Pages

Tuesday, September 23, 2014

ACCOUNTING, CA തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?

accounting, ca തുടങ്ങിയ കോഴ്സുകള്‍ പഠിക്കുന്നത് അനുവദനീയമോ ?


നിരുപാധികം അത് നിഷിദ്ധമെന്നോ, അനുവദനീയമെന്നോ വിധി പറയുന്നതിനു പകരം വിശദമായി പറയേണ്ടതാണ് ഈ വിഷയം. ഇസ്ലാമികമായി അനുവദനീയമല്ലാത്ത പലിശ സംവിധാനത്തെ കുറിച്ചും, നികുതി സംവിധാനത്തെക്കുറിച്ചുമെല്ലാം അതില്‍ പഠിക്കേണ്ടി വരുന്നു എന്നതും, ഇന്ന് ഇത്തരം ജോലി ചെയ്യുന്ന ആളുകളില്‍ പലര്‍ക്കും അത്തരം നിഷിദ്ധമായ സംഗതികളുമായി ഇടപെടേണ്ടി വരുന്നു എന്നുള്ളതുമാണ് ഈ സംശയത്തിന്‍റെ ആധാരം എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇതിന്‍റെ പഠനവുമായി ബന്ധപ്പെട്ട വശവും, ജോലിയുമായി ബന്ധപ്പെട്ട വശവും വ്യത്യസ്ഥമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. മാത്രമല്ല  ഇത് കേവലം ഈ കോഴ്സുകളെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. ഇന്നത്തെ സാഹചര്യത്തില്‍ പല പഠന ഗവേഷണ മേഖലകളിലും ഇതേ പ്രശ്നം വരുന്നുണ്ട്. അതുകൊണ്ട് ഓരോ കോഴ്സുകളെക്കുറിച്ചും പ്രത്യേകം പ്രത്യേകം ചര്‍ച്ച ചെയ്യുന്നതിനേക്കാള്‍ അത്തരം വിഷയങ്ങള്‍ പഠിക്കുന്നതിന്‍റെ വിധി എന്ത് എന്നത് പൊതുവേ ചര്‍ച്ച ചെയ്യുന്നതായിരിക്കും നല്ലത്.


ആദ്യം പഠനവുമായി ബന്ധപ്പെട്ടുള്ള ഭാഗം ചര്‍ച്ച ചെയ്യാം. മുകളില്‍ സൂചിപ്പിച്ചത് പോലുള്ള ഭൗതികപഠനങ്ങളില്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ള നിലപാട് ഇതാണ്:  ആ പഠനങ്ങളില്‍ അടങ്ങിയിട്ടുള്ള നിഷിദ്ധങ്ങളെക്കുറിച്ച് അത് പഠിക്കുന്ന വിദ്യാര്‍ഥി ബോധവാന്‍ ആയിരിക്കണം. ആ നിഷിദ്ധങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുവാനോ, അതിന്‍റെ പ്രചാരകന്‍ ആകുവാനോ പാടില്ല.

മറിച്ച് അത് പഠിക്കുന്നതിലെ ഉദ്ദേശ്യം:

1- അതിന്‍റെ ഉപകാരപ്രദമായ വശം പ്രയോജനപ്പെടുത്തി, ഹലാലായ ജോലി ചെയ്യാന്‍.

2- അതിന്‍റെ ന്യൂനതകളും കുഴപ്പങ്ങളും മനസ്സിലാക്കാന്‍.

3- അതിനെ എതിര്‍ക്കാന്‍.

4- ഇസ്‌ലാമിക നിയമങ്ങള്‍ അത്തരം കാര്യങ്ങളില്‍ നിന്നും എപ്രകാരം വ്യത്യസ്ഥമാകുന്നു എന്നത് മനസ്സിലാക്കാന്‍.

5- ഇസ്‌ലാമിക അദ്ധ്യാപനങ്ങളുടെ അജയ്യത മനസ്സിലാക്കാന്‍.

