Pages

Thursday, June 25, 2015

സകാത്ത് വിഹിതം സകാത്ത് സെല്ലില്‍ തന്നെ കൊടുക്കേണ്ടതുണ്ടോ ?. ഒറ്റക്ക് കൊടുക്കാമോ ?.


ചോദ്യം: ഞങ്ങളുടെ മഹല്ലില്‍ സകാത്ത് സെല്‍ ഉണ്ട്. സകാത്തിന്‍റെ മുഴുവന്‍ പണവും സെല്ലില്‍ തന്നെ കൊടുക്കണോ ?.

www.fiqhussunna.com

ഉത്തരം:
 الحمد لله والصلاة والسلام على رسول الله وبعد؛

സകാത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം അത് അതിന്‍റെ അര്‍ഹരിലേക്ക് എത്തുക എന്നുള്ളതാണ്. ആര് മുഖാന്തിരം ആണെങ്കിലും അര്‍ഹരിലേക്ക് സകാത്ത് എത്തുക എന്നതാണ് സുപ്രധാനം. നമ്മുടെ നാട്ടില്‍ ഈ വിഷയത്തില്‍ രണ്ട് അഭിപ്രായങ്ങള്‍ കാണാം. യഥാര്‍ത്ഥത്തില്‍ അവ രണ്ടും ശരിയല്ല.

ഒന്ന്: സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ മാത്രമേ സകാത്ത് വീടൂ. നേരിട്ട് അവകാശിക്ക് കൊടുത്താല്‍ വീടില്ല എന്ന അഭിപ്രായക്കാര്‍.

രണ്ട്: സംഘടിതമായി സകാത്ത് സംവിധാനം നടപ്പാക്കിയാല്‍ സകാത്ത് വീടില്ല. നേരിട്ട് തന്നെ നല്‍കണം എന്ന അഭിപ്രായക്കാര്‍.

യഥാര്‍ത്ഥത്തില്‍ ഈ രണ്ട് അഭിപ്രായങ്ങളും തെറ്റാണ്. സകാത്ത് അതിന്‍റെ അവകാശികള്‍ക്ക് നല്‍കണം എന്ന് പ്രമാണങ്ങളിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. അതാണ്‌ പ്രമാണം നിഷ്കര്‍ഷിക്കുന്നത്. അതിനാല്‍ത്തന്നെ ഒരാളുടെ സകാത്ത് നേരിട്ടോ അല്ലാതെയോ അവകാശിയുടെ കൈവശം എത്തിയാല്‍ സകാത്ത് വീടും എന്നത് സുവ്യക്തമാണ്.

സകാത്ത് സാമ്പത്തികമായ ആരാധനയാണ്. സാമ്പത്തികമായ ആരാധന 'തൗകീല്‍' അഥവാ മറ്റൊരാളെ ചെയ്യാന്‍ ഏല്‍പ്പിക്കല്‍ അനുവദനീയമായ ആരാധനയാണ് എന്നതില്‍ ഇമാമീങ്ങള്‍ക്ക് എകാഭിപ്രായമാണ്. അതിനാല്‍ത്തന്നെ ഒരാള്‍ക്ക് തന്‍റെ സകാത്ത് നല്‍കാന്‍ മറ്റൊരാളെ ചുമതലപ്പെടുത്താം. അതിനാല്‍ത്തന്നെ തന്‍റെ സകാത്ത്, സംഘടിത സകാത്ത് സെല്‍ സംവിധാനങ്ങളെ ഏല്‍പ്പിക്കാം. അവര്‍ കൃത്യമായ അവകാശികള്‍ക്ക് നല്‍കുന്നു എന്ന ഉറപ്പുണ്ടായിരിക്കണം എന്ന് മാത്രം.

