Pages

Thursday, February 21, 2013

"ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിക്കൊടുക്കണം" - എന്റെ അന്ധനായ കൂട്ടുകാരന്‍ റാഷിദ്

الحمد لله والصلاة والسلام وعلى رسول الله ، وعلى آله وصحبه ومن والاه .. أما بعد؛

കുറച്ച് ദിവസങ്ങള്‍ക്ക് മുന്പ് എന്നെ ഏറെ ചിന്തിപ്പിച്ച ഒരു സംഭവം നിങ്ങള്‍ കൂടി അറിയട്ടെ എന്ന് കരുതി... രണ്ടു മൂന്ന് ദിവസമായി എഴുതണം എന്നുണ്ടായിരുന്നു.. പക്ഷെ കഴിഞ്ഞില്ല .. ഇപ്പൊ കുറച്ച് ദിവസത്തേക്ക് കോളേജ് ഒക്കെ അടച്ചതുകൊണ്ട് സ്വസ്ഥമായി എഴുതാം ...

കൃത്യമായ തിയ്യതി ഒന്നും ഓര്‍മയില്ല. ഇനിയിപ്പോ നിങ്ങള്‍ക്കിതത്ര പ്രാധാന്യമുള്ളതായി തോന്നുമോ എന്തോ !!. എങ്കിലും ഞാന്‍ പറയാം..

   പതിവുപോലെ വൈകി കോളേജിലേക്ക് ഓടും.. അന്നും പതിവ് തെറ്റിച്ചില്ല. ഒന്‍പത് മണിക്ക് തുടങ്ങുന്ന ക്ലാസിനു
8:40നാണ് ഹോസ്റ്റലില്‍ നിന്നും പുറപ്പെടുന്നത്.. യുനിവേര്‍സിറ്റി ബസില്‍ കയറി രാവിലത്തെ ട്രാഫിക്കില്‍ 15 20 മിനുട്ട് ഇരുന്നു വേണം കോളേജില്‍ എത്താന്‍.. എത്തുമ്പോള്‍ കൃത്യ സമയമായിരിക്കും. ഈ സെമസ്റ്ററില്‍ ആദ്യത്തെ വിഷയം ആര്‍ട്സ് കോളേജില്‍ കുവൈറ്റ്‌ ഹിസ്റ്ററി ആണ്.. 50 മിനുട്ട് ആണ് ഒരു ക്ലാസിന്റെ സമയം. അന്ന് ഡോ: അബ്ദുല്‍ മാലിക് അല്‍ തമീമി ഞങ്ങളെ അല്പം നേരത്തെ വിട്ടു. രണ്ടാമത്തെ വിഷയം ശരീഅ കോളേജിലാണ്. തജ്’വീദ്-ഭാഗം4  ആണ് വിഷയം.  ശരീഅ കോളേജിലേക്ക് ആര്‍ട്സ് കോളേജില്‍ നിന്നും 5 മിനുട്ട് നടക്കണം. സാധാരണ ആടിപ്പാടി നടന്നു രണ്ടാമത്തെ വിഷയത്തിനു ക്ലാസില്‍ എത്തുമ്പോഴേക്കും കറക്റ്റ് സമയമായിരിക്കും. അന്ന് കുറച്ച് വേഗത്തില്‍ നടന്നതുകൊണ്ടാവാം അല്പം നേരത്തെ ക്ലാസില്‍ എത്തി. ഒന്ന് രണ്ട് സഹപാഠികളും നേരത്തെ എത്തിയിരുന്നു. ഇത്രയും നേരം നിങ്ങളെ അതും ഇതും പറഞ്ഞു ബോറടിപ്പിചില്ലേ .. ഇനിയാണ് സംഭവം ..

