഒരു കൊച്ചു കുട്ടിയെപ്പോലെ ഞാന്‍ പൊട്ടിക്കരഞ്ഞു.''

സഹോദരങ്ങളേ, ഇതെന്തൊരു ചെറുപ്പക്കാരന്‍! മാതാപിതാക്കളോടുളള അയാളുടെ സ്‌നേഹം എത്ര ശക്തം! അയാളുടെ മാതാപിതാക്കള്‍ എങ്ങനെയായിരിക്കും അയാളെ പോറ്റിവളര്‍ത്തിയത്! എത്ര നല്ല പരിപാലനം! നമ്മുടെ മക്കളെ ഏതു മൂല്യങ്ങള്‍ പകര്‍ന്നു നല്‍കിയാണ് നമ്മള്‍ വളര്‍ത്തുന്നത്? മാതാപിതാക്കളോട്-അവര്‍ മരിച്ചവരോ ജീവിച്ചിരിക്കുന്നവരോ ആവട്ടെ-നീതി പുലര്‍ത്തുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ എത്ര പേരുണ്ട്?  നമുക്ക് അല്ലാഹുവിനോട് പ്രാര്‍ഥിക്കാം; നല്ല കര്‍മവും നല്ല പര്യവസാനവും ലഭിക്കാന്‍.