 തുടങ്ങി ഇത്തരം ഉദ്ദേശ്യങ്ങള്‍ക്ക് അവ പഠിക്കാം. പക്ഷെ അത് ഒരിക്കലും തന്നെ പഠിതാവിന്‍റെ മതബോധത്തെയോ, മതപരമായ ചിട്ടയെയോ, അല്ലാഹുവുമായുള്ള അവന്‍റെ കടമകളെയോ ബാധിക്കാന്‍ പാടില്ല. ഈ നിബന്ധനകള്‍ പാലിക്കാന്‍ കഴിയുന്നവര്‍ക്ക് മാത്രമാണ് അത് അനുവദനീയമാകുക.

സമാനമായ വിഷയത്തില്‍ ശൈഖ് ഇബ്ന്‍ ബാസ് (റ) യോട് ചോദിക്കപ്പെട്ട ഒരു ചോദ്യം പ്രസക്തമാണ്‌. നമുക്കറിയാവുന്നപോലെ ഇന്നത്തെ  നിയമ സംഹിതകളില്‍ പലതും ഇസ്ലാമികമായി അംഗീകരിക്കാന്‍ സാധിക്കാത്ത  കാര്യങ്ങളാണല്ലോ. എന്നാല്‍ ഒരു മുസ്‌ലിം വിദ്യാര്‍ഥി നിയമ പഠനം നടത്തുന്നത് അനുവദനീയമാണോ എന്ന ചോദ്യത്തിന് ശൈഖ് ഇബ്നു ബാസ് (റ) നല്‍കിയ മറുപടി ശ്രദ്ധേയമാണ്. അതില്‍ പലിശയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളെക്കുറിച്ചും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്:

ചോദ്യം: ഇന്നത്തെ (ഇസ്‌ലാമികമായി അനുവദനീയമല്ലാത്ത കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമപഠനത്തെ കുറിച്ചും, അത് പഠിപ്പിക്കുന്നതിനെ കുറിച്ചും ഉള്ള ഇസ്‌ലാമിക വിധി എന്താണ് ?!.

ഉത്തരം:  അത്തരം നിയമങ്ങള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്ന ആളുകള്‍ രണ്ട് രൂപത്തിലാണ് :

ഒന്നാമത്തെ വിഭാഗം: അതിന്‍റെ യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ വേണ്ടിയോ, ഇസ്‌ലാമിക നിയമങ്ങള്‍ക്ക് അവയുടെ മേലുള്ള ശ്രേഷ്ഠത മനസ്സിലാക്കാന്‍ വേണ്ടിയോ, അതല്ലെങ്കില്‍ അതിലടങ്ങിയ ഇസ്ലാമികമായി തെറ്റില്ലാത്ത വശങ്ങളെക്കുറിച്ച് മനസ്സിലാക്കി അത് തനിക്ക് സ്വയം പ്രയോജനപ്പെടുത്താനോ, മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുവാന്‍ വേണ്ടിയോ ഒക്കെ അത് പഠനം നടത്തുകയും പഠിപ്പിക്കുകയും ചെയ്യുന്നവരാണ് എങ്കില്‍ മതപരമായി അതില്‍ തെറ്റില്ല എന്നാണ്  ഞാന്‍ മനസ്സിലാക്കുന്നത്. അതില്‍ തെറ്റില്ല എന്നു മാത്രമല്ല അതു പഠിക്കുക വഴി അതിന്‍റെ ന്യൂനതകളും കുറവുകളും മനസ്സിലാക്കി ഇസ്‌ലാമിക നിയമങ്ങളുടെ ശ്രേഷ്ഠതയും അജയ്യതയും സ്ഥാപിക്കാന്‍ സാധിക്കുന്നുവെങ്കില്‍ അത് പ്രശംസനീയവും പ്രതിഫലാര്‍ഹാവുമായ കാര്യമാണ്. അഥവാ പലിശയുടെ നിയമങ്ങള്‍, കള്ളിന്‍റെ ഇനങ്ങള്‍, ചൂതാട്ടത്തിന്‍റെ ഇനങ്ങള്‍ തുടങ്ങിയ വികലമായ കാര്യങ്ങളെക്കുറിച്ച് അത്തരം കാര്യങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും തിരിച്ചരിവോടെയും കൂടി, അവയുടെ യാഥാര്‍ത്ഥ്യം മനസ്സിലാക്കാനും, അവയുടെ മതവിധി മനസ്സിലാക്കാനും, മറ്റുള്ളവര്‍ക്ക് അത് പ്രയോജനപ്പെടാനും വേണ്ടി പഠനം നടത്തുന്ന ആളുകളുടെ അതേ ഹുക്മാണ് അല്ലാഹുവിന്‍റെ നിയമങ്ങള്‍ക്ക് വിപരീതമായ നിയമങ്ങള്‍ ഹറാമാണ് എന്ന വിശ്വാസത്തോടെയും, തിരിച്ചരിവോടെയും, അത്തരം നിയമങ്ങളെക്കുറിച്ച് നിയമപഠനം നടത്തുന്ന ആളുകള്‍ക്കും. (അഥവാ മുകളില്‍ സൂചിപ്പിച്ച രൂപത്തില്‍ ആണെങ്കില്‍ അത് അനുവദനീയമാണ്).