അതുപോലെ ഒരാള്‍ തന്‍റെ സകാത്ത് നേരിട്ട് നല്‍കിയാലും വീടും. കാരണം സംഘടിതമായി നല്‍കിയാലേ വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. റസൂല്‍(സ) യുടെ കാലത്തും പിന്നീട് ഖുലഫാഉ റാഷിദീങ്ങളുടെ കാലത്തും ഭരണകൂടമായിരുന്നു സകാത്ത് പിരിചിരുന്നത്. അവര്‍ക്ക് അതിനുള്ള ശറഇയ്യായ അധികാരം അഥവാ വിലായത്ത് ഉണ്ടായിരുന്നു. അവരെ ഏല്‍പ്പിക്കാത്ത ആളില്‍ നിന്നും വീണ്ടും അതാവശ്യപ്പെടാം. അതിനാല്‍ത്തന്നെ അവരെ ഏല്‍പ്പിക്കാന്‍ ഒരാള്‍ നിര്‍ബന്ധിതനാണ്. എന്നാല്‍ ഇസ്‌ലാമിക ഭരണകൂടം ഇല്ലാത്ത ഇടങ്ങളില്‍ മുസ്ലിമീങ്ങളുടെ പൊതുമസ്'ലഹത്തിന് വേണ്ടി വിശ്വാസികള്‍ ആരംഭിക്കുന്ന സകാത്ത് സംവിധാനങ്ങള്‍ക്ക് ഈ വിലായത്ത് ഇല്ല.  തൗകീല്‍ അനുവദനീയമായ ആരാധന ആയതുകൊണ്ട് അപ്രകാരം ഒരു സംവിധാനം ഉണ്ടാകുന്നത് അനുവദനീയമാണ് എന്ന് മാത്രം. അതുകൊണ്ട് അത്തരം സംവിധാനം നടപ്പാക്കുന്നവര്‍ക്ക് തങ്ങളെ ഏല്‍പ്പിച്ചാലേ സകാത്ത് വീടൂ എന്ന് പറയാന്‍ യാതൊരു തെളിവും ഇല്ല. മാത്രമല്ല ഇസ്‌ലാമിക ഭരണകൂടം ഉള്ളിടത്ത് പോലും അവകാശിക്ക് നേരിട്ട് നല്‍കിയാല്‍ സകാത്ത് വീടും എന്ന് തന്നെയാണ് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്‌. പക്ഷെ ഭരണാധികാരി ഭരണകൂടത്തെ ഏല്‍പ്പിക്കണം എന്ന് കല്പ്പിചിട്ടുണ്ടെങ്കില്‍ അവിടെ ഭരണാധികാരിയെ അനുസരിക്കുക എന്നത് ഒരു വിശ്വാസിക്ക് ബാധ്യത ആയതുകൊണ്ട് അവരെ ഏല്‍പ്പിക്കല്‍ നിര്‍ബന്ധമാണ്‌ എന്ന് മാത്രം. ഈ വിലായത്ത് അഥവാ ശറഇയ്യായ അധികാരം മറ്റൊരു സംവിധാനത്തിനും ഇല്ല.

ഇനി ഭരണകൂടം ഇല്ലാത്തിടത്ത് മുസ്ലിമീങ്ങള്‍ക്ക് ഇങ്ങനെ പൊതുസംവിധാനങ്ങള്‍ തുടങ്ങാന്‍ പാടുണ്ടോ എന്നാണ് സംശയം എങ്കില്‍. സകാത്ത് 'തൗകീല്‍' അനുവദനീയമായ ആരാധന ആയതുകൊണ്ട് അത് തുടങ്ങാം എന്നതില്‍ തര്‍ക്കമില്ല. പക്ഷെ അവകാശികളുടെ കയ്യിലേക്ക് സകാത്ത് എത്തുന്നുവെങ്കില്‍ മാത്രമേ അപ്പോഴും ഒരാളുടെ സകാത്ത് വീടൂ. മാത്രമല്ല പൊതു സംവിധാനങ്ങള്‍ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആവശ്യമാണ്‌. കാരണം സകാത്തിന് അര്‍ഹരായ ആളുകളെ സംബന്ധിച്ചിടത്തോളം ഓരോ ആളുകളോടും സകാത്ത് ചോദിച്ചു നടക്കാന്‍ സാധിക്കില്ലല്ലോ. അതുകൊണ്ട് തന്നെ അര്‍ഹരായ ആളുകളെ കണ്ടെത്തി നല്‍കാനും, അവരുടെ പരാതികള്‍ അന്വേഷിക്കാനും ഒരു പൊതു സംരംഭം ഏറെ ആവശ്യമാണ്‌ എന്നതില്‍ സംശയമില്ല. അതുകൊണ്ട് സത്യസന്ധമായും സുതാര്യമായും അവകാശികളെ കണ്ടെത്തി അവര്‍ക്ക് സകാത്ത് എത്തിക്കുന്ന പൊതു സംവിധാനങ്ങളെ നാം വിജയിപ്പിക്കേണ്ടതുണ്ട്. അത് സമൂഹത്തിന്‍റെ ആവശ്യമാണ്‌. ഏതായാലും രണ്ട് രൂപത്തില്‍ കൊടുത്താലും കൃത്യമായ അവകാശിക്ക് ലഭിക്കുകയാണ് എങ്കില്‍ ഒരാളുടെ സകാത്ത് വീടും. ദരിദ്രന്റെ മസ്'ലഹത്ത് പരിഗണിച്ചുകൊണ്ട്‌ ഒരാള്‍ക്ക് അത് ചെയ്യാവുന്നതാണ്. തനിക്ക് കൂടുതല്‍ സൂക്ഷ്മതയോടെ ചെയ്യാന്‍ പറ്റുന്നതേതോ അതും ഒരാള്‍ക്ക് ഈ വിഷയത്തില്‍  പരിഗണിക്കാവുന്നതാണ്. നാമറിയാത്ത ഒട്ടനേകം അര്‍ഹരായ അവകാശികള്‍ക്ക് ലഭിക്കാന്‍ പൊതു സംരംഭം ആവശ്യമെങ്കില്‍ അതിലേക്ക് നല്‍കുക. അതുപോലെ തന്റെ അറിവിലുള്ള അടുത്ത ബന്ധുക്കളും മറ്റും സകാത്തിന് ഏറെ അര്‍ഹരായവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും നല്‍കുക. ഒന്ന് മറ്റൊന്നിന് തടസ്സമാകരുത്. ഓരോരുത്തരുടെയും ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് അല്ലാഹു കൃത്യമായി അറിയുന്നു.

