Thursday, September 20, 2018

ആശൂറാഅ് നോമ്പ് - കാരണം, ശ്രേഷ്ടത, പ്രതിഫലം.




الحمد لله والصلاة والسلام على رسول الله وعلى آله وصحبه ومن والاه، وبعد؛

ആശൂറാഅ് നോമ്പിന്‍റെ കാരണം:  

ആശൂറാഅ് എന്ന നോമ്പിന് മൂസ അലൈഹിസ്സലാമിന്‍റെ ചരിത്രവുമായി ഏറെ ബന്ധമുണ്ട്. ആശൂറാഅ് നോമ്പിന്‍റെ കാരണം വ്യക്തമാക്കുന്ന ഹദീസില്‍   ഇപ്രകാരം കാണാം:

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ قَدِمَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْمَدِينَةَ فَرَأَى الْيَهُودَ تَصُومُ يَوْمَ عَاشُورَاءَ فَقَالَ مَا هَذَا ؟ قَالُوا : هَذَا يَوْمٌ صَالِحٌ ، هَذَا يَوْمٌ نَجَّى اللَّهُ بَنِي إِسْرَائِيلَ مِنْ عَدُوِّهِمْ فَصَامَهُ مُوسَى، قَالَ فَأَنَا أَحَقُّ بِمُوسَى مِنْكُمْ فَصَامَهُ وَأَمَرَ بِصِيَامِهِ "

ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും നിവേദനം. നബി (സ) മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് (ആശൂറാഅ്) നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോള്‍ അദ്ദേഹം ചോദിച്ചു: ഇതെന്ത് ദിവസമാണ് ?. അവര്‍ പറഞ്ഞു: "ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "മൂസയെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്". അദ്ദേഹം ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു. - [സ്വഹീഹുല്‍ ബുഖാരി: 1865].  


മൂസ അലൈഹിസ്സലാം ജനിച്ചത് വളരെദുസ്സഹമായ ഒരു ഭരണകാലഘട്ടത്തിലായിരുന്നു. ബനൂ ഇസ്റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെയെല്ലാം കൊന്നൊടുക്കപ്പെടുന്ന കാലഘട്ടം. അദ്ദേഹത്തിന്‍റെ ജനനം മുതല്‍ക്കുള്ള സംഭവങ്ങളെപ്പറ്റിയും, കിരാതഭരണാധികാരിയായിരുന്ന ഫിര്‍ഔനില്‍ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഏര്‍പ്പെടുത്തിയ സംരക്ഷണത്തെപ്പറ്റിയും വിശുദ്ധഖുര്‍ആനിളുടനീളം അല്ലാഹു നമുക്ക് പറഞ്ഞുതരുന്നുണ്ട്. 