    തജ്‘വീദ് വിഷയത്തില്‍ എന്റെ കൂടെ റാഷിദ് എന്ന ഒരു കൂട്ടുകാരനുണ്ട്. കണ്ണ് കാണാത്തതിനാല്‍ ഇന്ത്യക്കാരനായ ഡ്രൈവര്‍ ആണ് അവനെ ക്ലാസില്‍ കൊണ്ട് വിടാറ്. അന്നും നേരത്തെ തന്നെ ഡ്രൈവര്‍ അവനെ ക്ലാസിലെ ഫസ്റ്റ് ലൈനില്‍ കൊണ്ടുപോയി ഇരുത്തിയിരുന്നു. സാധാരണ ക്ലാസില്‍ നേരത്തെ എത്തുന്നവര്‍ വല്ലതും വായിക്കാനുണ്ടെങ്കില്‍ അതും വായിച്ചിരിക്കും. ബാക്കിയുള്ളവര്‍ നാട്ടുവര്‍ത്തമാനം പറയും. കൂടുതലായും വല്ല മതവിഷയത്തെക്കുറിച്ചോ,  കുവൈറ്റിലെ രാഷ്ട്രീയത്തെക്കുറിച്ചോ ഒക്കെ ആയിരിക്കും ചര്‍ച്ച. ഒരു പണിയും ഇല്ലാത്തവര്‍ വെറുതെ മൊബൈലില്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്നുണ്ടാവും... ആ വിഷയത്തിന്റെ പിരീഡില്‍ ഞാന്‍ ഒരാള്‍ മാത്രമേ അന്യ രാജ്യക്കാരനുള്ളൂ .. മറ്റെല്ലാവരും കുവൈറ്റികളാണ്. പക്ഷെ അത്തരത്തിലുള്ള ഒരു വിവേജനമോന്നും എനിക്ക് അനുഭവപ്പെടാറില്ല.. പതിവുപോലെ ഞങ്ങള്‍ സംസാരിച്ചിരിക്കുകയായിരുന്നു. തജ്‘വീദ്
4 എടുക്കുന്ന  ഡോ: അബ്ദുല്ലാഹ് അല്‍ അബ്ബാസ് എത്താന്‍ അല്പം വൈകുക കൂടി ചെയ്തപ്പോള്‍ സംസാരം കുറച്ച് നീണ്ടു പോയി.

സംസാരത്തിനിടക്ക് കാര്യമായും സംസാരിച്ചിരുന്നത് റാഷിദ് ആണ്. ഞങ്ങളൊക്കെ ഇരിക്കുന്നത് എവിടെയാണ് എന്ന് കൃത്യമായി കാണാന്‍ കഴിയാത്തത് കൊണ്ടാവണം അല്പം ഉറക്കെ സംസാരിക്കുന്ന പ്രകൃതമാണ് അവൻ്റേത്‌. മാത്രമല്ല കൊച്ചുകുട്ടികളെപ്പോലെ വളരെ നിഷ്കളങ്കമായുള്ള അവൻ്റെ സംസാരം എല്ലാവർക്കും വലിയ ഇഷ്ടവുമാണ്. കൂട്ട സംസാരത്തിനിടക്ക് അല്പം ഉറക്കെ റാഷിദ് ചോദിച്ചു. (എല്ലാവരുടെ ശ്രദ്ധയും അവനിലേക്കായി) : ‘ബാപ്പക്കും മോനും ഇടയില്‍
53 വയസ് പ്രായ വിത്യാസമുള്ള ആരെങ്കിലും ഇവിടെയുണ്ടോ ?!.. ആരുമില്ലായിരുന്നു .. അവന്‍ തുടര്‍ന്നു: എൻ്റെയും എൻ്റെ ബാപ്പൻ്റെയും ഇടയില്‍ 53 വയസ് പ്രായ വിത്യാസമുണ്ട്.... എന്നോട് ബാപ്പാക്ക് ഭയങ്കര ഇഷ്ടായിരുന്നു.... എനിക്ക് കാഴ്ചയില്ലാത്തത് കാരണം ബാപ്പ അങ്ങേയറ്റം ബുദ്ധിമുട്ടിയിട്ടുണ്ട്..... രണ്ടായിരത്തി ആറിലാണ് ബാപ്പ മരിച്ചത്..... –ഇടക്കിടക്ക് അവന്‍ ബാപ്പക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു-  ...എപ്പോഴും എന്നോട് ഖുര്‍ആന്‍ ഓതി പഠിക്കാന്‍ പറയാറുണ്ടായിരുന്നു ബാപ്പ..... ഇനി എനിക്ക് മരിക്കുന്നതിനു മുന്പ് ഒരൊറ്റ ആഗ്രഹമേ ഉള്ളൂ... ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം വാങ്ങിച്ചു കൊടുക്കണം.... ഞാന്‍ ഖുര്‍ആന്‍ മുഴുവന്‍ മനപ്പാഠമാക്കിയാല്‍ ബാപ്പക്ക് സ്വര്‍ഗത്തില്‍ ഒരു കിരീടം കിട്ടുമെന്ന് പ്രവാചകന്‍ പറഞ്ഞിട്ടില്ലേ...!!! ഇപ്പൊ ഏതാണ്ട് 17 ജുസ്അ് പഠിച്ചു.... ഇനി കുറച്ച് കൂടി പഠിച്ചാല്‍ മതി ബാപ്പക്ക് കിരീടം കിട്ടാന്‍.... നിങ്ങളെല്ലാവരും പ്രാര്‍ഥിക്കണം.....

 വായ്‌ തോരാതെയുള്ള അവടെ സംസാരം കേട്ട് ക്ലാസില്‍ എല്ലാവരും അത്ഭുതത്തോടെ ഇരിക്കുന്നുണ്ടായിരുന്നു. ഒന്ന് രണ്ടു പേര്‍ ഉച്ചത്തില്‍ അവനു വേണ്ടി പ്രാര്‍ഥിച്ചു. ‘എത്ര നന്മ നിറഞ്ഞ ഒരു മകനാണ് ആ ബാപ്പ ജന്മം നല്‍കിയത്’ ഇതായിരുന്നു ഒരു കൂട്ടുകാരൻ്റെ പ്രതികരണം...  

എന്താണെന്നറിയില്ല ആ സംഭവം വല്ലാതെ മനസ്സില്‍ തട്ടി... കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ടെങ്കിലും നമ്മളെപ്പോലെ ഹൃദയത്തിൻ്റെ കാഴ്ച നഷ്ടപ്പെട്ടവനല്ല റാഷിദ് എന്ന് അന്നു മനസിലായി.. ഒപ്പം ബാപ്പക്ക് സ്വര്‍ഗത്തില്‍ കിരീടം വാങ്ങിക്കൊടുക്കാനുള്ള അതിയായ ആഗ്രഹത്തോടെ വിശുദ്ധ ഖുര്‍ആന്‍ മനപ്പാഠമാക്കുന്ന ഒരു മകനെ കണ്ട അനുഭൂതിയും.... ഇരു കണ്ണുകളുമുണ്ടായിട്ടും നമ്മളൊക്കെ ............. അല്ലാഹുവേ നീ പൊറുക്കണേ ...    

അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ് പി.എൻ

Wednesday, February 6, 2013

മാതാപിതാക്കളുടെ കടമ ...

ഒരു കുട്ടിക്ക് പ്രായപൂര്‍ത്തി എത്തിയാല്‍ അവന്റെ ഓരോ കര്‍മങ്ങള്‍ക്കും അവന്‍ ഉത്തരവാദിയായിത്തീരുന്നു.  പക്ഷെ ഒരിക്കലും തന്നെ അത് മാതാപിതാക്കളുടെ തുടര്‍ന്നുള്ള ഉത്തരവാദിത്തങ്ങളെ ഇല്ലാതാക്കുന്നില്ല.

www.fiqhussunna.com

 പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാലും  കുട്ടികള്‍ക്ക് വേണ്ട ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കി നന്മയിലേക്ക് അവരെ വഴി നടത്തേണ്ടതും തിന്മയില്‍ നിന്നും അവരെ തടയേണ്ടതും മാതാപിതാക്കളുടെ കടമ തന്നെയാണ്. 

قال رسول الله صلى الله عليه وسلم :" ما من عبد يسترعيه الله رعية يموت يوم يموت وهو غاش لرعيته إلا حرم الله عليه الجنة

പ്രവാചകന്‍(സ) പറഞ്ഞു: " അല്ലാഹു ഏതെങ്കിലും ഒരു അടിമയെ വല്ലവരുടെയും മേല്‍നോട്ടം വഹിക്കുക എന്ന ഉത്തരവാദിത്തം ഏല്പിച്ചാല്‍ ആ ഉത്തരവാദിത്തം നിറവേറ്റാതെ തന്റെ കീഴിലുള്ളവരെ വഞ്ചിക്കുന്നവനായിക്കൊണ്ട് അവന്‍ മരണപ്പെടുന്ന പക്ഷം, അല്ലാഹു അവന്റെ മേല്‍ സ്വര്‍ഗത്തെ നിഷിദ്ധമാക്കും" [ബുഖാരി, മുസ്'ലിം].

 ആ ഉത്തരവാദിത്തത്തില്‍ പെട്ടതാണ് തിന്മയിലേക്ക് നയിക്കുന്ന ഒന്നും ഒരു രക്ഷിതാവ് വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരിക്കുക എന്നുള്ളത്. ഇനി മക്കള്‍ അത്തരത്തിലുള്ള വല്ലതും വീട്ടില്‍ കൊണ്ട് വന്നാല്‍ അത് എടുത്തു മാറ്റേണ്ടതും രക്ഷിതാവിന്റെ ബാധ്യതയാണ്. തന്റെ മക്കള്‍ നന്നാവട്ടെ എന്ന തന്റെ ലക്ഷ്യത്തിലേക്ക് എത്താന്‍ ഏറ്റവും യുക്തിപൂര്‍വമായ രീതിയാണ് രക്ഷിതാവ് സ്വീകരിക്കേണ്ടത്. അത് ചിലപ്പോള്‍ വളരെ സൌമ്യതയോടെയും സ്നേഹത്തോടെയും ആയിരിക്കും, ചിലപ്പോള്‍ അല്പം ഗൌരവത്തോടെയും താക്കീതോടെയും ആയിരിക്കും.