Thursday, June 25, 2015

സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ ?. ഒറ്റക്ക് കൊടുക്കാമോ ?.


ചോദ്യം: ഞങ്ങളുടെ മഹല്ലില്‍ സകാത്ത് സെല്‍ ഉണ്ട്. സകാത്തിന്‍റെ മുഴുവന്‍ പണവും സെല്ലില്‍ തന്നെ കൊടുക്കണോ ?.

www.fiqhussunna.com

ഉത്തരം:
 الحمد لله والصلاة والسلام على رسول الله وبعد؛

സകാത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം അത് അതിന്‍റെ അര്‍ഹരിലേക്ക് എത്തുക എന്നുള്ളതാണ്. ആര് മുഖാന്തിരം ആണെങ്കിലും അര്‍ഹരിലേക്ക് സകാത്ത് എത്തുക എന്നതാണ് സുപ്രധാനം. നമ്മുടെ നാട്ടില്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം. യഥാര്‍ത്ഥത്തില്‍ അവ രണ്ടും ശരിയല്ല.

ഒന്ന്: സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ സകാത്ത് വീടൂ. നേരിട്ട് അവകാശിക്ക് കൊടുത്താല്‍ വീടില്ല എന്ന അഭിപ്രായക്കാര്‍.

രണ്ട്: സംഘടിതമായി സകാത്ത് സംവിധാനം നടപ്പാക്കിയാല്‍ സകാത്ത് വീടില്ല. നേരിട്ട് തന്നെ നല്‍കണം എന്ന അഭിപ്രായക്കാര്‍.

യഥാര്‍ത്ഥത്തില്‍ ഈ രണ്ട് അഭിപ്രായങ്ങളും തെറ്റാണ്. സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം എന്ന് പ്രമാണങ്ങളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. അതാണ്‌ പ്രമാണം നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും എന്നത് സുവ്യക്തമാണ്.

സകാത്ത് സാമ്പത്തികമായ ആരാധനയാണ്. സാമ്പത്തികമായ ആരാധന 'തൗകീല്‍' അഥവാ മറ്റൊരാളെ ചെയ്യാന്‍ ഏല്‍പ്പിക്കല്‍ അനുവദനീയമായ ആരാധനയാണ് എന്നതില്‍ ഇമാമീങ്ങള്‍ക്ക് എകാഭിപ്രായമാണ്. അതിനാല്‍ത്തന്നെ ഒരാള്‍ക്ക് തന്‍റെ സകാത്ത് നല്‍കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം. അതിനാല്‍ത്തന്നെ തന്‍റെ സകാത്ത്, സംഘടിത സകാത്ത് സെല്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കാം. അവര്‍ കൃത്യമായ അവകാശികള്‍ക്ക് നല്‍കുന്നു എന്ന ഉറപ്പുണ്ടായിരിക്കണം എന്ന് മാത്രം.

അതുപോലെ ഒരാള്‍ തന്‍റെ സകാത്ത് നേരിട്ട് നല്‍കിയാലും വീടും. കാരണം സംഘടിതമായി നല്‍കിയാലേ വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. റസൂല്‍(സ) യുടെ കാലത്തും പിന്നീട് ഖുലഫാഉ റാഷിദീങ്ങളുടെ കാലത്തും ഭരണകൂടമായിരുന്നു സകാത്ത് പിരിചിരുന്നത്. അവര്‍ക്ക് അതിനുള്ള ശറഇയ്യായ അധികാരം അഥവാ വിലായത്ത് ഉണ്ടായിരുന്നു. അവരെ ഏല്‍പ്പിക്കാത്ത ആളില്‍ നിന്നും വീണ്ടും അതാവശ്യപ്പെടാം. അതിനാല്‍ത്തന്നെ അവരെ ഏല്‍പ്പിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതനാണ്. എന്നാല്‍ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത ഇടങ്ങളില്‍ മുസ്ലിമീങ്ങളുടെ പൊതുമസ്'ലഹത്തിന് വേണ്ടി വിശ്വാസികള്‍ ആരംഭിക്കുന്ന സകാത്ത് സംവിധാനങ്ങള്‍ക്ക് ഈ വിലായത്ത് ഇല്ല.  തൗകീല്‍ അനുവദനീയമായ ആരാധന ആയതുകൊണ്ട് അപ്രകാരം ഒരു സംവിധാനം ഉണ്ടാകുന്നത് അനുവദനീയമാണ് എന്ന് മാത്രം. അതുകൊണ്ട് അത്തരം സംവിധാനം നടപ്പാക്കുന്നവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ചാലേ സകാത്ത് വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് പോലും അവകാശിക്ക് നേരിട്ട് നല്‍കിയാല്‍ സകാത്ത് വീടും എന്ന് തന്നെയാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. പക്ഷെ ഭരണാധികാരി ഭരണകൂടത്തെ ഏല്‍പ്പിക്കണം എന്ന് കല്പ്പിചിട്ടുണ്ടെങ്കില്‍ അവിടെ ഭരണാധികാരിയെ അനുസരിക്കുക എന്നത് ഒരു വിശ്വാസിക്ക് ബാധ്യത ആയതുകൊണ്ട് അവരെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് മാത്രം. ഈ വിലായത്ത് അഥവാ ശറഇയ്യായ അധികാരം മറ്റൊരു സംവിധാനത്തിനും ഇല്ല.

ഇനി ഭരണകൂടം ഇല്ലാത്തിടത്ത് മുസ്ലിമീങ്ങള്‍ക്ക് ഇങ്ങനെ പൊതുസംവിധാനങ്ങള്‍ തുടങ്ങാന്‍ പാടുണ്ടോ എന്നാണ് സംശയം എങ്കില്‍. സകാത്ത് 'തൗകീല്‍' അനുവദനീയമായ ആരാധന ആയതുകൊണ്ട് അത് തുടങ്ങാം എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവകാശികളുടെ കയ്യിലേക്ക് സകാത്ത് എത്തുന്നുവെങ്കില്‍ മാത്രമേ അപ്പോഴും ഒരാളുടെ സകാത്ത് വീടൂ. മാത്രമല്ല പൊതു സംവിധാനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്‌. കാരണം സകാത്തിന് അര്‍ഹരായ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ആളുകളോടും സകാത്ത് ചോദിച്ചു നടക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അര്‍ഹരായ ആളുകളെ കണ്ടെത്തി നല്‍കാനും, അവരുടെ പരാതികള്‍ അന്വേഷിക്കാനും ഒരു പൊതു സംരംഭം ഏറെ ആവശ്യമാണ്‌ എന്നതില്‍ സംശയമില്ല. അതുകൊണ്ട് സത്യസന്ധമായും സുതാര്യമായും അവകാശികളെ കണ്ടെത്തി അവര്‍ക്ക് സകാത്ത് എത്തിക്കുന്ന പൊതു സംവിധാനങ്ങളെ നാം വിജയിപ്പിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്‍റെ ആവശ്യമാണ്‌. ഏതായാലും രണ്ട് രൂപത്തില്‍ കൊടുത്താലും കൃത്യമായ അവകാശിക്ക് ലഭിക്കുകയാണ് എങ്കില്‍ ഒരാളുടെ സകാത്ത് വീടും. ദരിദ്രന്റെ മസ്'ലഹത്ത് പരിഗണിച്ചുകൊണ്ട്‌ ഒരാള്‍ക്ക് അത് ചെയ്യാവുന്നതാണ്. തനിക്ക് കൂടുതല്‍ സൂക്ഷ്മതയോടെ ചെയ്യാന്‍ പറ്റുന്നതേതോ അതും ഒരാള്‍ക്ക് ഈ വിഷയത്തില്‍  പരിഗണിക്കാവുന്നതാണ്. നാമറിയാത്ത ഒട്ടനേകം അര്‍ഹരായ അവകാശികള്‍ക്ക് ലഭിക്കാന്‍ പൊതു സംരംഭം ആവശ്യമെങ്കില്‍ അതിലേക്ക് നല്‍കുക. അതുപോലെ തന്റെ അറിവിലുള്ള അടുത്ത ബന്ധുക്കളും മറ്റും സകാത്തിന് ഏറെ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കുക. ഒന്ന് മറ്റൊന്നിന് തടസ്സമാകരുത്. ഓരോരുത്തരുടെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അല്ലാഹു കൃത്യമായി അറിയുന്നു.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോട് ഒരു ചോദ്യം: 


സകാത്ത് സഹായസഹകരണ സ്ഥാപനങ്ങളെ ഏല്‍പിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: അതിന്‍റെ നടത്തിപ്പുകാര്‍ സകാത്തിന്‍റെ കൃത്യമായ അവകാശികളെ കണ്ടെത്തി നല്‍കുന്ന വിശ്വസ്ഥരും അമാനത്ത് കാത്തുസൂക്ഷിക്കുന്നവരുമാണ് എങ്കില്‍ അവരെ സകാത്ത് ഏല്‍പിക്കുന്നതില്‍ തെറ്റില്ല. അത് പുണ്യത്തിലും, തഖ്വയിലും അധിഷ്ടിതമായ സഹകരണത്തില്‍ പെട്ടതാണ്.

[ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക].

നല്‍കല്‍ നിര്‍ബന്ധമല്ല എന്നുള്ളതും, എന്നാല്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നും ശൈഖിന്റെ ഫത്'വയില്‍ നിന്നും വ്യക്തമാണ്.

ഒറ്റക്ക് നല്‍കുന്നത് പലപ്പോഴും സകാത്തിന് അവകാശികളായ ആളുകള്‍ക്ക് തന്നെ അര്‍ഹതയില്‍ കൂടുതല്‍ കിട്ടുവാനും, അര്‍ഹരായ പല അവകാശികള്‍ക്കും കിട്ടാതിരിക്കാനും ഒക്കെ കാരണമായേക്കാം. അതുപോലെ മുഴുവന്‍ സകാത്തും സംഘടിത സംവിധാനത്തിന് നല്‍കുന്നത് പലപ്പോഴും, നമ്മില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന, മറ്റൊരാളില്‍ നിന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ഏറെ അര്‍ഹരായ ആളുകള്‍ക്ക് കിട്ടാതിരിക്കാനും കാരണമാകും. അതുകൊണ്ടാണ് രണ്ടും ആവശ്യമാണ്‌, ഒന്ന് ഒന്നിന് തടസ്സമാകാത്ത വിധം മസ്'ലഹത്ത് മനസ്സിലാക്കി നല്‍കണം എന്ന് ഞാന്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി സകാത്ത് അവകാശിക്ക് ലഭിക്കുക എന്നുള്ളതാണ് ശറഇന്‍റെ നിയമം. അത് അവകാശിക്ക് നല്‍കപ്പെട്ടാല്‍ ധനികന്റെ ബാധ്യത വീടി. ഇനി സംഘടിതമായോ അല്ലാത്ത നിലക്കോ ആകട്ടെ, നല്‍കുന്നത് അവകാശിക്കല്ല എങ്കില്‍ സകാത്ത് വീടുകയുമില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ..
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