قَالَ قَدْ أُوتِيتَ سُؤْلَكَ يَا مُوسَىٰ (36) وَلَقَدْ مَنَنَّا عَلَيْكَ مَرَّةً أُخْرَىٰ (37)إِذْ أَوْحَيْنَا إِلَىٰ أُمِّكَ مَا يُوحَىٰ (38) أَنِ اقْذِفِيهِ فِي التَّابُوتِ فَاقْذِفِيهِ فِي الْيَمِّ فَلْيُلْقِهِ الْيَمُّ بِالسَّاحِلِ يَأْخُذْهُ عَدُوٌّ لِّي وَعَدُوٌّ لَّهُ ۚ وَأَلْقَيْتُ عَلَيْكَ مَحَبَّةً مِّنِّي وَلِتُصْنَعَ عَلَىٰ عَيْنِي (39) إِذْ تَمْشِي أُخْتُكَ فَتَقُولُ هَلْ أَدُلُّكُمْ عَلَىٰ مَن يَكْفُلُهُ ۖفَرَجَعْنَاكَ إِلَىٰ أُمِّكَ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ ۚ وَقَتَلْتَ نَفْسًا فَنَجَّيْنَاكَ مِنَ الْغَمِّ وَفَتَنَّاكَ فُتُونًا ۚ فَلَبِثْتَ سِنِينَ فِي أَهْلِ مَدْيَنَ ثُمَّ جِئْتَ عَلَىٰ قَدَرٍ يَا مُوسَىٰ (40)وَاصْطَنَعْتُكَ لِنَفْسِي (41) اذْهَبْ أَنتَ وَأَخُوكَ بِآيَاتِي وَلَا تَنِيَا فِي ذِكْرِي (42)اذْهَبَا إِلَىٰ فِرْعَوْنَ إِنَّهُ طَغَىٰ (43) فَقُولَا لَهُ قَوْلًا لَّيِّنًا لَّعَلَّهُ يَتَذَكَّرُ أَوْ يَخْشَىٰ(44) قَالَا رَبَّنَا إِنَّنَا نَخَافُ أَن يَفْرُطَ عَلَيْنَا أَوْ أَن يَطْغَىٰ (45) قَالَ لَا تَخَافَا ۖإِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ (46) فَأْتِيَاهُ فَقُولَا إِنَّا رَسُولَا رَبِّكَ فَأَرْسِلْ مَعَنَا بَنِي إِسْرَائِيلَ وَلَا تُعَذِّبْهُمْ ۖ قَدْ جِئْنَاكَ بِآيَةٍ مِّن رَّبِّكَ ۖ وَالسَّلَامُ عَلَىٰ مَنِ اتَّبَعَ الْهُدَىٰ(47) إِنَّا قَدْ أُوحِيَ إِلَيْنَا أَنَّ الْعَذَابَ عَلَىٰ مَن كَذَّبَ وَتَوَلَّىٰ (48) قَالَ فَمَن رَّبُّكُمَا يَا مُوسَىٰ (49) قَالَ رَبُّنَا الَّذِي أَعْطَىٰ كُلَّ شَيْءٍ خَلْقَهُ ثُمَّ هَدَىٰ (50)

"അവന്‍ ( അല്ലാഹു ) പറഞ്ഞു: ഹേ; മൂസാ, നീ ചോദിച്ചത്‌ നിനക്ക്‌ നല്‍കപ്പെട്ടിരിക്കുന്നു (36). മറ്റൊരിക്കലും നിനക്ക്‌ നാം അനുഗ്രഹം ചെയ്ത്‌ തന്നിട്ടുണ്ട്‌ (37). അതായത്‌ നിന്‍റെ മാതാവിന്‌ ബോധനം നല്‍കപ്പെടേണ്ട കാര്യം നാം ബോധനം നല്‍കിയ സന്ദര്‍ഭത്തില്‍ (38). നീ അവനെ ( കുട്ടിയെ ) പെട്ടിയിലാക്കിയിട്ട്‌ നദിയിലിട്ടേക്കുക. നദി ആ പെട്ടി കരയില്‍ തള്ളിക്കൊള്ളും. എനിക്കും അവന്നും ശത്രുവായിട്ടുള്ള ഒരാള്‍ അവനെ എടുത്ത്‌ കൊള്ളും. ( ഹേ; മൂസാ, ) എന്‍റെ പക്കല്‍ നിന്നുള്ള സ്നേഹം നിന്‍റെ മേല്‍ ഞാന്‍ ഇട്ടുതരികയും ചെയ്തു. എന്‍റെ നോട്ടത്തിലായിക്കൊണ്ട നീ വളര്‍ത്തിയെടുക്കപ്പെടാന്‍ വേണ്ടിയും കൂടിയാണത്‌ (39). നിന്‍റെ സഹോദരി നടന്ന്‌ ചെല്ലുകയും ഇവന്‍റെ (കുട്ടിയുടെ) സംരക്ഷണമേല്‍ക്കാന്‍ കഴിയുന്ന ഒരാളെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ച്‌ തരട്ടെയോ എന്ന്‌ പറയുകയും ചെയ്യുന്ന സന്ദര്‍ഭം ( ശ്രദ്ധേയമാകുന്നു. ) അങ്ങനെ നിന്‍റെ മാതാവിങ്കലേക്ക്‌ തന്നെ നിന്നെ നാം തിരിച്ചേല്‍പിച്ചു. അവളുടെ കണ്‍കുളിര്‍ക്കുവാനും, അവള്‍ ദുഃഖിക്കാതിരിക്കുവാനും വേണ്ടി. നീ ഒരാളെ കൊല്ലുകയുണ്ടായി. എന്നിട്ട്‌ ( അതു സംബന്ധിച്ച്‌ ) മനഃക്ലേശത്തില്‍ നിന്ന്‌ നിന്നെ നാം രക്ഷിക്കുകയും ചെയ്തു. പല പരീക്ഷണങ്ങളിലൂടെയും നിന്നെ നാം പരീക്ഷിക്കുകയുണ്ടായി. അങ്ങനെ മദ്‌യങ്കാരുടെ കൂട്ടത്തില്‍ കൊല്ലങ്ങളോളം നീ താമസിച്ചു. പിന്നീട്‌ ഹേ; മൂസാ, നീ ( എന്‍റെ ) ഒരു നിശ്ചയപ്രകാരം ഇതാ വന്നിരിക്കുന്നു (40). എന്‍റെ സ്വന്തം കാര്യത്തിനായി നിന്നെ ഞാന്‍ വളര്‍ത്തിയെടുത്തിരിക്കുന്നു (41). എന്‍റെ ദൃഷ്ടാന്തങ്ങളുമായി നീയും നിന്‍റെ സഹോദരനും പോയിക്കൊള്ളുക. എന്നെ സ്മരിക്കുന്നതില്‍ നിങ്ങള്‍ അമാന്തിക്കരുത്‌ (42). നിങ്ങള്‍ രണ്ടുപേരും ഫിര്‍ഔന്‍റെ അടുത്തേക്ക്‌ പോകുക. തീര്‍ച്ചയായും അവന്‍ അതിക്രമകാരിയായിരിക്കുന്നു (43). എന്നിട്ട്‌ നിങ്ങള്‍ അവനോട്‌ സൌമ്യമായ വാക്ക്‌ പറയുക. അവന്‍ ഒരു വേള ചിന്തിച്ച്‌ മനസ്സിലാക്കിയേക്കാം. അല്ലെങ്കില്‍ ഭയപ്പെട്ടുവെന്ന്‌ വരാം (44). അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, അവന്‍ (ഫിര്‍ഔന്‍) ഞങ്ങളുടെ നേര്‍ക്ക്‌ എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന്‌ ഞാന്‍ ഭയപ്പെടുന്നു (45). അവന്‍ (അല്ലാഹു) പറഞ്ഞു: നിങ്ങള്‍ ഭയപ്പെടേണ്ട. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ കൂടെയുണ്ട്‌. ഞാന്‍ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ട്‌ (46). അതിനാല്‍ നിങ്ങള്‍ ഇരുവരും അവന്‍റെ അടുത്ത്‌ ചെന്നിട്ട്‌ പറയുക: തീര്‍ച്ചയായും ഞങ്ങള്‍ നിന്‍റെ രക്ഷിതാവിന്‍റെ ദൂതന്‍മാരാകുന്നു. അതിനാല്‍ ഇസ്രായീല്‍ സന്തതികളെ ഞങ്ങളുടെ കുടെ വിട്ടുതരണം. അവരെ മര്‍ദ്ദിക്കരുത്‌. നിന്‍റെയടുത്ത്‌ ഞങ്ങള്‍ വന്നിട്ടുള്ളത്‌ നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള ദൃഷ്ടാന്തവും കൊണ്ടാകുന്നു. സന്‍മാര്‍ഗം പിന്തുടര്‍ന്നവര്‍ക്കായിരിക്കും സമാധാനം (47). നിഷേധിച്ച്‌ തള്ളുകയും പിന്‍മാറിക്കളയുകയും ചെയ്തവര്‍ക്കാണ്‌ ശിക്ഷയുള്ളതെന്ന്‌ തീര്‍ച്ചയായും ഞങ്ങള്‍ക്ക്‌ ബോധനം നല്‍കപ്പെട്ടിരിക്കുന്നു (48). അവന്‍ (ഫിര്‍ഔന്‍) ചോദിച്ചു: ഹേ; മൂസാ, അപ്പോള്‍ ആരാണ്‌ നിങ്ങളുടെ രണ്ട്‌ പേരുടെയും രക്ഷിതാവ്‌? (49). അദ്ദേഹം (മൂസാ) പറഞ്ഞു: ഓരോ വസ്തുവിനും അതിന്‍റെ പ്രകൃതം നല്‍കുകയും, എന്നിട്ട്‌ (അതിന്‌) വഴി കാണിക്കുകയും ചെയ്തവനാരോ അവനത്രെ ഞങ്ങളുടെ രക്ഷിതാവ്‌ (50)."- [സൂറത്തു ത്വാഹാ: 36-50].


ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട നോമ്പിന് ആസ്പദമായ ബനൂ ഇസ്റാഈല്യരെ ഫിര്‍ഔനില്‍ നിന്നും രക്ഷിച്ച സംഭവം വിശുദ്ധഖുര്‍ആനില്‍ പ്രതിപാദിക്കുന്നത് കാണുക:

وَلَقَدْ أَوْحَيْنَا إِلَىٰ مُوسَىٰ أَنْ أَسْرِ بِعِبَادِي فَاضْرِبْ لَهُمْ طَرِيقًا فِي الْبَحْرِ يَبَسًا لَّا تَخَافُ دَرَكًا وَلَا تَخْشَىٰ (77) فَأَتْبَعَهُمْ فِرْعَوْنُ بِجُنُودِهِ فَغَشِيَهُم مِّنَ الْيَمِّ مَا غَشِيَهُمْ (78) وَأَضَلَّ فِرْعَوْنُ قَوْمَهُ وَمَا هَدَىٰ (79) يَا بَنِي إِسْرَائِيلَ قَدْ أَنجَيْنَاكُم مِّنْ عَدُوِّكُمْ وَوَاعَدْنَاكُمْ جَانِبَ الطُّورِ الْأَيْمَنَ وَنَزَّلْنَا عَلَيْكُمُ الْمَنَّ وَالسَّلْوَىٰ (80) كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَلَا تَطْغَوْا فِيهِ فَيَحِلَّ عَلَيْكُمْ غَضَبِي ۖ وَمَن يَحْلِلْ عَلَيْهِ غَضَبِي فَقَدْ هَوَىٰ (81)

"മൂസായ്ക്ക്‌ നാം ഇപ്രകാരം ബോധനം നല്‍കുകയുണ്ടായി: എന്‍റെ ദാസന്‍മാരെയും കൊണ്ട്‌ രാത്രിയില്‍ നീ പോകുക. എന്നിട്ട്‌ അവര്‍ക്ക്‌ വേണ്ടി സമുദ്രത്തിലൂടെ ഒരു ഉണങ്ങിയ വഴി നീ ഏര്‍പെടുത്തികൊടുക്കുക. (ശത്രുക്കള്‍) പിന്തുടര്‍ന്ന്‌ എത്തുമെന്ന്‌ നീ പേടിക്കേണ്ടതില്ല. (യാതൊന്നും) നീ ഭയപ്പെടേണ്ടതുമില്ല (77). അപ്പോള്‍ ഫിര്‍ഔന്‍ തന്‍റെ സൈന്യങ്ങളോട്‌ കൂടി അവരുടെ പിന്നാലെ ചെന്നു.അപ്പോള്‍ കടലില്‍ നിന്ന്‌ അവരെ ബാധിച്ചതെല്ലാം അവരെ ബാധിച്ചു (78). ഫിര്‍ഔന്‍ തന്‍റെ ജനതയെ ദുര്‍മാര്‍ഗത്തിലാക്കി. അവന്‍ നേര്‍വഴിയിലേക്ക്‌ നയിച്ചില്ല (79). ഇസ്രായീല്‍ സന്തതികളേ, നിങ്ങളുടെ ശത്രുവില്‍ നിന്ന്‌ നിങ്ങളെ നാം രക്ഷപ്പെടുത്തുകയും, ത്വൂര്‍ പര്‍വ്വതത്തിന്‍റെ വലതുഭാഗം നിങ്ങള്‍ക്ക്‌ നാം നിശ്ചയിച്ച്‌ തരികയും, മന്നായും സല്‍വായും നിങ്ങള്‍ക്ക്‌ നാം ഇറക്കിത്തരികയും ചെയ്തു (80). നിങ്ങള്‍ക്ക്‌ നാം തന്നിട്ടുള്ള വിശിഷ്ടമായ വസ്തുക്കളില്‍ നിന്ന്‌ നിങ്ങള്‍ ഭക്ഷിച്ച്‌ കൊള്ളുക. അതില്‍ നിങ്ങള്‍ അതിരുകവിയരുത്‌. ( നിങ്ങള്‍ അതിരുകവിയുന്ന പക്ഷം ) എന്‍റെ കോപം നിങ്ങളുടെ മേല്‍ വന്നിറങ്ങുന്നതാണ്‌. എന്‍റെ കോപം ആരുടെമേല്‍ വന്നിറങ്ങുന്നുവോ അവന്‍ നാശത്തില്‍ പതിച്ചു (81)".  - [സൂറത്തു ത്വാഹാ: 77-81].

ഈ സംഭവത്തില്‍ ഫിര്‍ഔനില്‍ നിന്ന് രക്ഷിച്ചതിന് നന്ദി എന്നോണമാണ് ആ ദിവസം മൂസാ അലൈഹിസ്സലാം നോമ്പ് അനുഷ്ടിച്ചത്. സ്വഹീഹ് മുസ്‌ലിമിലെ  ഹദീസില്‍ ആ ദിവസത്തിന്‍റെ പ്രത്യേകത എന്ത് എന്ന് ചോദിച്ചപ്പോള്‍ അവര്‍ റസൂല്‍ (സ) യോട് ഇപ്രകാരം പറഞ്ഞതായിക്കാണാം:

  فصامه موسى شكراً لله تعالى فنحن نصومه 

"അപ്പോള്‍ അല്ലാഹുവിന് നന്ദിയെന്നോണം മൂസ അലൈഹിസ്സലാം ആ ദിനം നോമ്പ് പിടിച്ചു. അതിനാല്‍ നമ്മളും അത് നോല്‍ക്കുന്നു". - [സ്വഹീഹ് മുസ്‌ലിം].

ആശൂറാഅ് നോമ്പിന്‍റെ ശ്രേഷ്ടത: 

നബി (സ) പറഞ്ഞു: 

" صِيَامُ يَوْمِ عَرَفَةَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ وَالسَّنَةَ الَّتِي بَعْدَهُ وَصِيَامُ يَوْمِ عَاشُورَاءَ أَحْتَسِبُ عَلَى اللَّهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ "

"അറഫ ദിനത്തിലെ നോമ്പ് കാരണം അല്ലാഹു കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു." - [സ്വഹീഹ് മുസ്‌ലിം: 1162]. 

അതുപോലെ മറ്റൊരു ഹദീസില്‍ ഇപ്രകാരം കാണാം: 

عَنْ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ : مَا رَأَيْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَتَحَرَّى صِيَامَ يَوْمٍ فَضَّلَهُ عَلَى غَيْرِهِ إِلا هَذَا الْيَوْمَ يَوْمَ عَاشُورَاءَ وَهَذَا الشَّهْرَ يَعْنِي شَهْرَ رَمَضَانَ . " 

