Pages

Saturday, May 30, 2015

ഷെയറുകള്‍ (ബിസിനസ് നിക്ഷേപങ്ങള്‍), കമ്പനികള്‍ തുടങ്ങിയവയുടെ സകാത്ത്:



بسم الله ، الحمد لله والصلاة والسلام على رسول الله ، وبعد؛

ബിസിനസിലും മറ്റും നിക്ഷേപിച്ച ഷെയറുകളുടെ സകാത്ത് എപ്രകാരമാണ് നല്‍കേണ്ടത് എന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ ഷെയറുകളുടെ രൂപം. കമ്പനിയുടെ രൂപം തുടങ്ങിയവ പരിഗണിക്കേണ്ടതുണ്ട്.
   
  
ഷെയറുകള്‍ തന്നെ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവ ആണ് എങ്കില്‍ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അഥവാ കച്ചവട വസ്തുവിന്‍റെ സകാത്താണ് അതിനു ബാധകമാകുക ഇവിടെ ഷെയര്‍ തന്നെ കച്ചവട വസ്തുവായി പരിഗണിക്കപ്പെടും.

എന്നാല്‍ വില്‍പനക്ക് വെച്ചിട്ടുള്ളതല്ലാത്ത ലാഭം പ്രതീക്ഷിച്ചുകൊണ്ട് ഉള്ള ഷെയറുകളുടെ സകാത്ത് ഇതില്‍ നിന്നും വിഭിന്നമാണ്. കമ്പനികള്‍ രണ്ടുവിധമാണ്. ഉത്പന്നങ്ങള്‍ കച്ചവടം ചെയ്യുന്ന കമ്പനികളും. സേവനങ്ങള്‍ നല്‍കുന്ന കമ്പനികളും.

ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനികളില്‍ ആണ് ഷെയര്‍ എങ്കില്‍ കമ്പനിയുടെ അസറ്റ്സ് അഥവാ ഉപയോഗ വസ്തുക്കള്‍ കഴിച്ച് കൈവശമുള്ള പണത്തിനും കച്ചവട വസ്തുക്കള്‍ക്കുമാണ് സകാത്ത് നല്‍കേണ്ടത്. അഥവാ കമ്പനിയുടെ ഓഫീസ്, ഡെലിവറി വാഹനങ്ങള്‍, മെഷിനറീസ്, ബില്‍ഡിങ്ങുകള്‍ തുടങ്ങിയവക്ക് സകാത്ത് ബാധകമല്ല. മറിച്ച് കച്ചവട വസ്തുക്കള്‍ക്കാണ് സകാത്ത് ബാധകം. അതിനാല്‍ കമ്പനിയുടെ കൈവശമുള്ള ‘ലിക്വിഡ് കാശ്’ അഥവാ പണം, അതുപോലെ അവരുടെ കൈവശമുള്ള കച്ചവടവസ്തുക്കളുടെ മാര്‍ക്കറ്റ് വില, ലഭിക്കുവാനുള്ള അവധിയെത്തിയ കടങ്ങള്‍ (കൂടുതല്‍ സൂക്ഷ്മത ആഗ്രഹിക്കുന്നവര്‍ക ലഭിക്കുമെന്ന് ഉറപ്പുള്ള അവധി എത്തിയിട്ടില്ലാത്ത കടങ്ങളും കൂട്ടുക) എന്നിവ കണക്കുകൂട്ടി, അതില്‍ നിന്നും കടം വീട്ടുവാനുണ്ടെങ്കില്‍ എത്രയാണോ വീട്ടുന്നത് അത് മാത്രം മാറ്റിവെച്ച് ബാക്കിയുള്ള പണത്തിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. ഇത് പലപ്പോഴും വ്യക്തികള്‍ക്ക് കണക്കുകൂട്ടാന്‍ സാധിക്കില്ല. അതിനാലാണ് കമ്പനികള്‍ തന്നെ സകാത്ത് കണക്കുകൂട്ടി ഓരോ വ്യക്തിയെയും അറിയിക്കുകയോ, അതല്ലെങ്കില്‍ അവരുടെ അറിവോടെ സകാത്ത് നല്‍കുകയോ ചെയ്യണം എന്ന് നമ്മള്‍ പറയാറുള്ളത്.

ഇനി കമ്പനി സകാത്ത് കണക്ക് കൂട്ടാറില്ല എങ്കില്‍ കമ്പനിയുടെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ളവയില്‍ തന്റെ ഓഹരി എത്ര ശതമാനമാണോ അതിന്‍റെ രണ്ടര ശതമാനം നല്‍കണം. ഇനി കമ്പനിയുടെ അസറ്റ്സിനെ സംബന്ധിച്ചോ, കച്ചവട വസ്തുക്കളെ സംബന്ധിച്ചോ കൃത്യമായ ധാരണ ഇല്ലാത്തവര്‍ തങ്ങള്‍ നിക്ഷേപിച്ച മുഴുവന്‍ നിക്ഷേപത്തിന്‍റെയും ഇപ്പോഴുള്ള വില എത്രയാണോ അത് കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്ത് നല്‍കണം. കാരണം എത്രയാണ് സകാത്ത് ബാധകമാകുന്ന സ്വത്ത് എന്ന് അറിയില്ലല്ലോ.

ഉദാ: മൂന്ന്‍ പേര്‍ ചേര്‍ന്ന് പണം നിക്ഷേപിച്ച് ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി എന്ന് കരുതുക. ഒരു ഹിജ്റ വര്‍ഷക്കാലം തികയുമ്പോള്‍ ആ സൂപ്പര്‍മാര്‍ക്കറ്റിന്റെ സകാത്ത് കണക്കു കൂട്ടാന്‍ ചെയ്യേണ്ടത് ഇപ്രകാരമാണ്.

1- കടയുടെ പേരിലുള്ള മൊത്തം പണം, തിരിച്ചു കിട്ടാന്‍ അവധിയെത്തിയ കടങ്ങള്‍, കടയിലെ മൊത്തം കച്ചവടവസ്തുക്കളുടെ അഥവാ സ്റ്റോക്കിന്റെ മാര്‍ക്കറ്റ് വില തുടങ്ങിയവ കണക്കുകൂട്ടുക.

2- മറ്റുള്ളവര്‍ക്ക് കൊടുക്കാനുള്ള കടം, തത് സമയത്ത് തിരിച്ചുകൊടുക്കുന്നുവെങ്കില്‍ മാത്രം, തിരിച്ചുകൊടുക്കുന്ന സംഖ്യ ആ സംഖ്യയില്‍ നിന്നും കുറയ്ക്കുക.

3- സ്വാഭാവികമായും കടയുടെ കൈവശമുള്ള മൊത്തം പണം കണക്കുകൂട്ടുമ്പോള്‍ ലാഭമായോ മറ്റോ കടക്ക് ലഭിച്ച പണങ്ങളും കണക്കില്‍ പെട്ടു. ലാഭം പ്രത്യേകം കൂട്ടേണ്ടതില്ല.

4- എല്ലാം കൂട്ടിക്കിഴിച്ച് കിട്ടുന്ന മൊത്തം സംഖ്യയുടെ രണ്ടര ശതമാനം സകാത്തായി നല്‍കുക. രണ്ടര ശതമാനം കാണാന്‍ മൊത്തം സംഖ്യയെ നാല്‍പത് കൊണ്ട് ഹരിച്ചാല്‍ മതി.

ഇത് കമ്പനി സകാത്ത് കണക്കുകൂട്ടുന്നുവെങ്കിലാണ്. വ്യക്തികള്‍ക്കാണ് സകാത്ത് ബാധകം എങ്കിലും കമ്പനികള്‍ തന്നെ കണക്കുകൂട്ടുന്നതാണ് നല്ലത്. എന്നാല്‍ ഇതേ വിഷയത്തില്‍ കമ്പനി സകാത്ത് കണക്കുകൂട്ടുന്നില്ല എങ്കില്‍.

ആകെ കമ്പനിയുടെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ള കച്ചവട വസ്തുക്കളും കാശും എത്രയുണ്ട് എന്ന് നോക്കുക. അതില്‍ തനിക്ക് ഉള്ള ഷെയറിന്റെ ശതമാനം എത്രയാണോ അതിന്‍റെ രണ്ടര ശതമാനം നല്‍കുക.

ഉദാ: നേരത്തെ പറഞ്ഞ സൂപ്പര്‍മാര്‍ക്കറ്റില്‍ ഉള്ള ഒരാള്‍ സ്വയം അയാളുടെ സകാത്ത് കണക്കുകൂട്ടുകയാണ് എങ്കില്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ അസറ്റ്സ് കഴിച്ച് ബാക്കിയുള്ള കച്ചവട വസ്തുക്കളും പണവും അതുപോലെ ലഭിക്കുവാനുള്ള കടങ്ങളും എത്രയാണ് എന്ന് നോക്കുക. അതില്‍ നിന്നും കമ്പനി തത്’വര്‍ഷത്തില്‍ തിരിച്ചടക്കാന്‍ തീരുമാനിച്ച കടങ്ങള്‍ കിഴിക്കുക. ശേഷം കിട്ടിയ സംഖ്യ 60 ലക്ഷമാണ് എന്ന് സങ്കല്‍പ്പിക്കുക. മൂന്ന് പേര്‍ ചേര്‍ന്നുള്ള സംരംഭമായതിനാല്‍ ഒരാളുടെ വിഹിതമായി 20 ലക്ഷം ഉണ്ടാകും. അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. അഥവാ 2000000 ÷40 = അതായത് 50000 സകാത്തായി നല്‍കണം.

ഇനി ഇപ്രകാരം കണക്ക് കൂട്ടാന്‍ ഒരു നിക്ഷേപകന് സാധിക്കാത്ത പക്ഷം തന്‍റെ ഷെയറിന്റെ ഇപ്പോഴുള്ള മൊത്തം മൂല്യം കണക്കാക്കി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം.


ഇതുവരെ നമ്മള്‍ ചര്‍ച്ച ചെയ്തത് ഉല്പന്നങ്ങള്‍ വില്‍ക്കുന്ന കമ്പനിയെ സംബന്ധിച്ചാണ്.

എന്നാല്‍ ഹോസ്പിറ്റല്‍, ട്രാവെല്‍സ്, ഹോട്ടല്‍ തുടങ്ങി സേവനങ്ങള്‍ നല്‍കുന്ന ബിസിനസ് സംരംഭങ്ങളില്‍ നിക്ഷേപമുണ്ടെങ്കില്‍, ആ ഷെയര്‍ തന്നെ നാം വില്‍പനക്ക് വച്ചതാണ് എങ്കില്‍ നേരത്തെ സൂചിപ്പിച്ച പോലെ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം. എന്നാല്‍ അതില്‍ നിന്നുമുള്ള വരുമാനം പ്രതീക്ഷിച്ചുകൊണ്ടുള്ള ഷെയര്‍ ആണ് എങ്കില്‍ സേവനങ്ങള്‍ നല്‍കുന്ന കമ്പനികളുടെ വരുമാനത്തിനും കൈവശമുള്ള ലിക്വിഡ് കാശിനും മാത്രമേ സകാത്ത് ബാധകമാകൂ. മൂലധനത്തിന് സകാത്ത് ബാധകമല്ല. അതുകൊണ്ട് തന്നെ അത്തരം ഒരു കമ്പനിയില്‍ നാം നിക്ഷേപിച്ചാല്‍ അതില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിനാണ് സകാത്ത്. സ്വാഭാവികമായും അതിന്‍റെ ബില്‍ഡിംഗുകള്‍, വാഹനങ്ങള്‍, ഉപകരണങ്ങള്‍ തുടങ്ങിയവക്ക് സകാത്ത് ബാധകമാകുകയില്ല.

അതുകൊണ്ടുതന്നെ സേവനം നല്‍കുന്ന കമ്പനികള്‍
, കമ്പനികള്‍ അവയുടെ സകാത്ത് കണക്കുകൂട്ടുകയാണ് എങ്കില്‍ ഒരു ഹിജ്റ വര്‍ഷം തികയുന്ന സമയത്ത് തങ്ങളുടെ കൈവശം പണമായി എത്രയുണ്ടോ അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കണം. വ്യക്തിയാണ് സകാത്ത് കണക്കുകൂട്ടുന്നത് എങ്കില്‍ തനിക്ക് അതില്‍ നിന്നും ലഭിക്കുന്ന വരുമാനം തന്‍റെ കൈവശമുള്ള പണത്തിലേക്ക് ചേര്‍ത്തുവച്ച് ഹൗല്‍ തികയുന്ന സമയത്ത് എത്രയാണോ കൈവശമുള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി. നിക്ഷേപിച്ച മുഴുവന്‍ സഖ്യക്കും സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ നേരത്തെ സൂചിപ്പിച്ച പോലെ തനിക്ക് ആ കമ്പനിയില്‍ ഉള്ള ഷെയര്‍ തന്നെ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ഉദ്ദേശിക്കുന്നതാണ് എങ്കില്‍ ആ ഷെയറിന്റെ മാര്‍ക്കറ്റ് വിലയുടെ രണ്ടര ശതമാനം സകാത്തായി നല്‍കണം.

ഉദാ: ഒരാള്‍ ഒരു ഹോസ്പിറ്റലില്‍ 50 ലക്ഷം നിക്ഷേപിച്ചു എന്ന് കരുതുക. സ്വാഭാവികമായും ഹോസ്പിറ്റല്‍ ആ പണം ബില്‍ഡിംഗുകളും മെഡിക്കല്‍ ഉപകരണങ്ങളും സംവിധാനങ്ങളും സ്ഥാപിക്കുവാനാണല്ലോ ഉപയോഗിക്കുക. അവക്ക് സകാത്ത് ബാധകമല്ല. മറിച്ച് അവ ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന വരുമാനത്തിനാണ് സകാത്ത്. ഹൗല്‍ തികയുന്ന സമയത്ത് തന്‍റെ സകാത്ത് കണക്കു കൂട്ടുമ്പോള്‍ കൈവശമുള്ള മൊത്തം പണം കണക്കുകൂട്ടി ഒരാള്‍ സകാത്ത് നല്‍കുമ്പോള്‍ സ്വാഭാവികമായും
, തനിക്ക് ഈ നിക്ഷേപത്തില്‍ നിന്നും ലഭിച്ച സംഖ്യയില്‍ ബാക്കിയുള്ളതും അതില്‍ ഉള്‍പ്പെടുമല്ലോ. അഥവാ ഹൗല്‍ തികയുമ്പോള്‍ വരുമാനമായി ലഭിച്ചതില്‍ നിന്നും കൈവശം ബാക്കിയുള്ള സഖ്യക്കേ ഈ ഇനത്തില്‍ സകാത്ത് ബാധകമാകുന്നുള്ളൂ. ഇനി ഹോസ്പിറ്റല്‍ ആണ് സകാത്ത് കണക്കു കൂട്ടുന്നത് എങ്കില്‍. ഹൗല്‍ തികയുന്ന സന്ദര്‍ഭത്തില്‍ തങ്ങളുടെ കൈവശമുള്ള മൊത്തം ലിക്വിഡ് കാശിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കിയാല്‍ മതി. ഹോസ്പിറ്റലിനോടൊപ്പം സ്റ്റോക്ക്‌ ഉള്ള മെഡിക്കല്‍ സ്റ്റോറു പോലുള്ള സംവിധാനങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ മൊത്തം സ്റ്റോക്കിന്റെ മാര്‍ക്കറ്റ് വില കൂടി കണക്കില്‍ ഉള്‍പ്പെടുത്തണം. കടത്തിന്‍റെ വിഷയം നേരത്തെ സൂചിപ്പിച്ചതുപോലെത്തന്നെ. ഹോസ്പിറ്റല്‍ പോലുള്ള സേവനങ്ങള്‍ നല്‍കുന്ന മറ്റു സംരഭങ്ങളുടെ കാര്യവും ഇതുപോലെത്തന്നെ.

അല്ലാഹു അനുഗ്രഹിക്കട്ടെ. 
______________________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