ഒരിക്കലും തന്നെ അവരെ സിഹ്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകളുമായി താരതമ്യം ചെയ്യാന്‍ പാടില്ല. കാരണം  സിഹ്റില്‍ ശിര്‍ക്കും പിശാചിനുള്ള ആരാധനയും എല്ലാം അടങ്ങിയിട്ടുള്ളതിനാല്‍ അത് حرام لذاته (സ്വതവേ നിഷിദ്ധമായത്) ആണ്. അഥവാ അത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ശിര്‍ക്കിലൂടെയും, അതിനിഷിദ്ധമായ കാര്യങ്ങളിലൂടെയുമല്ലാതെ അത് പഠിക്കുക ഒരിക്കലും സാധ്യമല്ല.

എന്നാല്‍ മനുഷ്യനിര്‍മ്മിതമായ (അനിസ്ലാമികമായ കാഴ്ചപ്പാടുകള്‍ അടങ്ങിയ) നിയമങ്ങളെ, അത് അനുവദനീയമായിക്കാണുകയോ, അതുപ്രകാരമാണ് നിയമങ്ങള്‍ നടപ്പാക്കപ്പെടേണ്ടത് കരുതുകയോ ചെയ്യാതെ, മതപരമായി അനുവദനീയമായ ഒരു കാരണത്തിന് വേണ്ടി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അതുപോലെയല്ല.

രണ്ടാമത്തെ വിഭാഗം: അല്ലാഹു അനുവദിച്ചിട്ടില്ലാത്ത നിയമങ്ങളെ അവ നിഷിദ്ധമാണ് എന്ന ബോധ്യത്തോടു കൂടിത്തന്നെ, അത് നടപ്പാക്കാന്‍ വേണ്ടിയോ, മറ്റുള്ളവര്‍ക്ക് അത് നടപ്പാക്കുന്നതില്‍ സഹായകമാകാന്‍ വേണ്ടിയോ ആണ് ഒരാള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് എങ്കില്‍. അതായത് അത് തെറ്റാണ് എന്നറിയാമായിരുന്നിട്ടും തന്‍റെ ഇച്ഛയും പണത്തോടുള്ള ആര്‍ത്തിയും ആണ് അപ്രകാരം ചെയ്യുന്നതിന് പ്രേരകമായതെങ്കില്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ ഫാസിഖീങ്ങള്‍ ആണ്. അവരില്‍ ഫിസ്ഖും, ളുല്‍മും, കുഫ്റും എല്ലാമുണ്ട്. പക്ഷെ അവ كفر أصغر , فسق أصغر ,ظلم أصغر , അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത രൂപത്തിലുള്ള ചെറിയ കുഫ്റും, ഫിസ്ഖും, ളുല്‍മുമാണ്. ഈ വിഭാഗം ഇസ്ലാമിന്‍റെ വൃത്തത്തില്‍ നിന്നും പുറത്ത് പോകുന്നില്ല.  പണ്ഡിതന്മാര്‍ക്കിടയില്‍ ഏറെ സുപരിചിതമായ ഒരു കാര്യമാണിത്. ഇബ്നു അബ്ബാസ് (റ) , ത്വാഊസ് (റ), അത്വാഅ്(റ), മുജാഹിദ് (റ) തുടങ്ങി സലഫുകളിലും ഖലഫുകളിലും ഒരുപാട് പേര്‍ (അല്ലാഹുവിന്‍റെ നിയമം കൊണ്ടല്ലാതെ വിധിക്കുന്നതിനെ നിഷിദ്ധമായി കാണുകയും എന്നാല്‍ അപ്രകാരം വിധിക്കുകയും ചെയ്യുന്നവരുടെ കുഫ്ര്‍, (കുഫ്ര്‍ അസ്ഗര്‍) അഥവാ ഇസ്‌ലാമില്‍ നിന്നും പുറത്ത് പോകാത്ത കുഫ്ര്‍ ആണ് എന്ന്‍ പറഞ്ഞിട്ടുള്ളവരാണ്. - (തത് വിഷയവുമായി ബന്ധപ്പെട്ട് ശൈഖ് ഇബ്നു ബാസ് (റ) നടത്തിയ ചര്‍ച്ച പൂര്‍ണമായും വായിക്കാന്‍ ഈ ലിങ്കില്‍ പോകുക http://www.ibnbaz.org.sa/mat/2497)   