ഇബ്നു അബ്ബാസ് (റ)  പറഞ്ഞു: "അങ്ങേയറ്റത്തെ താല്പര്യത്തോടെ, മറ്റുള്ളവയെക്കാള്‍ പ്രാധാന്യം നല്‍കിക്കൊണ്ട് നബി (സ) ഏതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഇന്ന ദിവസമൊഴികെ അതായത് ആശൂറാഅ് ദിവസം, ഇന്ന മാസമൊഴികെ അതായത് റമളാന്‍ മാസം." - [സ്വഹീഹുല്‍ ബുഖാരി: 1862]. അഥവാ സാധാരണ സുന്നത്ത് നോമ്പുകളെക്കാള്‍ പ്രാധാന്യം ആശൂറാഅ് നോമ്പിന് നബി (സ) നല്‍കാറുണ്ടായിരുന്നു. 
അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ഒരു ദിവസം നോമ്പ് അനുഷ്ടിക്കുന്നത്കൊണ്ട് ലഭിക്കുന്ന മറ്റെല്ലാ ശ്രേഷ്ഠത്തകളും ആശൂറാഅ് നോമ്പിനും ഉണ്ട്. 

عن أبوسعيد الخدري رضي الله عنه قال:  سمعت النبي صلى الله عليه وسلم يقول: من صام يوما في سبيل الله بعد الله وجهه عن النار سبعين خريفا.

അബൂ സഈദ് അല്‍ ഖുദ്'രി (റ) വില്‍ നിന്നും നിവേദനം: നബി (സ) പറയുന്നതായി ഞാന്‍ കേട്ടു: അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ആരെങ്കിലും ഒരു നോമ്പ് നോറ്റാല്‍ അല്ലാഹു അവന്‍റെ മുഖത്തെ നരകത്തില്‍ നിന്നും എഴുപത് വര്‍ഷത്തെ വഴിദൂരം അകറ്റുന്നതാണ്. - [متفق عليه]. 

ആശൂറാഅ് ദിവസത്തോടൊപ്പം താസൂആഅ് (മുഹറം ഒന്‍പത്) കൂടി നോല്‍ക്കല്‍ സുന്നത്ത്: 

ഇമാം മുസ്‌ലിം റഹിമഹുല്ല ഉദ്ദരിച്ച ഹദീസില്‍ ഇപ്രകാരം കാണാം:

عن عَبْدَ اللَّهِ بْنَ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قال : حِينَ صَامَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمَ عَاشُورَاءَ وَأَمَرَ بِصِيَامِهِ قَالُوا يَا رَسُولَ اللَّهِ إِنَّهُ يَوْمٌ تُعَظِّمُهُ الْيَهُودُ وَالنَّصَارَى فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَإِذَا كَانَ الْعَامُ الْمُقْبِلُ إِنْ شَاءَ اللَّهُ صُمْنَا الْيَوْمَ التَّاسِعَ قَالَ فَلَمْ يَأْتِ الْعَامُ الْمُقْبِلُ حَتَّى تُوُفِّيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ.

ഇബ്നു അബ്ബാസ് (റ) പറഞ്ഞു: നബി (സ) ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ സ്വഹാബത്ത് പറഞ്ഞു: യാ റസൂലല്ലാഹ്.. അത് ജൂത- ക്രൈസ്തവര്‍ മഹത് വല്‍ക്കരിക്കുന്ന ദിനമല്ലേ... അപ്പോള്‍ റസൂല്‍ (സ) പറഞ്ഞു: "ഇന്‍ ഷാ അല്ലാഹ്, അടുത്ത വര്‍ഷം നാം (ജൂത-ക്രൈസ്തവരില്‍ നിന്നും വ്യത്യസ്ഥരാവാനായി) ഒന്‍പതം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം കടന്നു വരുമ്പോഴേക്ക് റസൂല്‍ (സ) വഫാത്തായിരുന്നു. - [സ്വഹീഹ് മുസ്‌ലിം: 1916].  അതുകൊണ്ട് തന്നെ മുഹറം പത്തിനോടൊപ്പം മുഹറം ഒന്‍പത് കൂടി നോല്‍ക്കുന്നത് സുന്നത്താണ്. ജൂത ക്രൈസ്തവരില്‍ നിന്ന് ആചാരാനുഷ്ടാനങ്ങളില്‍ വിശ്വാസികള്‍ വ്യത്യസ്ഥത പുലര്‍ത്തണം എന്ന് ഈ ഹദീസ് പഠിപ്പിക്കുന്നു. അവരുടെ ആഘോഷ-ആചാരങ്ങളെ വാരിപ്പുണരുന്ന ചില ആളുകള്‍ക്ക് സ്വഹാബാത്ത് റസൂലുല്ലയോട് ചോദിച്ച ചോദ്യം ഒരു പാഠമാണ്. 

