Pages

Monday, October 12, 2015

ഉസ്വൂലുസ്സുന്ന : ഇമാം അഹ്മദ് - വിവരണം : ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി (ഹഫിദഹുല്ലാഹ്). Part 1: ആമുഖം.






ആമുഖം:



إن الحمد لله ، نحمده ونستعينه ونستغفره ونعوذ بالله من شرور انفسنا ومن سيئات أعمالنا، من يهده الله فلا مضل له ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له وأشهد أن محمدا عبده ورسوله صلى الله عليه وعلى آله وصحبه وسلم..


www.fiqhussunna.com


ഇസ്ലാമിന്‍റെ അടിത്തറ എന്ന നിലക്കും, ശരിയായ മതത്തെ മറ്റു വികലമായ മതങ്ങളില്‍ നിന്നും, വികല വിശ്വാസങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന മാനദണ്ഡമെന്ന നിലക്കും വലിയ സ്ഥാനമാണ് പ്രവാചകന്മാരെല്ലാം തന്നെ പ്രബോധനം ചെയ്ത വിശ്വാസ സംഹിതക്കും അഥവാ അഖീദക്കും അതുമായി ബന്ധപ്പെട്ട പഠനത്തിനും ഇസ്‌ലാം നല്‍കിയിട്ടുള്ളത്.

അതുള്‍ക്കൊണ്ടുകൊണ്ടാണ് അഹ്ലുസ്സുന്ന വല്‍ ജമാഅയുടെ പണ്ഡിതന്മാര്‍ അഖീദയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിക്കുന്നതിനും, അതിലേക്ക് പ്രബോധനം ചെയ്യുന്നതിനും, അത് സംരക്ഷിക്കുന്നതിനുമെല്ലാം ഏറെ പ്രാധാന്യം നല്‍കിയത്. തത് വിഷയത്തില്‍ ധാരാളം ഗ്രന്ഥങ്ങള്‍ അവര്‍ രചിച്ചിട്ടുണ്ട്. പ്രാമാണികമായ ഒട്ടനേകം ഗ്രന്ഥങ്ങളെക്കുറിച്ച് ആ കൃതികളിലൂടെ അവര്‍ നമുക്ക് പരിചയപ്പെടുത്തിത്തരുകയും ചെയ്യുന്നുണ്ട്. അഖീദയുമായി ബന്ധപ്പെട്ട് രചിക്കപ്പെട്ട വലുതും ചെറുതുമായ ഒട്ടനേകം അമൂല്യ ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ചിലതാണ് അബ്ദുല്ലാഹിബ്നു അഹ്മദിന്‍റെ 'അസ്സുന്ന’, ഖല്ലാലിന്റെ ‘അസ്സുന്ന, ഇമാം ആജുരിയുടെ ‘അശരീഅ’, ഇമാം ലാലികാഇയുടെ ‘ശറഹു ഉസ്വൂലു ഇഅ്തിഖാദി അഹ്ലിസ്സുന്ന’, ഇബ്നു ബത്വയുടെ ‘ഇബാനതുല്‍ കുബ്റ’, ഇബാനതു സുഗ്റ’ തുടങ്ങിയ ഗ്രന്ഥങ്ങള്‍. ഇവ കൂടാതെ മറ്റു ധാരാളം ഗ്രന്ഥങ്ങള്‍ സമാന വിഷയത്തില്‍ രചിക്കപ്പെട്ടിട്ടുണ്ട്. അഖീദക്ക് ഇസ്‌ലാം നല്‍കുന്ന പ്രാധാന്യം ആ പണ്ഡിതന്മാര്‍ കൃത്യമായി ഉള്‍ക്കൊണ്ടതിനാലാണത്. എന്തുകൊണ്ടെന്നാല്‍ അഖീദയുമായി ബന്ധപ്പെട്ട ഉസ്വൂലുകളില്‍ ഏതെങ്കിലും ഒരു അസ്വ്’ലില്‍ നിന്നും ആരെങ്കിലും വ്യതിചലിച്ചാല്‍ അവന്‍റെ കാര്യം അപകടത്തിലാണ്. ഒരുപക്ഷെ ആ വ്യതിയാനം സത്യനിഷേധത്തിലേക്ക് വരെ  എത്തിച്ചേര്‍ന്നേക്കാം. അതല്ലെങ്കില്‍ ബിദ്അത്തും വഴികേടുമായിരിക്കും അവന്‍റെ പര്യവസാനം. എന്തുതന്നെയായാലും അഹ്ലുസ്സുന്നയുടെ അഖീദയില്‍ നിന്നുമുള്ള വ്യതിയാനം നേര്‍മാര്‍ഗത്തില്‍ നിന്നുമുള്ള വ്യതിയാനമായിരിക്കും എന്നതില്‍ സംശയമില്ല.

അതിനാല്‍ത്തന്നെ ത്വുല്ലാബുല്‍ ഇല്‍മ് അഖീദയും അതിന്‍റെ ഉസ്വൂലുകളും പഠിക്കുന്നതിന് അത്യധികം പ്രാധാന്യം കല്പിക്കല്‍ നിര്‍ബന്ധമാണ്‌. നിങ്ങള്‍ക്കറിയാവുന്നതുപോലെ ഇമാം ബുഖാരി
(റഹി) തന്‍റെ സ്വഹീഹില്‍ ‘കിതാബുല്‍ ഈമാന്‍’ , ‘കിതാബുത്തൗഹീദ്’ , ‘കിതാബുല്‍ ഇഅ്തിസ്വാം’ തുടങ്ങിയ അദ്ധ്യായങ്ങള്‍ പ്രത്യേകം എടുത്ത്കൊടുത്തിട്ടുണ്ട്. ഇവയെല്ലാം തന്നെ അഖീദയുമായും, ഉസ്വൂലുകളുമായും ബന്ധപ്പെട്ടവയാണ്.

അതുപോലെ ഇമാം അബൂദാവൂദ്(റഹി) തന്‍റെ സുനനിന്റെ അവസാന ഭാഗത്തും ‘കിതാബുസ്സുന്ന’ എന്ന അദ്ധ്യായം നല്‍കിയിട്ടുണ്ട്. സുന്നത്ത് എന്നതുകൊണ്ട്‌ അവിടെ അദ്ദേഹം   ഉദ്ദേശിക്കുന്നത് അഖീദയും മന്‍ഹജുമാണ്.  ഇമാം മുസ്‌ലിം (റഹി)യും അഖീദയുടെ പ്രാധാന്യം കണക്കിലെടുത്ത് അദ്ദേഹത്തിന്‍റെ സ്വഹീഹില്‍ ‘കിതാബുല്‍ ഈമാന്‍’ എന്ന അദ്ധ്യായം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

ഒരു മുസ്ലിമിന്‍റെ കളങ്കമില്ലാത്ത വിശ്വാസത്തെ കൃത്യവും വ്യക്തവുമായ രൂപത്തില്‍ അപഗ്രതിക്കുന്ന ചെറുകൃതികളില്‍ ഒന്നാണ് ഇമാം അഹ്മദ് (റഹിമഹുല്ല) രചിച്ച ഉസ്വൂലുസ്സുന്ന. (അദ്ദേഹത്തിന്‍റെ അറിവിനെയും സ്ഥാനത്തെയും അഹ്ലുസ്സുന്നയുടെ മന്‍ഹജ് മുറുകെപ്പിടിക്കുന്നിടത്തുള്ള പ്രതിബദ്ധതയെയും വര്‍ണ്ണിക്കുകയാണെങ്കില്‍) ഒരു മഹാപര്‍വതമായിരുന്നു അദ്ദേഹം. സുന്നത്തിന്റെയും ഈമാനിന്റെയും ദൈവഭക്തിയുടെയും പര്‍വതം. നബിചര്യ മുറുകെപ്പിടിക്കുന്നതിലും, നേര്‍മാര്‍ഗത്തിന്റെ വക്താക്കളെ ബിദ്അത്തിന്റെയും വഴികേടിന്റെയും ആളുകളില്‍ നിന്നും വേര്‍തിരിക്കുന്നതിലും സുപ്രധാനിയും അവലംബമാക്കാവുന്ന മാനദണ്ഡവുമായിരുന്നു അദ്ദേഹം.

അദ്ദേഹം സ്വീകരിച്ച നിലപാടുകളും, അദ്ദേഹം അനുകൂലിച്ചതും  എതിര്‍ത്തതുമായ ഉസ്വൂലുകളും ഇന്നും ജനങ്ങള്‍ക്ക് ഒരു വകതിരിവായി നിലനില്‍ക്കുന്നു. വല്ലാഹി,,, തീര്‍ച്ചയായും  അദ്ദേഹം ഏതു രൂപത്തില്‍ നബിചര്യയെ പിന്തുടര്‍ന്ന് പോന്നോ അതില്‍നിന്നും വ്യതിചലിക്കുന്നവന്‍ പരീക്ഷിക്കപ്പെട്ടവനും പിഴച്ചവനുമാണ്.

ഇമാം അഹ്മദ് (റഹി) എന്ന വ്യക്തിത്വം തന്നെ നേര്‍മാര്‍ഗത്തിലായവരെയും പിഴച്ചവരെയും വേര്‍തിരിച്ചറിയാനുള്ള ഒരു മാനദണ്ഡമായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കുറ്റവും കുറവും പറയുന്നത് ഒരാളുടെ വ്യതിയാനത്തെയും ദുസ്വഭാവത്തെയും സൂചിപ്പിക്കുന്നു. കാരണം അദ്ദേഹത്തെ മഹത്വപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ സ്ഥാനത്തെ മനസ്സിലാക്കുകയും ആദരിക്കുകയും ചെയ്യുന്നവന്‍ അഹലുസ്സുന്നയില്‍ പെട്ടവനായിരിക്കുമെന്ന് വളരെക്കാലം മുന്‍പ് തന്നെ ജനങ്ങള്‍ക്കറിയാം. സുന്നത്തിനോടുള്ള ആദരവും ബഹുമാനവും കൊണ്ടല്ലാതെ ഒരാള്‍ സുന്നത്തിന്റെ വക്താവായ ഇമാം അഹ്മദിനെ ആദരിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുകയില്ലല്ലോ !... മുന്‍കഴിഞ്ഞുപോയവരും ഇന്ന് ജീവിച്ചിരിക്കുന്നവരുമായ മുസ്‌ലിം ഉമ്മത്തിനിടയില്‍, ഇത്രമാത്രം സ്വീകാര്യതയും, ആദരവും, യോഗ്യതയും ഇമാം അഹ്മദിനും(റഹി), ഇമാം ശാഫിഇക്കും (റഹി), ഇമാം മാലികിനും(റഹി) , ഇമാം ഔസാഇക്കും(റഹി) തുടങ്ങി അദ്ദേഹത്തെപ്പോലുള്ള  മറ്റു ഇമാമീങ്ങള്‍ക്കും ലഭിച്ചെങ്കില്‍, അതവര്‍ സുന്നത്തിനെ മുറുകെപ്പിടിച്ചു എന്ന ഒറ്റ കാരണത്താല്‍ മാത്രമാണ്. അവരത് മുറുകെപ്പിടിക്കുകയും, ആദരിക്കുകയും, സംരക്ഷിക്കുകയും, അതിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നതല്ലാത്ത മറ്റൊരു കാരണവും ആ സ്വീകാര്യതക്ക് പിന്നിലില്ല.

അതിനാല്‍ത്തന്നെ നാം സുന്നത്തിന്റെ സ്ഥാനത്തെ മനസ്സിലാക്കുക. അതിന്റെ വക്താക്കളെയും അവരുടെ പ്രാധാന്യത്തെയും മനസ്സിലാക്കുക. അവര്‍ നട്ടത് മുറുകെപ്പിടിക്കുകയും അവരുടെ കാലടി പിന്തുടരുകയും ചെയ്യുക. കാരണം, ‘വല്ലാഹി’,,, അവര്‍ നേര്‍മാര്‍ഗത്തിലായിരുന്നു. അല്ലാഹുവിന്റെ കിതാബിലും, റസൂലിന്റെ() ചര്യയിലും, ഖുലഫാഉ റാഷിദീങ്ങള്‍ നേതൃനിരയില്‍ നിലകൊള്ളുന്ന സ്വഹാബത്തിന്റെ മന്‍ഹജിലുമായിരുന്നു അവര്‍ നിലകൊണ്ടിരുന്നത്.

അതിനാല്‍ത്തന്നെ ആ മാര്‍ഗത്തെ മുറുകെപ്പിടിക്കുക. ഒരുപക്ഷെ വളരെ ലളിതമായ രൂപത്തില്‍ നമുക്ക് വായിച്ചു തീര്‍ക്കാവുന്ന ഈ ലഘുകൃതി നിങ്ങള്‍ പഠനവിധേയമാക്കുക. വളരെ വിശാലമായി പഠിക്കേണ്ട ഒരു മേഖലയാണെങ്കിലും വളരെ ഹ്രസ്വമായ വിശദീകരണത്തോട് കൂടിയുള്ള ഒരു കടന്നുപോക്കാണ് ഞാന്‍ ഇതില്‍ ഉദ്ദേശിക്കുന്നത്.

അല്ലാഹു അവന്‍റെ മതത്തെ അറിയാനും, പഠിക്കാനും, ജീവിതത്തില്‍ പകര്‍ത്താനും നമുക്ക് തൗഫീഖ് നല്‍കട്ടെ. അവന്‍ നമ്മെ നേര്‍മാര്‍ഗത്തില്‍ അടിയുറപ്പിച്ച് നിര്‍ത്തട്ടെ. വഴികേടിന്റെയും തന്നിഷ്ടത്തിന്റെയും ആളുകളില്‍ നിന്ന് അവന്‍ നമ്മെ അകറ്റുമാറാകട്ടെ. ഈ ഗ്രന്ഥവും, മറ്റു ഇസ്‌ലാമിക ഗ്രന്ഥങ്ങളും -   പ്രത്യേകിച്ചും അഹ്ലുസ്സുന്നയുടെ അഖീദ വ്യക്തമാക്കുന്ന ഗ്രന്ഥങ്ങള്‍ - അവയെ നമുക്കല്ലാഹു ഉപകാരപ്രദമാക്കിത്തീര്‍ക്കുമാറാകട്ടെ. അതിനായി ഞാന്‍ അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കുന്നു.


                     ശൈഖ് റബീഅ് ബിന്‍ ഹാദി അല്‍ മദ്ഖലി

തുടരും .....

[അറിയിപ്പ്: ഈ വിവര്‍ത്തനം വിവര്‍ത്തകന്‍റെ അനുവാദമില്ലാതെ പ്രസിദ്ധീകരണാവശ്യത്തിന് എടുക്കരുത്].