ശൈഖിന്‍റെ ഈ വിശദീകരണത്തില്‍ നിന്നും കാര്യം വളരെ വ്യക്തമാണ്. അഥവാ അനിസ്‌ലാമികമായ വ്യവസ്ഥകളെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയത് കൊണ്ട് മാത്രം ഒരു പഠനം നിഷിദ്ധമാകുന്നില്ല. എന്നാല്‍ അവ പഠിക്കുന്നത് എന്തിനു വേണ്ടി എന്നതാണ് സുപ്രധാനം.

1- പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നത് അത് നടപ്പിലാക്കാനും, അനിസ്ലാമികമായ ജോലി സമ്പാദിക്കാനും ആണെങ്കില്‍ അത് നിഷിദ്ധമാണ്. വളരെ വലിയ പാപവുമാണ്.

2- പഠിക്കുന്നത് അതിലുള്ള അനുവദനീയമായ വശങ്ങളെക്കുറിച്ച് അറിയാനും മനസ്സിലാക്കാനും, അതുവഴി മുസ്ലിമീങ്ങള്‍ക്ക് ഉപകാരപ്പെടും വിധം അനുവദനീയമായ ജോലി ചെയ്യലും ആണെങ്കില്‍ അത് അനുവദനീയമാണ്. ഇനി ഒരുപക്ഷെ ആ വിഷയത്തില്‍ ചിലരെങ്കിലും അവഗാഹം നേടല്‍  മുസ്ലിമീങ്ങളെ സംബന്ധിച്ചിടത്തോളം അനിവാര്യമായി വരുന്നുവെങ്കില്‍ ഒരുവേള 'ഫര്‍ള് കിഫായ' എന്ന ഗണത്തിലേക്ക് പോലും ഭൗതിക വിഷയങ്ങള്‍ എത്തും. ചര്‍ച്ച നീളുമെന്നതിനാല്‍ ആ ഭാഗം ഇപ്പോള്‍ വിശദീകരിക്കുന്നില്ല.

3- പഠിക്കുന്ന വ്യക്തി അതിന്‍റെ ഇസ്‌ലാമിക കാഴ്ചപ്പാടിനെക്കുറിച്ചും, അതില്‍ അനുവദനീയവും നിഷിദ്ധവുമായതേത് എന്നതിനെ സംബന്ധിച്ചും പഠിക്കുവാന്‍ കൂടി തയ്യാറാവേണ്ടതുണ്ട്. സാമ്പത്തിക രംഗം മനുഷ്യന് ഒഴിച്ചുകൂടാന്‍ കഴിയാത്ത രംഗമായതിനാല്‍ അത്തരം രംഗങ്ങളില്‍ പല തരത്തിലുള്ള അനിസ്‌ലാമിക കച്ചവടങ്ങളിലും മുസ്ലിമീങ്ങള്‍ അറിഞ്ഞോ അറിയാതെയോ  ഭാഗവാക്കാകാറുണ്ട്. അത്തരം മേഖലകളില്‍ ഇസ്ലാമികവും, അനിസ്ലാമികവും വേര്‍ത്തിരിച്ച് മനസ്സിലാക്കിക്കൊടുക്കാനും, ഇസ്‌ലാമിക നിയമം എങ്ങനെ അനിസ്‌ലാമിക സമ്പദ് നിയമങ്ങളെക്കാള്‍ പ്രായോഗികമാണ് എന്ന് മനസ്സിലാക്കിക്കൊടുക്കാനുമെല്ലാം രണ്ട് മേഖലകളെക്കുറിച്ചും അറിവുള്ള ആളുകളെ ഇന്ന് ധാരാളമായി ആവശ്യമുണ്ട് താനും...


ജോലിയെ സംബന്ധിച്ച് ഉള്ള നിലപാട്: മുകളിലെ വിശദീകരണത്തില്‍ നിന്ന് തന്നെ ഇതില്‍ ഒരു വ്യക്തമായ കാഴ്ചപ്പാട് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടായിരിക്കണം. അഥവാ മുകളില്‍ സൂചിപ്പിച്ച പോലുള്ള കോഴ്സുകള്‍ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്യുന്നത് പോലും ഹറാമായ ജോലിക്ക് വേണ്ടി ആയിരിക്കരുത് എന്ന് പറഞ്ഞതില്‍ നിന്നും, അത്തരം ജോലികള്‍ തീര്‍ത്തും പാടില്ല എന്നത് വ്യക്തമാണല്ലോ ...


അതോടൊപ്പം സൂചിപ്പിക്കാനുള്ള രണ്ട് സുപ്രധാന കാര്യങ്ങള്‍:

 1- കേവലം ഭൌതിക താല്പര്യങ്ങള്‍ മാത്രം മുന്നില്‍ കാണുന്ന രക്ഷിതാക്കള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും തങ്ങള്‍ക്കുള്ള ന്യായീകരണം എന്ന നിലക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ടി രചിക്കപ്പെട്ട ഒരു ലേഖനമല്ല ഇത്. അതിനാല്‍ തന്നെ തങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം എടുക്കുക എന്ന സമീപനത്തോടെ ഈ ലേഖനത്തെ കാണരുത്. മറിച്ച് മതപരമായ ഒരു വിധി ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനമായി കാണുകയും സൂചിപ്പിക്കപ്പെട്ട ഓരോ കാര്യങ്ങളും വസ്തുനിഷ്ടമായി മനസ്സിലാക്കുകയും ചെയ്യുക.

2- കുട്ടികളെ പഠിപ്പിക്കാന്‍ വേണ്ടി വിടുമ്പോള്‍ അവരുടെ വിശ്വാസവും ദീനും സംരക്ഷിക്കപ്പെടുന്ന സാഹചര്യങ്ങള്‍ ഒരുക്കുകയും അതിനുതകുന്ന തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യേണ്ടത് ഒരു രക്ഷിതാവിന്‍റെ ബാധ്യതയാണ്. പ്രവാചകന്‍ (സ) പറഞ്ഞത് പോലെ : " നിങ്ങളില്‍ ഓരോരുത്തരും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടവരാണ്. നിങ്ങളില്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കപ്പെട്ടവരെക്കുറിച്ച് നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുക തന്നെ ചെയ്യും " ... അതിനാല്‍ തങ്ങളുടെ മക്കളുടെ കാര്യത്തില്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും, കേവലം അവരുടെ ഭൗതിക നേട്ടങ്ങള്‍ മാത്രം ലക്ഷ്യമാക്കാതിരിക്കുകയും ചെയ്യുക. അതിനാല്‍ തന്നെ ഭൗതികപരമായ അറിവ് നേടാന്‍ അവര്‍ക്ക് നല്‍കുന്ന പ്രോത്സാഹനം മതപരമായ അറിവ് നേടാനും നല്‍കുക. അല്ലാഹു നമുക്ക് സ്വാലിഹീങ്ങളായ സന്താനങ്ങളെ നല്‍കുമാറാകട്ടെ ...



അല്ലാഹു അനുഗ്രഹിക്കട്ടെ ......