ശൈഖ് ഇബ്നു ബാസ് (റഹിമഹുല്ല) യോട് ഒരു ചോദ്യം: 


സകാത്ത് സഹായസഹകരണ സ്ഥാപനങ്ങളെ ഏല്‍പിക്കാന്‍ പാടുണ്ടോ ?.

ഉത്തരം: അതിന്‍റെ നടത്തിപ്പുകാര്‍ സകാത്തിന്‍റെ കൃത്യമായ അവകാശികളെ കണ്ടെത്തി നല്‍കുന്ന വിശ്വസ്ഥരും അമാനത്ത് കാത്തുസൂക്ഷിക്കുന്നവരുമാണ് എങ്കില്‍ അവരെ സകാത്ത് ഏല്‍പിക്കുന്നതില്‍ തെറ്റില്ല. അത് പുണ്യത്തിലും, തഖ്വയിലും അധിഷ്ടിതമായ സഹകരണത്തില്‍ പെട്ടതാണ്.

[ഈ ഫത്'വയുടെ അറബി ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക].

നല്‍കല്‍ നിര്‍ബന്ധമല്ല എന്നുള്ളതും, എന്നാല്‍ നല്‍കുന്നതില്‍ തെറ്റില്ല എന്നും ശൈഖിന്റെ ഫത്'വയില്‍ നിന്നും വ്യക്തമാണ്.

ഒറ്റക്ക് നല്‍കുന്നത് പലപ്പോഴും സകാത്തിന് അവകാശികളായ ആളുകള്‍ക്ക് തന്നെ അര്‍ഹതയില്‍ കൂടുതല്‍ കിട്ടുവാനും, അര്‍ഹരായ പല അവകാശികള്‍ക്കും കിട്ടാതിരിക്കാനും ഒക്കെ കാരണമായേക്കാം. അതുപോലെ മുഴുവന്‍ സകാത്തും സംഘടിത സംവിധാനത്തിന് നല്‍കുന്നത് പലപ്പോഴും, നമ്മില്‍ നിന്നും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന, മറ്റൊരാളില്‍ നിന്നും ലഭിക്കാന്‍ സാധ്യത ഇല്ലാത്ത ഏറെ അര്‍ഹരായ ആളുകള്‍ക്ക് കിട്ടാതിരിക്കാനും കാരണമാകും. അതുകൊണ്ടാണ് രണ്ടും ആവശ്യമാണ്‌, ഒന്ന് ഒന്നിന് തടസ്സമാകാത്ത വിധം മസ്'ലഹത്ത് മനസ്സിലാക്കി നല്‍കണം എന്ന് ഞാന്‍ സൂചിപ്പിച്ചത്. അടിസ്ഥാനപരമായി സകാത്ത് അവകാശിക്ക് ലഭിക്കുക എന്നുള്ളതാണ് ശറഇന്‍റെ നിയമം. അത് അവകാശിക്ക് നല്‍കപ്പെട്ടാല്‍ ധനികന്റെ ബാധ്യത വീടി. ഇനി സംഘടിതമായോ അല്ലാത്ത നിലക്കോ ആകട്ടെ, നല്‍കുന്നത് അവകാശിക്കല്ല എങ്കില്‍ സകാത്ത് വീടുകയുമില്ല.

അല്ലാഹു അനുഗ്രഹിക്കട്ടെ ..
__________________________

അബ്‌ദുറഹ്‌മാൻ അബ്ദുല്ലത്തീഫ് പി.എൻ 

Monday, June 22, 2015

ലളിതവും അമൂല്യവുമായ ചില ദിക്റുകള്‍.


الحمد لله والصلاة والسلام على رسول الله وبعد؛

(ശ്രദ്ധിക്കപ്പെടാത്ത എന്നാല്‍ ലളിതവും അമൂല്യവുമായ ചുരുക്കം ചില ദിക്റുകളും ദുആകളും അവക്ക് ഹദീസുകളില്‍ പരാമര്‍ശിക്കപ്പെട്ട പ്രതിഫലവുമാണ് താഴെ കൊടുക്കുന്നത്.)
www.fiqhussunna.com
ദുനിയാവിനേക്കാള്‍ നല്ലത്:

قال رسول الله صلى الله عليه وسلم : " لأن أقول سبحان الله ، والحمد لله ، ولا إله إلا الله ، والله أكبر ، أحب إلي مما طلعت عليه الشمس".

റസൂല്‍ (സ) പറഞ്ഞു: സുബ്ഹാനല്ലാഹ്, അല്‍ഹംദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര്‍ എന്ന് പറയലാണ് സൂര്യപ്രകാശത്തിന് താഴെയുള്ള സകലതിനേക്കാളും എനിക്കിഷ്ടം” – [സ്വഹീഹ് മുസ്‌ലിം].


സ്വര്‍ഗ്ഗത്തിലെ നിധി:

قال رسول الله صلى الله عليه وسلم : " يا عبد الله بن قيس ألا أدلك على كلمة هي كنز من كنوز الجنة ؟! ، لا حول ولا قوة إلا بالله "

റസൂല്‍ (സ) പറഞ്ഞു: അല്ലയോ അബ്ദുല്ലാഹിബ്നു ഖൈസ്, സ്വര്‍ഗ്ഗത്തിലെ നിധികളില്‍ ഒരു നിധിയായ ഒരു വാക്ക് ഞാന്‍ നിനക്ക് പറഞ്ഞു തരട്ടെയോ ?!. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്”. [സ്വഹീഹുല്‍ ബുഖാരി].

അന്ത്യദിനത്തില്‍ നന്മയുടെ തുലാസ് കനം തൂങ്ങാന്‍:

قال رسول الله صلى الله عليه وسلم : "كلمتان خفيفتان على اللسان، ثقيلتان في الميزان ، حبيبتان إلى الرحمن: سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ "

റസൂല്‍ (സ) പറഞ്ഞു: നാവിന് പറയാന്‍ ഏറെ എളുപ്പമുള്ളതും, എന്നാല്‍ മീസാനില്‍ ഏറെ കനം തൂങ്ങുന്നതും, അല്ലാഹുവിന് ഏറെ ഇഷ്ടമുള്ളതുമായ രണ്ട് വാക്കുകളാണ് : സുബ്ഹാനല്ലാഹി വബി ഹംദിഹി, സുബ്ഹാനല്ലാഹില്‍ അളീം  - [ബുഖാരി, മുസ്‌ലിം].


സ്വര്‍ഗത്തില്‍ ഒരീത്തപ്പന:

قال رسول الله صلى الله عليه وسلم : "من قال  سُبْحَانَ اللهِ الْعَظِيم وَبِحَمْدِهِ ، غرست له بها نخلة في الجنة ". 

റസൂല്‍ (സ) പറഞ്ഞു : ആരെങ്കിലും സുബ്ഹാനല്ലാഹില്‍ അളീം വബിഹംദിഹിഎന്ന് ചൊല്ലിയാല്‍ അവന് സ്വര്‍ഗത്തില്‍ ഒരീത്തപ്പന നടപ്പെടുന്നതാണ്”. – [തിര്‍മിദി, അല്‍ബാനി: സ്വഹീഹ്].


ഇരട്ടി പ്രതിഫലമുള്ള ദിക്ര്‍:

قال رسول الله صلى الله عليه وسلم : " لقد قلت بعدك أربع كلمات ثلاث مرات ، لو وزنت بما قلت منذ اليوم لوزنتهن : سُبحَان الله وبِحمدهِ عَددَ خَلقهِ ، ورِضا نَفسِه ، وزِنةَ عَرشهِ ، ومِدادَ - أو مِدد – كَلماتِه ".

റസൂല്‍ (സ) പറഞ്ഞു: ഞാന്‍ നിനക്കുശേഷം നാല് വാചകങ്ങള്‍ മൂന്നുതവണ ഉരുവിട്ടു. നീ ഇന്ന് മുഴുവന്‍ ചൊല്ലിയ ദിക്റുകളെക്കാളും  (മീസാനില്‍) കനം തൂങ്ങുന്നവയാണവ: 
سُبحَان الله وبِحمدهِ عَددَ خَلقهِ ، ورِضا نَفسِه ، وزِنةَ عَرشهِ ، ومِدادَ كَلماتِه ".” – [സ്വഹീഹ് മുസ്‌ലിം].

അര്‍ത്ഥം: അല്ലാഹുവിന്‍റെ സൃഷ്ടികളുടെ അത്രയും, അവന്‍റെ തൃപ്തിയുടെ അത്രയും, അവന്‍റെ അര്‍ശോളവും, അവന്‍റെ വചനങ്ങള്‍ എഴുതപ്പെടുന്നതെന്തുകൊണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും സ്തുതിക്കുകയും ചെയ്യുന്നു എന്നാണ് ഈ ദിക്ര്‍ അര്‍ത്ഥമാക്കുന്നത്. അല്ലാഹുവിനെ അത്രമാത്രം സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു എന്നതാണ് അപ്രകാരം പറയുന്നതുകൊണ്ടുള്ള ഉദ്ദേശം. അവന്‍റെ തൃപ്തിയോ അവന്‍ തൃപ്തിപ്പെട്ടവരുടെ എണ്ണമോ തിട്ടപ്പെടുത്താന്‍ സാധിക്കില്ല. അത്രമാത്രം അവനെ സ്തുതിക്കുന്നു. സമുദ്രങ്ങള്‍ മഷിയായാല്‍ അല്ലാഹുവിന്‍റെ വചനങ്ങള്‍ തീരുന്നതിന് മുന്‍പ് അവ തീരുന്നതാണ്. അപ്പോള്‍ അവന്‍റെ വാക്കുകള്‍ രേഖപ്പെടുത്തപ്പെടുന്നത് എന്തുകൊണ്ടോ അത്രയും അവന്‍റെ സൃഷ്ടിജാലങ്ങള്‍ എത്രമാത്രമുണ്ടോ അത്രയും, അവന്‍റെ സൃഷ്ടികളില്‍ അതിമഹത്തായ സൃഷ്ടിയായ അര്‍ശ് എത്രമാത്രമുണ്ടോ അത്രയും ഞാന്‍ അവനെ പരിശുദ്ധപ്പെടുത്തുകയും വാഴ്ത്തുകയും ചെയ്യുന്നു.


സ്വര്‍ഗപ്രവേശനത്തിനും നരകമോചനത്തിനും:

قال رسول الله صلى الله عليه وسلم : " من سأل الله الجنة ثلاث مرات ، قالت الجنة : اللهم أدخله الجنة ، ومن استجار من النار ثلاث مرات ، قالت النار : اللهم أجره من النار".

റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും അല്ലാഹുവോട് മൂന്നുതവണ സ്വര്‍ഗത്തെ ചോദിച്ചാല്‍, സ്വര്‍ഗം പറയും: അല്ലാഹുവേ നീ അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കണേ’. ആരെങ്കിലും അല്ലാഹുവോട് മൂന്ന്‍ തവണ നരകത്തില്‍ നിന്നും രക്ഷ ചോദിച്ചാല്‍, നരകം പറയും: അല്ലാഹുവേ നീ അവനെ നരകത്തില്‍ നിന്നും സംരക്ഷിക്ക്”. [തിര്‍മിദി, നസാഇ, അല്‍ബാനി: സ്വഹീഹ്].


അല്ലാഹുവിന്‍റെ സന്നിധിയില്‍ പ്രശംസിക്കപ്പെടാന്‍:

قال رسول الله صلى الله عليه وسلم : "من صلى علي واحدة ، صلى الله عليه بها عشرا ".

റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും എന്‍റെ മേല്‍ ഒരു സ്വലാത്ത് ചൊല്ലിയാല്‍, അല്ലാഹു അവന്‍റെ മേല്‍ പത്ത് സ്വലാത്ത് ചൊല്ലും.” [സ്വഹീഹ് മുസ്‌ലിം].

അല്ലാഹു സ്വലാത്ത് ചൊല്ലും എന്നാല്‍ അവന്‍റെ സന്നിധിയില്‍ ഉള്ളവരോട് അവരെപ്പറ്റി പ്രശംസിച്ച് പറയും എന്നര്‍ത്ഥം.


മരണമല്ലാതെ സ്വര്‍ഗത്തിന് തടസ്സമില്ല:
 

قال رسول الله صلى الله عليه وسلم : "من قرأ آية الكرسي دبر كل صلاة مكتوبة، لم يمنعه من دخول الجنة إلا أن يموت".

റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും ഓരോ ഫര്‍ള് നമസ്കാരശേഷവും ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുന്നുവെങ്കില്‍, അവനും സ്വര്‍ഗത്തിനുമിടയില്‍ തടസ്സമായി അവന്‍ മരണപ്പെടുക എന്നതല്ലാതെ മറ്റൊന്നുമില്ല. [ത്വബറാനി : 7408, അല്‍ബാനി: സ്വഹീഹ്].


ആയിരം നന്മകള്‍:


قال رسول الله صلى الله عليه وسلم : "أيعجز أحدكم أن يكسب كل يوم ألف حسنة ؟! ، يسبح الله مائة تسبيحة ، فيكتب الله له بها ألف حسنة ، ويحط عنه بها ألف خطيئة ".

റസൂല്‍ (സ) പറഞ്ഞു: നിങ്ങളിലൊരാള്‍ക്ക് ഒരുദിവസം ആയിരം നന്മകള്‍ കരസ്ഥമാക്കാന്‍ വല്ല പ്രയാസവും ഉണ്ടോ ?!. നൂറുതവണ തസ്ബീഹ് (സുബ്ഹാനല്ലാഹ്) ചൊല്ലിയാല്‍ അല്ലാഹു അതവന് ആയിരം നന്മകളായി രേഖപ്പെടുത്തും. അതുമുഖേന ആയിരം തിന്മകള്‍ പൊറുക്കപ്പെടുകയും ചെയ്യും.” [സ്വഹീഹ് മുസ്‌ലിം].

   
ഓരോ അക്ഷരത്തിനും പത്തിരട്ടി പ്രതിഫലം: 

قال رسول الله صلى الله عليه وسلم : "من قرأ حرفا من كتاب الله فله به حسنة ، والحسنة بعشر أمثالها ، لا أقول (الم) حرف ، ولكن ألف حرف ، و لام حرف ، و ميم حرف ".

റസൂല്‍ (സ) പറഞ്ഞു: അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്നും ആരെങ്കിലും ഒരു ഹര്‍ഫെങ്കിലും പാരായണം ചെയ്‌താല്‍ അതൊരു ഹസനതാണ്. ഓരോ ഹസനാതുകള്‍ക്കും പത്തിരട്ടി പ്രതിഫലം ലഭിക്കുന്നു. الم  (അലിഫ്-ലാം-മീം) എന്നത് ഒരു ഹര്‍ഫാണ് എന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരു ഹര്‍ഫാണ്. മീം ഒരു ഹര്‍ഫാണ്. ലാം ഒരു ഹര്‍ഫാണ്.” - [തിര്‍മിദി, അല്‍ബാനി: സ്വഹീഹ്].
    
പാപങ്ങള്‍ പൊറുക്കപ്പെടാന്‍: 

قال رسول الله صلى الله عليه وسلم : " من سبح الله دبر كل صلاة ثلاثا وثلاثين ، وحمد الله ثلاثا وثلاثين ، وكبر الله ثلاثا وثلاثين ، فتلك تسع وتسعون ، وقال تمام المائة : لا إله إلا الله ، وحده لا شريك له ، له الملك وله الحمد ، وهو على كل شيء قدير ، غفرت له خطاياه وإن كانت مثل زبد البحر".

റസൂല്‍ (സ) പറഞ്ഞു: ആരെങ്കിലും നമസ്കാരശേഷം സുബ്ഹാനല്ലാഹ്മുപ്പത്തിമൂന്ന് തവണയും, ‘അല്‍ഹംദുലില്ലാഹ്മുപ്പത്തിമൂന്ന് തവണയും, ‘അല്ലാഹു അക്ബര്‍ മുപ്പത്തിമൂന്ന് തവണയും, ചൊല്ലിയാല്‍ അതായത് അവ തൊണ്ണൂറ്റി മൊത്തം ഒന്‍പതും, ശേഷം നൂറ് തികച്ചുകൊണ്ട് ലാ ഇലാഹ ഇല്ലല്ലാഹ് വഹ്ദഹു ലാ ശരീക്ക ലഹു, ലഹുല്‍ മുല്‍ക്കു, വലഹുല്‍ ഹംദു വഹുവ അലാ കുല്ലി ശൈഇന്‍ ഖദീര്‍ എന്നും ചൊല്ലിയാല്‍ അവന്‍റെ പാപങ്ങള്‍ സമുദ്രത്തോളമുണ്ടെങ്കിലും അവയെല്ലാം പൊറുക്കപ്പെടും. – [സ്വഹീഹ് മുസ്‌ലിം].

سبحان الله : അല്ലാഹു ഏറെ പരിശുദ്ധനാകുന്നു

الحمد لله :  അല്ലാഹുവിനാകുന്നു സര്‍വ്വ സ്തുതിയും

الله أكبر : അല്ലാഹുവാകുന്നു ഏറ്റവും 
വലിയവന്‍ ‍

لا إله إلا الله وحده لا شريك له له الملك وله الحمد وهو على كل شيء قدير :

അല്ലാഹുവല്ലാതെ ആരാധ്യനക്കര്‍ഹാനായി മറ്റാരുമില്ല. അവന്‍ ഏകനാകുന്നു. അവന് പങ്കുകാരില്ല. സര്‍വാധിപത്യവും സര്‍വ്വസ്തുതിയും അവനാകുന്നു. അവന്‍ എല്ലാത്തിനും കഴിവുള്ളവാനാണ്.


അല്ലാഹു അനുഗ്രഹിക്കട്ടെ ....

Saturday, June 6, 2015

വാടകയുടെ സകാത്ത്


الحمد لله رب العالمين وصلى الله وسلم على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين؛

സകാത്ത് കണക്കുകൂട്ടുമ്പോള്‍ വാടകവസ്തുക്കളുടെ മൂലധനം അതില്‍ കൂട്ടേണ്ടതില്ല. കിട്ടുന്ന വാടകക്ക് മാത്രമാണ് സകാത്ത് ബാധകം.


ഉദാ: ഒരാളുടെ കൈവശം പത്തുലക്ഷം വിലമതിക്കുന്ന ഒരു വീട് ഉണ്ട് എന്ന് കരുതുക. 4000 രൂപ മാസവാടകക്ക് ആണ് ആ വീട് വാടകക്ക് നല്‍കിയത് എങ്കില്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകൂ. എന്നാല്‍ ആ ബില്‍ഡിംഗ് അയാള്‍ വില്‍ക്കാന്‍ ഉദ്ദേശിക്കുന്ന വസ്തുവല്ല. മറിച്ച് തന്‍റെ ഉടമസ്ഥതയില്‍ നിലനിര്‍ത്തുന്ന വസ്തുവാണ്. അതിനാല്‍ ആ വീടിന്‍റെ വിലക്ക് സകാത്ത് നല്‍കേണ്ടതില്ല. എന്നാല്‍ അതില്‍ നിന്ന് കിട്ടുന്ന വരുമാനത്തിന് മാത്രം അയാള്‍ സകാത്ത് നല്‍കിയാല്‍ മതി.

അതെപ്രകാരമാണ് നല്‍കേണ്ടത്
?.
-   ഒരാളുടെ കയ്യില്‍ നിസ്വാബ് തികഞ്ഞ പണമുണ്ടെങ്കില്‍, നിസ്വാബ് തികഞ്ഞതിന് ശേഷം ലഭിക്കുന്ന വാടകകളെല്ലാം ആ നിസ്വാബിലേക്ക് ചേര്‍ത്ത് വെക്കുക. ഹൗല്‍ തികയുമ്പോള്‍ കൈവശമുള്ളത് എത്രയാണോ അതിന്‍റെ 2.5% കൊടുക്കുക.

ഉദാ: ഒരാളുടെ കൈവശം ഒരു ലക്ഷം രൂപയുണ്ട്. വാടക ഇനത്തില്‍ ലഭിക്കുന്ന വാടകകള്‍ എല്ലാം അയാള്‍ ആ പണത്തോടൊപ്പം ചേര്‍ത്ത് വെക്കുന്നു. ആ ഒരു ലക്ഷം രൂപയുടെ ഹൗല്‍ തികയുന്ന ദിവസം തന്‍റെ കൈവശം ആ പണത്തില്‍ നിന്നും എത്ര അവശേഷിക്കുന്നുണ്ടോ അത് കണക്കുകൂട്ടി അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.
-   ഒരാളുടെ കയ്യില്‍ നിസ്വാബ് ഇല്ലെങ്കില്‍ നിസ്വാബ് തികയുന്നത് മുതല്‍ ആണ് ആ വാടകയുടെ ഹൗല്‍ ആരംഭിക്കുന്നത്. ഹൗല്‍ തികയുമ്പോള്‍ തന്‍റെ കൈവശം എത്രയുണ്ടോ അതിന്‍റെ 2.5% കൊടുക്കുക.
ഉദാ: ഒരാളുടെ കൈവശം യാതൊരു പണവുമില്ല. അയാള്‍ക്ക് വാടക ഇനത്തില്‍ മാസാമാസം നാലായിരം രൂപ ലഭിക്കുന്നു. അവ ചേര്‍ത്ത് വച്ച ശേഷം എപ്പോഴാണോ അയാളുടെ കയ്യില്‍ 595 ഗ്രാം വെള്ളിക്ക് തുല്യമായ പണം സ്വരൂപിക്കപ്പെടുന്നത് അപ്പോള്‍ അയാളുടെ ഹൗല്‍ ആരംഭിക്കുന്നു. ഒരു ഹിജ്റ വര്‍ഷക്കാലം തികയുമ്പോള്‍ എത്രയാണോ അയാളുടെ കൈവശം ഉള്ളത് അതിന്‍റെ രണ്ടര ശതമാനം സകാത്തായി നല്‍കുന്നു.
എന്നാല്‍ ഹൗല്‍ തികയുന്നതിനു മുന്‍പായി ചിലവായിപ്പോകുന്ന പണത്തിന് സകാത്ത് ബാധകമല്ല. അതുപോലെ ഹൗല്‍ പൂര്‍ത്തിയാകുന്നതിനു നിസ്വാബില്‍ നിന്നും കുറവ് വന്നാല്‍ ഹൗല്‍ മുറിയും. പിന്നീട് എപ്പോഴാണോ വീണ്ടും നിസ്വാബ് എത്തുന്നത് അപ്പോള്‍ ഹൗല്‍ പുനരാരംഭിക്കുകയാണ് ചെയ്യുക.

വാടകയുടെ സകാത്തായി
2.5% മാണ് നല്‍കേണ്ടത് എന്നതാണ് ശൈഖ് ഇബ്നു ഉസൈമീന്‍ (റഹി) യും, ശൈഖ് ഇബ്നു ബാസ് (റഹി), ശൈഖ് സ്വാലിഹ് അല്‍ ഫൗസാന്‍ ഹഫിദഹുല്ലയും സൗദി അറേബ്യയിലെ ഉന്നത പണ്ഡിതസഭയുമെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാണയത്തിന്റെ സകാത്താണ് ഇതിനും ബാധകം. വാടകയുടെ സകാത്ത് എന്ന് പ്രത്യേകം ഒരു കണക്ക് പ്രമാണങ്ങളില്‍ വന്നിട്ടില്ല. സ്വാഭാവികമായും സ്വഹാബത്തിന്റെ കൈവശമുള്ള സ്വര്‍ണ്ണ നാണയവും വെള്ളി നാണയവുമെല്ലാം വാടക വഴിയോ, കൂലിപ്പണി വഴിയോ, ശമ്പളം വഴിയോ, കച്ചവടം വഴിയോ ഒക്കെ ലഭിച്ചതായിരിക്കുമല്ലോ. അതില്‍ വാടകയാണെങ്കില്‍ ഇത്ര. ശമ്പളമാണെങ്കില്‍ ഇത്ര എന്നിങ്ങനെ റസൂല്‍ (സ) വേര്‍തിരിച്ചിട്ടില്ല. മറിച്ച് നാണയത്തിന്റെ സകാത്ത് നല്‍കാനാണ് പഠിപ്പിച്ചത്. അതിനാല്‍ തന്നെ വാടകക്കും സകാത്തായി നല്‍കേണ്ടത് 2.5% തന്നെയാണ്.
വാടകക്ക് പത്തു ശതമാനവും അഞ്ചു ശതമാനവും ഒക്കെ നല്‍കണം എന്ന് പറയുന്നവര്‍ അതിനെ കൃഷിയുമായി താരതമ്യം ചെയ്യുകയാണ് ചെയ്തത്. യഥാര്‍ത്ഥത്തില്‍ കൃഷിയും വാടകയും തമ്മില്‍ ബന്ധമില്ല. ഉസ്വൂലുല്‍ ഫിഖ്ഹില്‍ قياس مع الفارقഅഥവാ പരസ്പര ബന്ധമില്ലാത്തവ തമ്മിലുള്ള താരതമ്യം എന്ന ഗണത്തിലാണ് അത് പെടുക. അതിനാല്‍ തന്നെ ആ ഖിയാസ് തെളിവായി പരിഗണിക്കുകയില്ല.

ചോദ്യം: നമ്മുടെ നാട്ടില്‍ വാടകക്ക് മൈന്‍റനന്‍സ് ഉള്ളവ ആണെങ്കില്‍ പത്ത് ശതമാനവും(10%), ഇല്ലയെങ്കില്‍ അഞ്ചു ശതമാനവും(5%) ഇനി രണ്ടര നല്‍കുകയാണ് എങ്കില്‍ വാടകക്ക് നല്‍കുന്ന വസ്തുവിന്‍റെ മൊത്തം വിലയുംവാടകയും കണക്കാക്കി അതിന്‍റെ മൊത്തം രണ്ടര ശതമാനവും നല്‍കണം എന്ന് പലരും പറയാറുണ്ടല്ലോ അതിന് വല്ല അടിസ്ഥാനവും ഉണ്ടോ ?

ഉത്തരം: ഈ പറയുന്നതിന് യാതൊരു അടിസ്ഥാനവും ഇല്ല. പ്രാമാണികമായ ഒരു ഗ്രന്ഥങ്ങളിലും ഇതുവരെ അപ്രകാരം കാണാന്‍ സാധിച്ചിട്ടില്ല. ശൈഖുല്‍ ഇസ്‌ലാം ഇബ്നു തൈമിയ ചില തലങ്ങളില്‍ വാടകയെ കൃഷിയോട് താരതമ്യം ചെയ്തതായി പലരും ഉദ്ധരിച്ച് കണ്ടിട്ടുണ്ട്. എന്നാല്‍ ആ ഉദ്ദരണി പൂര്‍ണമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. കൂടുതല്‍ പരിശോധിക്കേണ്ടതുണ്ട്. ഏതായാലും മുകളില്‍ സൂചിപ്പിച്ച പോലെ ഇത് പരസ്പര ബന്ധമില്ലാത്ത ഖിയാസ് ആണ്.
നിങ്ങളുടെ കൈവശം ഇരുപത് സ്വര്‍ണ്ണനാണയങ്ങള്‍ ഉണ്ടെങ്കില്‍ ഹൗല്‍ പൂര്‍ത്തിയാകുമ്പോള്‍ അതില്‍ നിന്നും അര സ്വര്‍ണ്ണനാണയം സകാത്തായി നല്‍കണം എന്നതാണല്ലോ റസൂല്‍ (സ) സ്വഹാബത്തിനെ പഠിപ്പിച്ചത്. സ്വാഭാവികമായും ആ സ്വര്‍ണ്ണനാണയം അവരുടെ കയ്യില്‍ ഹലാലായ ഒരു മാര്‍ഗത്തിലൂടെ വന്നതായിരിക്കുമല്ലോ. ഒരുപക്ഷേ വാടക വഴിയോ, ശമ്പളം വഴിയോ കച്ചവടം വഴിയോ ഒക്കെ വന്നതായിരിക്കാം. പക്ഷെ ലഭിച്ച മാര്‍ഗം വ്യത്യസ്ഥപ്പെടുന്നതിനനുസരിച്ച് നല്‍കേണ്ട വിഹിതം വ്യത്യാസപ്പെടുമെന്ന് റസൂല്‍ (സ) പഠിപ്പിച്ചിട്ടില്ലാത്ത സ്ഥിതിക്ക് വാടക വഴി ലഭിച്ചതാണെങ്കില്‍ കൃഷിയെപ്പോലെ പത്തു ശതമാനമോ അഞ്ചു ശതമാനമോ ഒക്കെ നല്‍കണം എന്ന് പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ല. നാണയങ്ങള്‍ക്ക് നാണയങ്ങളുടെ സകാത്ത് തന്നെയാണ് ബാധകം. അതാകട്ടെ രണ്ടര ശതമാനമാണ്. ഇനി വാടക വസ്തുവിന്‍റെ മാര്‍ക്കറ്റ് വില കൂട്ടി രണ്ടര ശതമാനം നല്‍കണോ, അതല്ല വാടകക്ക് മാത്രം നല്‍കിയാല്‍ മതിയോ എന്നതിന് വാടകക്ക് മാത്രമാനുസകാത്ത് ബാധകം എന്നതാണ് ഉത്തരം. കാരണം ഒരാളുടെ ഉപകരണങ്ങള്‍, സ്വര്‍ണ്ണവും വെള്ളിയും ഒഴികെയുള്ള ഉപയോഗവസ്തുക്കള്‍, വില്പന ആഗ്രഹിക്കാത്ത ഉടമസ്ഥതയില്‍ നിലനില്‍ക്കുന്ന വസ്തുക്കള്‍ ഇവക്ക് സകാത്ത് ബാധകമല്ല. വാടകക്ക് നല്‍കുന്ന ആള്‍ വാടക വസ്തു വില്‍ക്കുന്നില്ലല്ലോ. അയാള്‍ അതിന്‍റെ ഉപയോഗം മാത്രമാണ് വില്‍ക്കുന്നത്. അതിനാല്‍ വരുമാനത്തിന് മാത്രമേ സകാത്ത് ബാധകമാകുന്നുള്ളൂ. നിസ്വാബ് തികയുകയും ഹൗല്‍ തികയുകയും ചെയ്‌താല്‍ രണ്ടര ശതമാനം സകാത്തായി നല്‍കണം.

അല്ലാഹു അനുഗ്രഹിക്കട്ടെ ..
____________________

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി. എൻ