ഹൃദയം ദുഖിക്കുന്നു.. കണ്ണുകൾ നിറയുന്നു... പക്ഷെ റബ്ബിന് തൃപ്തിയുള്ളതല്ലാതെ നാം പറയുകയില്ല
إنا لله وإنا إليه راجعون
കുവൈറ്റ് യൂണിവേഴ്സിറ്റിയിലെ ഞങ്ങളുടെ അദ്ധ്യാപകനും, കുവൈറ്റ് മസ്ജിദുൽ കബീർ ഇമാമും, നമ്മുടെ നാട്ടിൽ നിരവധി തവണ സന്ദർശിച്ചിട്ടുള്ള ദഅവാ രംഗത്തെ നിറഞ്ഞ സാന്നിദ്ധ്യവുമായ ശൈഖ് ഡോ. വലീദ് അൽ അലിയും, അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന ശൈഖ് ഫഹദ് അൽ ഹുസൈനിയും ബുർക്കിനാഫാസോയിൽ ഉണ്ടായ തീവ്രവാദികളുടെ വെടിവെപ്പിൽ കൊല്ലപ്പെട്ടു.
പള്ളി ഇമാമുമാർക്ക് വേണ്ടിയുള്ള ദൗറയിൽ ദർസ് നൽകാൻ പോയതായിരുന്നു അദ്ദേഹം. ഏറെ വിനയത്തോടെ പെരുമാറുന്നയാളും, വിദ്യാർത്ഥികളോട് പ്രത്യേകിച്ചും വിദേശത്തുനിന്നു വന്നു പഠിക്കുന്ന വിദ്യാർത്ഥികളോട് ഏറെ സ്നേഹവുമുള്ള ആളുമായിരുന്നു. കാണുമ്പോഴെല്ലാം പഠനത്തെക്കുറിച്ചും ഉപ്പയെക്കുറിച്ചുമെല്ലാം തിരക്കുമായിരുന്നു. ഇസ്‌ലാഹീ സെന്ററിന്റെ കുവൈറ്റിലെ മുഖ്യ രക്ഷാധികാരികളിൽ ഒരാൾ എന്നുതന്നെ പറയാം...
കുവൈറ്റ് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ വിദേശ വിദ്യാർത്ഥികൾക്കായി സ്ഥിരമായി ദർസ് നടത്തിയിരുന്ന ചുരുക്കം ചിലരിൽ ഒരാൾ. ദർസുകളും ദൗറകളുമായി എന്നും ദഅവാ പ്രവർത്തനങ്ങളിൽ മുഴുകിയ ജീവിതം... ഒടുവിൽ അത്തരം ഒരു യാത്രയിൽ തന്നെ വഫാത്തായി... അല്ലാഹു ശഹാദത്ത് നൽകി സ്വീകരിക്കുമാറാകട്ടെ...
നബി (സ) പറഞ്ഞു : "അല്ലാഹു ഒരടിമയെ ഇഷ്ടപ്പെട്ടാൽ മരണത്തിനു മുൻപ് ഒരു സൽക്കർമ്മത്തിലേർപ്പെടാൻ തൗഫീഖ് നൽകും".
അതുപോലെ നബി (സ) പറഞ്ഞു : "ഭൂമിയിൽ നിങ്ങൾ അല്ലാഹുവിന്റെ സാക്ഷികളാണ്"
ഇന്ന് പണ്ഡിതന്മാരും വിദ്യാർത്ഥികളും എന്ന് വേണ്ട അറിയുന്നവരെല്ലാം ഒരുപോലെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.... അല്ലാഹുവെ നീ സ്വർഗം നൽകി ആദരിക്കേണമേ....