മുഹറത്തിലെ നോമ്പ് കൊണ്ട് പൊറുക്കപ്പെടുന്നത് ചെറുപാപങ്ങള്‍: 

ഇമാം നവവി റഹിമഹുല്ല പറയുന്നു: "അറഫാദിനത്തിലെ നോമ്പ് രണ്ട് വര്‍ഷങ്ങളിലെ പാപങ്ങള്‍ പൊറുക്കുന്നു. ആശൂറാഇലെ നോമ്പ് ഒരുവര്‍ഷത്തെ പാപം പൊറുക്കുന്നു. ഒരാളുടെ ആമീന്‍ പറയല്‍ മലാഇകത്തിന്‍റെ ആമീന്‍ പറയലിനോട് ചെര്‍ന്നുവന്നാല്‍ അവന്‍റെ കഴിഞ്ഞ എല്ലാ പാപങ്ങളും പൊറുക്കപ്പെടുന്നു. ഈ പറഞ്ഞവയെല്ലാം പാപമോചനത്തിന് കാരണങ്ങളാണ്. ഒരാള്‍ക്ക് ചെറുപാപങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊറുക്കപ്പെടുന്നു. ചെറുപാപങ്ങളോ വന്‍പാപങ്ങളോ ഇല്ലെങ്കില്‍ അവ അവന് നന്മയായി രേഖപ്പെടുത്തപ്പെടുകയും അവന്‍റെ പദവികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇനി ഒരാള്‍ക്ക് ചെറുപാപങ്ങളില്ല വന്‍പാപങ്ങള്‍ മാത്രമാണ് ഉള്ളതെങ്കില്‍ ആ വന്‍പാപങ്ങളുടെ പാപഭാരം ആ നോമ്പ് കാരണത്താല്‍ കുറയുമെന്ന് നാം പ്രതീക്ഷിക്കുന്നു."  - [അല്‍മജ്മൂഅ്: വോ: 6].   

ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു: " ശുദ്ധി വരുത്തല്‍  (വുളു, കുളി) , നമസ്കാരം, റമളാനിലെ നോമ്പ്, അറഫയിലെ നോമ്പ്,  ആശൂറാഇലെ നോമ്പ് തുടങ്ങിയവ ചെറുപാപങ്ങള്‍ പൊറുക്കപ്പെടാനുള്ള കാരണങ്ങളാണ്". - [അല്‍ഫതാവല്‍കുബ്റ: വോ: 5]. 

അഥവാ വന്‍പാപങ്ങള്‍ ഉള്ളവന്‍ പ്രത്യേകമായി അതില്‍നിന്നും തൗബ ചെയ്ത് മടങ്ങണം. അല്ലാഹു നമ്മുടെ തെറ്റുകുറ്റങ്ങള്‍ മാപ്പാക്കിത്തരുമാറാകട്ടെ .... ഏറെ ശ്രേഷ്ടകരമായ ആശൂറാഅ് ദിവസത്തില്‍ അനാചാരങ്ങളും അന്തവിശ്വാസങ്ങളും കൊണ്ടാടി ആ ദിവസത്തെ മോശമായിക്കാണുകയും മോശമാക്കി മാറ്റുകയും ചെയ്യുന്ന വികല വിശ്വാസങ്ങളില്‍ നിന്ന് അല്ലാഹു നമ്മെ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ ...