Sunday, April 14, 2019

ഉമരി, അബ്ദുൽ ജബ്ബാർ മൗലവി... എന്നെ അത്ഭുതപ്പെടുത്തിയ രണ്ടു വ്യക്തിത്വങ്ങൾ



إنا لله وإنا إليه راجعون....

ഉമരിക്ക് ശേഷം വീണ്ടും ഒരു പണ്ഡിതശ്രേഷ്ഠൻ കൂടി നമ്മോടു വിടപറഞ്ഞു.... പാണ്ഡിത്യം, വിനയം, മതപരമായ മേഖലകളിൽ പഠിക്കുന്നവരോട് കാണിക്കുന്ന കരുതലും സ്നേഹവും എന്നിങ്ങനെ ഒരുപാട് കാര്യങ്ങളിൽ അവരിരുവർക്കും സമാനതകളുമേറെയാണ്...

അഗാധ പാണ്ഡിത്യത്തിലും താഴ്മയും എളിമയും കാത്തുസൂക്ഷിച്ച വ്യക്തിത്വങ്ങൾ അല്ലാഹുവെ ഉമരിക്കും അബ്ദുൽ ജബ്ബാർ മൗലവിക്കും നീ സ്വർഗത്തിലെ ഉന്നതമായ സ്ഥാനം നൽകി ഉയർത്തേണമേ... ...

അവരുടെ വിയോഗം കൊണ്ട് ഈ ഉമ്മത്തിനുണ്ടായ കുറവ് നീ അതിനേക്കാൾ ഉത്തമമായത് നൽകി പരിഹരിക്കേണമേ...

ഉമരിയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും അദ്ദേഹം കുവൈറ്റ് സന്ദർശിച്ച വേളയിലായിരുന്നു. അന്ന് മഅഹദുദ്ദീനിൽ വിദ്യാർത്ഥിയായിരുന്ന സമയത്ത് ഉപ്പയുടെ കൂടെ അദ്ദേഹം കാണാൻ വന്നതും ഖുർത്തുബയിലെ ഉജൈരി പള്ളിയുടെ പാർക്കിങ്ങിൽ വെച്ച് ആദ്യമായി കണ്ടതും ഇന്നും മായാതെ മനസിലുണ്ട്. അന്നെനിക്കേകദേശം പതിനാലു വയസായിരുന്നു. കെ എം മൗലവിയുടെ മകൻ, പണ്ഡിതൻ, ഇൽമ് കൊണ്ട് അറബ് ലോകത്ത് പോലും പ്രസിദ്ധനായ ശൈഖ് അബ്ദുസ്സമദ് കാത്തിബിന്റെ സഹോദരൻ എന്നിങ്ങനെ വിശേഷണങ്ങളേറെയാണ്. പിന്നീട് വിവാഹ ബന്ധത്തിലൂടെ കുടുംബ ബന്ധം കൂടിയായപ്പോൾ, കഴിയുന്നതും നാട്ടിൽ പോകുമ്പോൾ അദ്ദേഹത്തെ ചെന്ന് കാണാറുണ്ടായിരുന്നു... 

''അബ്ദുറഹ്‌മാനല്ലേ... എന്താ ബാപ്പാന്റെ വർത്താനം...'' വലിയ ഇടവേളയ്ക്ക് ശേഷം കാണുമ്പോഴും കൂടുതലും  അദ്ദേഹം തിരിച്ചറിയാറുണ്ട്. ഒപ്പം പിച്ചമ്മായിയുടെ നുറുങ്ങ് തമാശകളും..

ജബ്ബാർ മൗലവിയാകട്ടെ വാർദ്ധക്യത്തിന്റെ പ്രയാസത്തിലും അറിവ് പകർന്നുകൊടുക്കുന്നതിൽ കർമ്മനിരതനായി. ജാമിഅ അൽ ഹിന്ദിൽ നിന്നും ആരുടെയെങ്കിലും ബൈക്കിന്റെ പിറകിലോ കാറിലോ കേറി വീട്ടിൽ പോകാറാണ് പതിവ്. പലപ്പോഴും ആ സൗഭാഗ്യം എനിക്കും കിട്ടിയിട്ടുണ്ട്... ഒരിക്കെ എന്റെ പിന്നിൽ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ '' ഹനഫീ മദ്ഹബിലെ മുഅതമദായ (ആധികാരികമായ) ഗ്രന്ഥങ്ങൾ ഏതൊക്കെയാണ് എന്ന് ചോദിച്ചു. അറിയാൻ വേണ്ടിയല്ല എനിക്കുള്ള പരീക്ഷ യാണ്  എന്നറിയാമായിരുന്നു.  കുറച്ച് ഗ്രന്ഥങ്ങൾ പറഞ്ഞപ്പോൾ ഓരോ ഗ്രന്ഥത്തിന്റെയും പ്രത്യേകതകളെപ്പറ്റി അദ്ദേഹം വാചാലനായി. മറ്റൊരിക്കെ കൊണ്ടുചെന്നാക്കി തിരിച്ചുപോകാനൊരുങ്ങിയപ്പോൾ ചായകുടിച്ചിട്ട് പോയാമതി എന്നൊരേ നിർബന്ധം. അന്നാണ് മൗലവിയുടെ വീട്ടിൽ ആദ്യമായി പോയത്.

ഇൽമിയായ ചർച്ചകളിൽ അദ്ദേഹം കാണിക്കുന്ന അവധാനതയും മറ്റുള്ളവരെ കേൾക്കാനുള്ള സന്മനസ്സും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പെരിന്തല്മണ്ണയിൽവെച്ച് സകാത്തിന്റെ വിഷയത്തിൽ വിശദമായ ചർച്ച നടന്ന വേളയിൽ (സ്വർണത്തിന്റെ നിസ്വാബിനെക്കുറിച്ചായിരുന്നു ചർച്ച). വാദവും മറുവാദവും പ്രമാണങ്ങളുമായി ചർച്ച പുരോഗമിക്കുമ്പോൾ നിശബ്ദനായി ഇരുന്ന അദ്ദേഹം ചർച്ചയുടെ ഓരോ ഘട്ടത്തിലും എന്താണ് ഓരോരുത്തരും പറയുന്നത് എന്ന് പ്രത്യേകം ചോദിച്ച്‌ മനസ്സിലാക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടായിരുന്നു... ആദ്യമായി അദ്ദേഹത്തോട് ഒരുമിച്ചിരിക്കുകയും എന്നെ ഏറെ അത്ഭുതപ്പെടുത്തുകയും ചെയ്ത സന്ദർഭമായിരുന്നു അത്.

തൗഹീദി പ്രബോധന രംഗത്ത് നിസ്വാർത്ഥമായ പ്രവർത്തനം കാഴ്ചവെച്ചു ഈ പണ്ഡിതന്മാർ  മടങ്ങുമ്പോൾ നമുക്കൊരുപാട് പാഠങ്ങൾ ബാക്കി..
നമ്മുടെ വേണ്ടപ്പെട്ടവരുടെ മരണവാർത്ത എത്തുമ്പോൾ നബി (സ) അബൂ സലമക്ക് വേണ്ടി പ്രാർത്ഥിച്ചപോലെ പ്രാർത്ഥിക്കുക:

اللهم اغفر لمحي الدين عمري وعبد الجبار مولوي ، وارفع درجتهم في المهديين ، واخلفهم في عقبهم في الغابرين ، واغفر لنا ولهم يا رب العالمين ، وافسح لهم في قبرهم ونور لهم فيه ..

"അല്ലാഹുവേ,  മുഹിയുദ്ദീൻ ഉമരിക്കും അബ്ദുൽജബ്ബാർ മൗലവിക്കും നീ പൊറുത്ത് കൊടുക്കണേ. സന്മാർഗദർശികളിൽ അവരുടെ സ്ഥാനം നീ ഉയർത്തേണമേ. അവരുടെ (സൽപ്രവർത്തനങ്ങൾ, സത്സന്താനങ്ങൾ) നന്മയായി ബാക്കിയാക്കേണമേ. ഞങ്ങൾക്കും അവർക്കും നീ പൊറുത്ത് തരേണമേ. അവരുടെ ഖബർ വിശാലമാക്കിക്കൊടുക്കുകയും പ്രകാശപൂരിതമാക്കുകയും ചെയ്യേണമേ".
_______________

വിധിയെ തടുക്കാൻ നമുക്കാവില്ല. ആത്മാർത്ഥമായ പ്രാർത്ഥനയാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും വലിയ കാര്യം.
അല്ലാഹു നമ്മെയെല്ലാം സ്വർഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ.