Pages

Wednesday, April 22, 2020

മാസപ്പിറവിയും ശരിയായ സമീപനവും - സൗദി ഉന്നത പണ്ഡിതസഭയിലെ 17 പണ്ഡിതന്മാര്‍ ചേര്‍ന്നെടുത്ത തീരുമാനം.




الحمد لله والصلاة والسلام على رسول الله وعلى آله صحبه ومن والاه، وبع؛

മാസപ്പിറവിയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പത്തെക്കുറിച്ച് ഹൈഅതു കിബാറുല്‍ ഉലമയിലെ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ രത്നച്ചുരുക്കവും അതില്‍ നിന്ന് പഠിക്കാവുന്ന കാര്യങ്ങളും കൂടി ഇവിടെ പരാമര്‍ശിക്കാം.  താഴെ കാണുന്ന ലജ്നയുടെ ഫത്'വ 17 പണ്ഡിതന്മാര്‍ ചേര്‍ന്ന് ഈ വിഷയ സംബന്ധമായി നടത്തിയ ചര്‍ച്ചയുടെ രത്നച്ചുരുക്കമാണ്.


ചോദ്യം : ഞങ്ങള്‍ അമേരിക്കയിലും, കാനഡയിലുമുള്ള വിദ്യാര്‍ഥികള്‍ ആണ്. എല്ലാ വര്‍ഷവും റമദാന്‍ ആരംഭിക്കുമ്പോള്‍ ഞങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാവുകയും ആളുകള്‍ മൂന്ന്‍ വിഭാഗക്കാരായി തിരിയുകയും ചെയ്യാറുണ്ട്. 

1- അവനവന്‍റെ നാട്ടിലെ മാസപ്പിറവി അടിസ്ഥാനമാക്കി നോമ്പ് പിടിക്കുന്ന വിഭാഗം. 

2- സൗദിയിലെ നോമ്പിന്‍റെ ആരംഭം ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍.

3- അമേരിക്കയിലും കാനഡയിലുമുള്ള മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന്‍റെ പ്രഖ്യാപനത്തെ ആസ്പദമാക്കി നോമ്പ് പിടിക്കുന്ന ആളുകള്‍. സ്റ്റുഡന്‍സ് അസോസിയേഷന്‍റെ രീതി ഇപ്രകാരമാണ്: അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ അവര്‍ മാസപ്പിറവി നിരീക്ഷിക്കും, ഏതെങ്കിലും ഒരു സ്ഥലത്ത് മാസപ്പിറവി ദര്‍ശിച്ചാല്‍ ഉടന്‍ തങ്ങളുടെ വ്യത്യസ്ഥ സെന്‍ററുകളിലേക്ക് ആ വിവരം എത്തിക്കുകയും അങ്ങനെ അമേരിക്കയുടെ വ്യത്യസ്ഥ നഗരങ്ങളിലുള്ള  മുസ്ലിമീങ്ങള്‍ അവര്‍ താമസിക്കുന്ന സിറ്റികള്‍ക്കിടയില്‍ വലിയ ദൂരം ഉണ്ടെങ്കില്‍ പോലും ആ മാസപ്പിറവിയെ അടിസ്ഥാനമാക്കി ഒന്നടങ്കം ഒരേ ദിവസം നോമ്പ് ആരംഭിക്കുകയും ചെയ്യുന്നു.


ഇവരില്‍ ആരുടെ മാസപ്പിറവിയെയാണ് ഞങ്ങള്‍ അവലംഭിക്കേണ്ടത് ?!. ഈ വിഷയത്തില്‍ ഞങ്ങള്‍ക്ക് ശറഇന്‍റെ വിധി പറഞ്ഞു തരുമല്ലോ, അല്ലാഹു നിങ്ങള്‍ക്ക് അല്ലാഹു തക്കതായ പ്രതിഫലം നല്‍കട്ടെ .... 

ഉത്തരം:
'ഹൈഅതു കിബാറുല്‍ ഉലമ' (അഥവാ സൗദിയിലെ ഉന്നത പണ്ഡിതസഭ) ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. അവര്‍ ചര്‍ച്ച ചെയ്ത് എടുത്തിട്ടുള്ള തീരുമാനത്തിന്‍റെ ഉള്ളടക്കം ഇപ്രകാരമാണ്.
 
ഒന്നാമതായി: 'മാസപ്പിറവി യുടെ നിര്‍ണയസ്ഥാനങ്ങള്‍ ' (المطالع) വ്യത്യസ്ഥമാണ് എന്നത് ബുദ്ധികൊണ്ടും അനുഭവം കൊണ്ടും ബോധ്യമായ ആര്‍ക്കും അറിയാവുന്ന കാര്യമാണ്. അതില്‍ പണ്ഡിതന്മാര്‍ക്കാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. എന്നാല്‍ മാസപ്പിറവിയുടെ വിഷയത്തില്‍ 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്ന വിഷയത്തിലാണ് പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നത ഉള്ളത്.

രണ്ടാമതായി: 'മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത് ഇജ്തിഹാദിയായ അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്. 

രണ്ട് വ്യത്യസ്ഥ അഭിപ്രായമാണ് പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് :  അവരില്‍ ചിലര്‍ മാസപ്പിറവിയുടെ നിര്‍ണയ സ്ഥാനത്തിലുള്ള വ്യത്യാസത്തെ പരിഗണിക്കുന്നു. ചിലര്‍ അത് പരിഗണിക്കുന്നില്ല. (അഥവാ ഒരു വിഭാഗം ലോകത്തിന്‍റെ ഏത് ഭാഗത്ത് മാസപ്പിറവി വീക്ഷിചാലും അത് എല്ലാവര്‍ക്കും ബാധകമാണ് എന്ന് കാണുന്നു. മറ്റൊരു വിഭാഗം ഓരോ പ്രദേശത്തുകാരും അവനവന്‍റെ പ്രദേശത്തെ മാസപ്പിറവിയെ ആസ്പദമാക്കി പ്രവര്‍ത്തിക്കണം എന്നും അഭിപ്രായപ്പെടുന്നു).  അതില്‍ രണ്ട് അഭിപ്രായക്കാരും ഖുര്‍ആനില്‍ നിന്നും സുന്നത്തില്‍ നിന്നും തങ്ങളുടേതായ തെളിവ് പിടിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം ഒരേ തെളിവ് തന്നെ രണ്ടഭിപ്രായക്കാരും തെളിവായി ഉദ്ദരിച്ചിട്ടുമുണ്ട്. ഉദാ:
 
  يَسْأَلُونَكَ عَنِ الْأَهِلَّةِ قُلْ هِيَ مَوَاقِيتُ لِلنَّاسِ وَالْحَجِّ
എന്ന ആയത്ത് ,
صوموا لرؤيته وأفطروا لرؤيته
എന്ന ഹദീസ് ,
 
ഇവയെല്ലാം രണ്ടുകൂട്ടരും തെളിവ് പിടിക്കുന്ന തെളിവുകളാണ്.  പ്രമാണങ്ങള്‍ മനസ്സിലാക്കുന്നതിലും, അവയില്‍ നിന്ന് തെളിവ് പിടിക്കുന്ന രീതിയിലുമുള്ള വ്യത്യാസമാണ് അവരുടെ അഭിപ്രായങ്ങള്‍ വ്യത്യസ്ഥമാകാന്‍ കാരണം. ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, കാഴ്ചപ്പാടുകളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം. ഓരോ ഇസ്ലാമിക രാഷ്ട്രത്തിനും അതത് രാജ്യങ്ങളിലെ പണ്ഡിതന്മാര്‍ മുഖേന മുകളില്‍ സൂചിപ്പിച്ച അഭിപ്രായങ്ങളില്‍ ഏത് അഭിപ്രായത്തെയാണോ പ്രമാണബദ്ധമായി കാണുന്നത് ആ അഭിപ്രായമനുസരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. കാരണം ആ രണ്ട് അഭിപ്രായങ്ങള്‍ക്കും അതിന്‍റേതായ തെളിവുകളും പ്രമാണങ്ങളും ഉണ്ട്.

മൂന്നാമതായി: ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടിമാത്രം മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു.

കാരണം നബി  (ﷺ) പറഞ്ഞു: " നിങ്ങള്‍ മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം വ്രതം അനുഷ്ഠിക്കുകയും,  വ്രതം അവസാനിപ്പിക്കുകയും ചെയ്യുക ".  അതുപോലെ നബി (ﷺ) പറഞ്ഞു: " മാസപ്പിറവി വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതമനുഷ്ടിക്കരുത്. അത് വീക്ഷിക്കുന്നത് വരേക്കും നിങ്ങള്‍ വ്രതം അവസാനിപ്പിക്കുകയും ചെയ്യരുത് " . ഇതേ അര്‍ത്ഥത്തില്‍ മറ്റു ധാരാളം തെളിവുകളും വന്നിട്ടുണ്ട്.

ലജ്നതുദ്ദാഇമയുടെ അഭിപ്രായപ്രകാരം  ഇസ്‌ലാമിക ഭരണമില്ലാത്ത രാജ്യങ്ങളില്‍, ആ രാജ്യത്ത് ജീവിക്കുന്ന മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം  മാസപ്പിറവി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇസ്‌ലാമിക ഭരണകൂടത്തിന്‍റെ സ്ഥാനമാണ് മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനുള്ളത്. നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്. അവര്‍ക്ക് വ്യത്യസ്ഥ മാസപ്പിറവിയെ ആസ്പദമാക്കുകയോ, ഒരൊറ്റ മാസപ്പിറവിയെ ആസ്പദമാക്കുകയോ ചെയ്യാം. എന്നിട്ട് അവര്‍ സ്വീകരിച്ച അഭിപ്രായപ്രകാരം അവരുടെ രാജ്യങ്ങളിലെ മുസ്ലിമീങ്ങള്‍ക്ക് മാസപ്പിറവി നിര്‍ണയിച്ചു  നല്‍കുകയും ചെയ്യാം. ആ പ്രദേശത്തെ ആളുകള്‍ സ്റ്റുഡന്‍സ് അസോസിയേഷന്‍ സ്വീകരിച്ച അഭിപ്രായവും, അവരുടെ നിര്‍ണയവും പിന്‍പറ്റുകയാണ് വേണ്ടത്. അവര്‍ക്കിടയില്‍ സ്വരച്ചേര്‍ച്ച ഉണ്ടാവാനും ഒരേ സമയം വ്രതം ആരംഭിക്കാനും, ആശയക്കുഴപ്പങ്ങളും ഭിന്നതകളും ഇല്ലാതിരിക്കുവാനും വേണ്ടിയാണത്. ആ രാജ്യത്ത് ജീവിക്കുന്ന ഓരോ ആളുകളും മാസപ്പിറവി വീക്ഷിക്കാന്‍ ശ്രമിക്കട്ടെ. വിശ്വാസയോഗ്യനായ ഒരു വ്യക്തിയോ, ഇനി ഒന്നിലധികം ആളുകളോ  മാസപ്പിറവി വീക്ഷിച്ചാല്‍ അവര്‍ അതുപ്രകാരം വ്രതമനുഷ്ടിക്കുകയും, രാജ്യത്തിന്‍റെ വിവിധ ഭാഗത്തേക്ക് ആ വിവരമെത്തിക്കാന്‍ വേണ്ടി  മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷനെ മാസപ്പിറവി കണ്ട വിവരം അറിയിക്കുകയും ചെയ്യട്ടെ. റമദാനിന്‍റെ ആരംഭത്തില്‍ മാത്രമാണ് വിശ്വസ്ഥനായ ഒരാള്‍ മാത്രം മാസപ്പിറവി ദര്‍ശിച്ചാലും അത് പരിഗണിക്കപ്പെടുക. എന്നാല്‍ റമദാന്‍ അവസാനിക്കുന്ന സന്ദര്‍ഭത്തില്‍  മാസപ്പിറവി രണ്ട് വിശ്വസ്ഥരായ ആളുകള്‍ ദര്‍ശിച്ചാല്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. അല്ലാത്തപക്ഷം മുപ്പത് പൂര്‍ത്തിയാക്കേണ്ടതാണ്. കാരണം പ്രവാചകന്‍(ﷺ) ഇപ്രകാരം പറഞ്ഞു : " മാസപ്പിറവി വീക്ഷിക്കുന്നത് പ്രകാരം നിങ്ങള്‍ വ്രതം ആരംഭിക്കുകയും, അതുപ്രകാരം തന്നെ വ്രതം അവസാനിപ്പിക്കുകയും ചെയ്യുക. ഇനി മാസപ്പിറവി ദര്‍ശിക്കാന്‍ പറ്റാത്ത വിധം മേഘം മൂടിയാല്‍ നിങ്ങള്‍ മുപ്പത് പൂര്‍ത്തിയാക്കുക."

അല്ലാഹു അനുഗ്രഹിക്കട്ടെ...
പ്രസിഡന്‍റ്  : അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ് (رحمه الله)
സെക്രട്ടറി :   അബ്ദുല്‍ റസാഖ് അഫീഫി (حفظه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഖഊദ് (رحمه الله)
മെമ്പര്‍ : അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. (رحمه الله)

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.

اللجنة الدائمة للبحوث العلمية والإفتاء
الرئيس: عبد العزيز بن عبد الله بن باز .......... نائب رئيس اللجنة: عبد الرزاق عفيفي
عضو: عبد الله بن قعود ....................... عضو: عبد الله بن غديان

-------------------------------------------------------------------------------------------------------------

ഈ ഉത്തരത്തിന്‍റെ ആരംഭത്തില്‍ തത് വിഷയത്തില്‍ ഹൈഅതു കിബാറുല്‍  ഉലമയില്‍ ഒരു ചര്‍ച്ച നടന്നതായി ലജ്നതുദ്ദാഇമ സൂചിപ്പിക്കുന്നുണ്ട്. പതിനേഴ്‌ പ്രഗല്‍ഭ പണ്ഡിതന്മാരാണ് ആ ചര്‍ച്ചയില്‍ പങ്കെടുത്തത്. അവരുടെ പേരുകള്‍ താഴെ കൊടുക്കുന്നു.

1- അബ്ദുല്‍ അസീസ്‌ ബിന്‍ ബാസ്.  2- അബ്ദുറസാഖ് അഫീഫി. 3- മുഹമ്മദ്‌ അമീന്‍ ശന്‍ഖീത്തി 4- മിഹ്ദാര്‍ അഖീല്‍. 5- അബ്ദുല്ലാഹ് ബിന്‍ ഹുമൈദ്.  6- അബ്ദുല്ലാഹ് ബിന്‍ ഖയ്യാത്വ്. 7- അബ്ദുല്ലാഹ് ബിന്‍ മുനീഅ്. 8- സ്വാലിഹ് അല്ലുഹൈദാന്‍. 9- മുഹമ്മദ് ബിന്‍ ജുബൈര്‍. 10- അബ്ദുല്ലാഹ് ബിന്‍ ഗുദയ്യാന്‍. 11- സുലൈമാന്‍ ബിന്‍ ഉബൈദ്. 12- റാഷിദ് ബിന്‍ ഖുനയ്യിന്‍. 13- മുഹമ്മദ്‌ അല്‍ഹര്‍കാന്‍ 14- അബ്ദുല്‍മജീദ്‌ ഹസന്‍. 15- ഇബ്രാഹീം ആലു ശൈഖ്. 16- സ്വാലിഹ് ബിന്‍ ഗസ്വൂന്‍. 17- അബ്ദുല്‍ അസീസ്‌ ബിന്‍ സ്വാലിഹ്.

ഇവരെല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്‍റെ ആകെച്ചുരുക്കമാണ് ലജ്നയുടെ ഫത്'വയില്‍ ഉള്ളത്.

ഈ ഫത്'വയില്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായുണ്ട്:

1- 
 ഒന്നാമതായി ഈ വിഷയം അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ്. മാത്രമല്ല ഈ വിഷയത്തിലെ അഭിപ്രായഭിന്നത പരിഗണിക്കപ്പെടുന്ന ഭിന്നതയുമാണ്. അഥവാ خلاف معتبر ആണ്. അതിനാല്‍ തന്നെ ഏതെങ്കിലും ഒരു അഭിപ്രായക്കാര്‍ സുന്നത്തിന് വിപരീതം പ്രവര്‍ത്തിച്ചവരോ, പിഴച്ച് പോയവരോ ആണ് എന്ന് പറയാന്‍ പാടില്ല. ഒരു വിഷയത്തില്‍ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്നത് അഥവാ معتبر ആണ് എങ്കില്‍ ആ വിഷയത്തില്‍ لا إنكار في مسائل الإجتهاد എന്ന തത്വപ്രകാരമാണ് സമീപിക്കുക. അഥവാ അഭിപ്രായ ഭിന്നത പരിഗണിക്കപ്പെടുന്ന വിഷയത്തില്‍ പരസ്പരം വിമര്‍ശിക്കാന്‍ പാടില്ല. ഇത് ഒന്നിലധികം തവണ  ലജ്ന വ്യക്തമാക്കുന്നുണ്ട് :

ഉദാ:  ('മാസപ്പിറവി  നിര്‍ണയ സ്ഥാനങ്ങളുടെ'  വ്യത്യാസം പരിഗണിക്കുമോ അതോ പരിഗണിക്കില്ലയോ എന്നത്  (അഥവാ ലോകം മുഴുവന്‍ ഒരൊറ്റ മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ, അതല്ല വ്യത്യസ്ത മാസപ്പിറവി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കണോ എന്നത് )  ഇജ്തിഹാദിയായ ,  അഭിപ്രായഭിന്നതക്ക് സാധുതയുള്ള ഒരു വിഷയമാണ്. അറിവും മതബോധവുമെല്ലാമുള്ള വലിയ പണ്ഡിതന്മാര്‍ക്കിടയില്‍ത്തന്നെ അഭിപ്രായ ഭിന്നതയുള്ള ഒരു കാര്യമാണിത്. ആരുടെ അഭിപ്രായമാണോ ശരി ഇജ്തിഹാദിന്‍റെയും, അഭിപ്രായം ശരിയായതിന്‍റെയും പ്രതിഫലം ലഭിക്കുന്ന, ആരുടെ അഭിപ്രായമാണോ തെറ്റായത് അവന് ഇജ്തിഹാദിന്‍റെ പ്രതിഫലവും ലഭിക്കുന്ന അനുവദനീയമായ അഭിപ്രായ ഭിന്നതയാണ് ഈ വിഷയത്തില്‍ ഉള്ളത്). 

അതുപോലെ :  (നേരത്തെ രണ്ടാമത്തെ പാരഗ്രാഫില്‍ സൂചിപ്പിച്ചതുപോലെ ഈ മുസ്‌ലിം സ്റ്റുഡന്‍സ് അസോസിയേഷന് ഈ വിഷയത്തില്‍ ഹൈഅതു കിബാറുല്‍ ഉലമ സൂചിപ്പിച്ച രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാവുന്നതാണ്). (അഭിപ്രായ ഭിന്നത സാധുവായ ഒരു വിഷയത്തിലാണ് ഇങ്ങനെ രണ്ടാലൊരു അഭിപ്രായം സ്വീകരിക്കാമെന്ന് കര്‍മ്മശാസ്ത്ര പണ്ഡിതന്മാര്‍ പറയാറുള്ളത്).

2- ഈ വിഷയത്തില്‍ മുസ്‌ലിം ഭരണം ഉള്ള പ്രദേശമാണ് എങ്കില്‍, ഒരു മുസ്‌ലിം ഭരണാധികാരി ഏതെങ്കിലും ഒരു അഭിപ്രായത്തെ തിരഞ്ഞെടുത്താല്‍, തങ്ങളുടെ അഭിപ്രായത്തോട് യോജിചില്ലെങ്കില്‍ പോലും ആ പ്രദേശത്ത് ജീവിക്കുന്ന ആളുകള്‍ ഒരിക്കലും അതിന് വിപരീതം ചെയ്യാന്‍ പാടില്ല. കാരണം حكم الحاكم يرفع الخلاف  (അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളില്‍ ഭരണാധികാരിയുടെ വിധി അഭിപ്രായഭിന്നതയെ ഇല്ലാതാക്കുന്നു) എന്ന തത്വപ്രകാരം ഭരണാധികാരിയുടെ തീരുമാനമാകും അന്തിമ തീരുമാനം. അതനുസരിച്ച് ആണ് എല്ലാവരും പ്രവര്‍ത്തിക്കേണ്ടത്.  ഇനി മുസ്‌ലിം ഭരണകൂടം ഇല്ലാത്ത പ്രദേശം ആണ് എങ്കില്‍  അവിടെ പൂരിപക്ഷം മുസ്ലിമീങ്ങളും പുലര്‍ത്തിപ്പോരുന്ന രീതി എന്ത് എന്നതാണ് പരിഗണിക്കുക. അഭിപ്രായ ഭിന്നതക്ക് ശറഇയായി സാധുതയുള്ള ഒരു പൊതുവിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവേ ഒരു രീതി സ്വീകരിച്ചു വരുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തിനോട് അത് യോജിക്കുന്നില്ലെങ്കില്‍ പോലും അതനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ഓരോ മുസ്‌ലിമും ബാധ്യസ്ഥനാണ്. അഭിപ്രായഭിന്നത معتبر ആയ വിഷയത്തെ സംബന്ധിച്ചാണ് നമ്മള്‍ സംസാരിക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധിക്കുക. മാസപ്പിറവിയുടെ വിഷയത്തില്‍ അഭിപ്രായ ഭിന്നത معتبر ആണ് എന്നത് മുകളില്‍ ലിജ്നയുടെ ഫത്'വയില്‍ തന്നെ പരാമര്‍ശിച്ചുവല്ലോ. അത്തരം ഒരു വിഷയത്തില്‍ ഒരു നാട്ടിലെ മുസ്ലിമീങ്ങള്‍ പൊതുവായ ഒരു വീക്ഷണം വച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ തന്‍റെ അഭിപ്രായത്തോട് യോജിച്ചാലും ഇല്ലെങ്കിലും അതാണ്‌ ഒരു മുസ്‌ലിം സ്വീകരിക്കേണ്ടത്. അതല്ലാതെ അവിടെ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പാടില്ല. ഇത് കര്‍മശാസ്ത്രത്തിലെ ഒരു പൊതുതത്വമാണ്. 

 ഈ തത്വത്തെ ആസ്പദമാക്കി  ശൈഖ് ഇബ്നു ബാസ് പറയുന്നു: സൗദിയില്‍ മാസപ്പിറവി കണ്ടതിനു ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് പാക്കിസ്ഥാനില്‍ മാസപ്പിറവി കാണുന്നത് എന്നാണല്ലോ നിങ്ങള്‍ പറഞ്ഞത്. സൗദിയിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ അതല്ല പാകിസ്ഥാനിലെ മാസപ്പിറവിയുടെ അടിസ്ഥാനത്തിലാണോ നോമ്പ് പിടിക്കേണ്ടത് എന്നതാണ് നിങ്ങളുടെ ചോദ്യം. മതപരമായ ഈ വിഷയത്തിലുള്ള ശരിയായ വിധിയായി എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത്. നിങ്ങളുടെ നാട്ടിലെ മുസ്‌ലിമീങ്ങള്‍ എന്നാണോ നോമ്പ് പിടിക്കുന്നത് അവരോടൊപ്പമാണ് നിങ്ങള്‍ നോമ്പ് പിടിക്കേണ്ടത് എന്നതാണ്. അതിന് രണ്ട് കാരണങ്ങളുണ്ട്.

ഒന്നാമാതായി : റസൂല്‍ 
(ﷺ) പറയുന്നു: " വ്രതം നിങ്ങള്‍ (വിശ്വാസികള്‍) വ്രതമെടുക്കുന്ന ദിവസത്തിലാണ്, ചെറിയ പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) വ്രതമവസാനിപ്പിക്കുന്ന ദിവസത്തിലാണ്. ബലി പെരുന്നാള്‍ നിങ്ങള്‍ (വിശ്വാസികള്‍) ബാലിയറുക്കുന്ന ദിവസത്തിലാണ് ". അബൂ ദാവൂദും മറ്റു മുഹദ്ദിസീങ്ങളും ശരിയായ പരമ്പരയിലൂടെ ഉദ്ദരിച്ചതാണിത്. അതുകൊണ്ട് നീയും നിന്‍റെ സഹോദരങ്ങളും പാക്കിസ്ഥാനില്‍ കഴിയുന്നിടത്തോളം കാലം അവിടെയുള്ള മുസ്ലിമീങ്ങള്‍ എന്നാണോ നോമ്പെടുക്കുന്നത് അവരോടൊപ്പമാണ് നോമ്പ് പിടിക്കേണ്ടത്. അവരെന്നാണോ നോമ്പ് അവസാനിപ്പിക്കുന്നത് അന്നാണ് നിങ്ങളും നോമ്പ് അവസാനിപ്പിക്കേണ്ടത്. കാരണം പ്രാവാച്ചകന്‍റെ ആ വചനം നിങ്ങള്‍ക്കും ബാധകമാണ്. മാത്രമല്ല  മാസപ്പിറവി നിര്‍ണയ സ്ഥാനം വ്യത്യാസപ്പെടുന്നത് അനുസരിച്ച് മാസപ്പിറവിയും വ്യത്യസ്ഥമായിരിക്കും.  ഇബ്നു അബ്ബാസ് (رضي الله عنه) , അതുപോലെ മറ്റു ധാരാളം പണ്ഡിതന്മാരും ഓരോ നാട്ടുകാര്‍ക്കും അവരവരുടേതായ മാസപ്പിറവിയുണ്ട് എന്നാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.

രണ്ടാമതായി : നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ മുസ്ലിമീങ്ങളില്‍ നിന്നും വ്യത്യസ്ഥമായി നിങ്ങള്‍ വ്രതമെടുക്കുന്നത്, ആശയക്കുഴപ്പങ്ങളും,  വിമര്‍ശനങ്ങളുമെല്ലാം ഉണ്ടാക്കും. അതുപോലെ തര്‍ക്കങ്ങളും കലഹങ്ങളും ഉടലെടുക്കും. എന്നാല്‍ പരസ്പരം വിട്ടുവീഴ്ച ചെയ്ത്, ഒത്തൊരുമയോടെ ജീവിക്കാനാണ് ഇസ്‌ലാം പ്രോത്സാഹിപ്പിചിട്ടുല്ലത്. നന്മയുടെയും പുണ്യത്തിന്‍റെയും കാര്യത്തില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുക. ഭിന്നതകളും, തര്‍ക്കങ്ങളും ഒഴിവാക്കുക. അതുകൊണ്ടാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: 
وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا
" നിങ്ങളൊന്നിച്ച് അല്ലാഹുവിന്‍റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ചുപോകരുത്". -[ ആലു ഇംറാന്‍ 103].

അതുപോലെ മുആദിനെയും അബൂ മൂസല്‍ അശ്അരിയെയും യമാനിലേക്ക് പ്രബോധനത്തിനായി അയച്ച വേളയില്‍ നബി (ﷺ) ഇപ്രകാരം ഉപദേശിച്ചു: " നിങ്ങള്‍ ആളുകള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക, നിങ്ങള്‍ ആളുകളെ ആട്ടിയോടിക്കുന്നവരാകരുത്. നിങ്ങള്‍ ഒരുമിച്ചു നില്‍ക്കുകയും പരസ്പരം ഭിന്നിക്കാതിരിക്കുകയും ചെയ്യുക " .
[
مجموع فتاوى ابن باز (15 / 103- 104)]  (ഈ ഫത്'വയുടെ അറബി ആവശ്യമുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക)
-----------------------------------------------------------------------------------------------------------------------

ശൈഖ് ഇബ്ന്‍ ബാസ് (رحمه الله) സൂചിപ്പിച്ച ഇതേ ആശയം മുകളില്‍ നല്‍കിയ ലജ്നയുടെ ഫത്'വയിലും കാണാം : ( 
ഹൈഅത്തു കിബാറുല്‍ ഉലമ പരിഗണിച്ച ചില മാനദണ്ഡങ്ങളുടെയും, നിഗമനങ്ങളുടെയും അടിസ്ഥാനത്തിലും, ഈ വിഷയത്തിലെ  അഭിപ്രായഭിന്നത വഴികേടിനു കാരണമാകുന്ന ഭിന്നതയല്ല എന്നതിനാലും, ഇസ്‌ലാം അവതരിച്ച് പതിനാലു നൂറ്റാണ്ട് പിന്നിട്ടു, ഈ കാലഘട്ടത്തിനിടക്ക് ഏതെങ്കിലും ഒരു സന്ദര്‍ഭത്തില്‍ പോലും ലോക മുസ്ലിമീങ്ങളെല്ലാം ഒരേയൊരു മാസപ്പിറവിയെ ആസ്പദമാക്കി കര്‍മ്മങ്ങള്‍ അനുഷ്ടിച്ച സംഭവം ഉണ്ടായിട്ടില്ല എന്നതിനാലും, കാര്യങ്ങള്‍ ഇതുവരെ പുലര്‍ത്തിപ്പോന്നതുപോലെ നിലനിര്‍ത്തുകയും അനാവശ്യ ഭിന്നതകള്‍ സ്രിഷ്ടിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ ഈ വിഷയത്തില്‍ എത്തിച്ചേര്‍ന്ന വീക്ഷണം.).

ഇനി പുലര്‍ത്തിപ്പോരുന്ന രീതിക്ക് വല്ല മാറ്റവും വരുത്തുകയാണ് എങ്കില്‍ തന്നെ അത് അതത് പ്രദേശത്തെ പണ്ഡിതന്മാര്‍ ഒരുമിച്ചു ചേര്‍ന്ന്‍ ചര്‍ച്ച ചെയ്ത് കൂട്ടായി എടുക്കേണ്ട ഒരു തീരുമാനമാണ്.

3-  ഇനി ഏത് അഭിപ്രായം സ്വീകരിച്ചാലും ഒരിക്കലും തന്നെ മാസപ്പിറവി നിര്‍ണയിക്കല്‍ ഗോളശാസ്ത്രപ്രകാരം കേവല കണക്കുകളുടെ അടിസ്ഥാനത്തില്‍ മാസം കാണാതെയുള്ള തീരുമാനമാകാന്‍ പാടില്ല. ഇതാണ് ഈ ഫത്'വയില്‍ നിന്നും മനസ്സിലാക്കേണ്ട മറ്റൊരു കാര്യം. 
(ഗോളശാസ്ത്രപ്രകാരം കണക്കു കൂട്ടി മാസപ്പിറവി നിശ്ചയിക്കുന്നതിനെക്കുറിച്ചും,  അതുമായി ബന്ധപ്പെട്ട് വന്ന പ്രമാണങ്ങളെ കുറിച്ചും, പണ്ഡിതന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ചും ഹൈഅതു കിബാറുല്‍ ഉലമയിലെ പണ്ഡിതന്മാര്‍ പഠനം നടത്തുകയുണ്ടായി. ശേഷം   മാസപ്പിറവി നിശ്ചയിക്കാന്‍ ഗോളശാസ്ത്രക്കണക്കുകള്‍ അവലംഭിക്കാന്‍ പാടില്ല എന്ന് അവര്‍ ഐക്യണ്ഡേന തീരുമാനമെടുക്കുകയും ചെയ്തു ).
_______________________________________________________________________
ഏതായാലും അഭിപ്രായഭിന്നതക്ക് സാധുതയുള്ള വിഷയമാണ് എന്ന് മനസ്സിലാക്കി, ഇക്കാരണത്താല്‍ മാത്രം പരസ്പരം ഭിന്നിക്കാതെ ഉചിതമായ തീരുമാനത്തില്‍ എത്തുക എന്നതാണ് വിശ്വാസികളില്‍ അര്‍പ്പിതമായ കര്‍ത്തവ്യം. എന്‍റെ അഭിപ്രായത്തിനോട് യോജിക്കാത്തതായ നിലപാടാണ് ഞാന്‍ വസിക്കുന്ന പ്രദേശത്തെ ഭൂരിഭാഗം വിശ്വാസികളുടേതുമെങ്കില്‍ അവിടെ ആ അഭിപ്രായത്തോടൊപ്പം നിലകൊള്ളുക എന്നതാണ് ഇത്തരം പൊതു വിഷയവും , അഭിപ്രായഭിന്നതക്ക് സാധുതയുള്ളതുമായ വിഷയങ്ങളില്‍ ചെയ്യേണ്ടത് എന്നത് ഫുഖഹാക്കള്‍ക്ക്‌ എതിരഭിപ്രായമില്ലാത്ത കാര്യമാണ് എന്ന് ഒരിക്കല്‍ക്കൂടി ഉണര്‍ത്തിക്കൊണ്ട് അവസാനിപ്പിക്കുന്നു. 

അല്ലാഹു അനുഗ്രഹിക്കട്ടെ ...